ഇടനെഞ്ച് പൊട്ടി നാട്... രണ്ട് വയസ്സുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞു; എന്തിന് എന്നതിന് ഉത്തരമില്ല; ചോദ്യം ചെയ്യല്‍ തുടരുന്നു

ഹൃദയം നടുങ്ങുന്ന കാഴ്ചയാണ് തിരുവനന്തപുരം ബാലരാമപുരത്ത് നിന്നും വരുന്നത്. രണ്ട് വയസ്സുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞത് അമ്മാവന് ഹരികുമാറെന്ന് പൊലീസ്. എന്തിന് വേണ്ടിയായിരുന്നു ക്രൂരകൃത്യമെന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന മാതൃസഹോദരന്‍ അറസ്റ്റില്‍. കോട്ടുകാല്‍ക്കോണം വാറുവിളാകത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജന് ഹരികുമാറിനെയാണ് (25) ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
സഹോദരിയോടുള്ള അമിതമായ അടുപ്പം കാരണം ഭര്‍ത്താവിനെ എന്നേക്കുമായി ഒഴിവാക്കാന്‍ പദ്ധതിയിട്ട് നടപ്പാക്കിയതാണ് അരും കൊലയെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിന് വ്യക്തമായി. കൃത്യം സഹോദരീ ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാനും ശ്രമിച്ചു. പിടിക്കപ്പെട്ടാല്‍ മാനസിക പ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കൊലയാളി നടത്തിയ ശ്രമങ്ങളും പൊലീസ് പൊളിച്ചു. തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്താണ് സമാനതകളില്ലാത്ത അതിക്രൂരത അരങ്ങേറിയത്.
ചോദ്യം ചെയ്യലിനുശേഷം ശ്രീതു, ഭര്‍ത്താവ് ശ്രീജിത്ത്, ശ്രീതുവിന്റെ അമ്മ ശ്രീകല (രാഗിണി) എന്നിവരെ പൊലീസ് വിട്ടയച്ചു. വീട്ടിലുണ്ടാകാവുന്ന സംഘര്‍ഷം മുന്നില്‍ക്കണ്ട് ശ്രീതുവിനെ മഹിളാമന്ദിരത്തിലേക്കു മാറ്റി. ഹരികുമാറിന്റെയും ശ്രീതുവിന്റെയും പെരുമാറ്റവും മൊഴികളിലെ വൈരുദ്ധ്യവും തിരിച്ചറിഞ്ഞ പൊലീസ് ഇരുവരുടെയും വാട്സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതാണ് വഴിത്തിരിവായത്. എന്നാല്‍ കൊലപാതകത്തെ കുറിച്ച് ശ്രീതുവിന് അറിയിവില്ലെന്നാണ് പൊലീസിന്റെ നിഗമനം. എന്തെങ്കിലും പങ്കുണ്ടെങ്കില്‍ ശ്രീതുവിനെയും പ്രതിയാക്കാനുള്ള പരിശോധനകളാണ് പൊലീസ് നടത്തുന്നത്.
ശ്രീതുവിന്റെ അച്ഛന് മരിച്ചതിന്റെ 16-ാംദിവസമായിരുന്നു ഇന്നലെ. അതില്‍ പങ്കെടുക്കാനാണ് ശ്രീജിത്ത് തലേദിവസം അവിടെയെത്തിയത്. ഈ തക്കം നോക്കി കൊലനടത്തുകയായിരുന്നു ഹരികുമാറിന്റെ ലക്ഷ്യം. കൊറ്റാമം സ്വദേശിയാണ് ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്ത്. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ ജീവനക്കാരനായ ഇയാള്‍ അഞ്ചുവര്‍ഷത്തോളമായി ശ്രീതുവുമായി ഒരുമിച്ചല്ല താമസം. ശ്രീതു മക്കളായ പാര്‍വണേന്ദു, ദേവേന്ദു, അച്ഛന് ഉദയകുമാര്‍, അമ്മ ശ്രീകല, അനുജന് ഹരികുമാര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു താമസം. ശ്രീജിത്ത് അയാളുടെ വീട്ടിലും. ഇടയ്ക്കിടെ അവിടെ വരുമായിരുന്നു.
ഇന്നലെ രാവിലെ അഞ്ചരയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് ശ്രീതു വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ചത്. പിന്നാലെ നാട്ടുകാരും പൊലീസും അന്വേഷണം തുടങ്ങി. ഇതിനിടെ സ്ഥലത്തെത്തിയ ഡിവൈ.എസ്.പി ഷാജി വീട്ടുമുറ്റത്തെ കിണര്‍ പരിശോധിക്കാന്‍ ഫയര്‍ഫോഴ്സിനെ വരുത്തി. പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി അച്ഛനോടൊപ്പമാണ് കിടന്നതെന്ന് അമ്മാവനും അമ്മാവനൊപ്പമെന്ന് അമ്മയും പറഞ്ഞു.
എന്നാല്‍ കുട്ടി അമ്മയ്ക്കൊപ്പമായിരുന്നുവെന്ന് അച്ഛന് ശ്രീജിത്ത് മൊഴിനല്‍കി. ഇതാണ് ശരിയെന്നും, പുലര്‍ച്ചെ എല്ലാവരും ഉറങ്ങിക്കിടക്കെ ആരുമറിയാതെ കുഞ്ഞിനെ അമ്മയുടെ അടുത്തുനിന്ന് ഹരികുമാര്‍ എടുത്തുകൊണ്ടു പോയതാണെന്നും കണ്ടെത്തി. ദേവേന്ദുവിന്റേത് ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞുള്ള മുങ്ങി മരണമാണെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതി കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്ന് വ്യക്തമായി.
ഇന്നലെ രാവിലെ ഹരികുമാറിന്റെ കട്ടിലിന്റെ കിടക്കയ്ക്ക് തീപിടിച്ചിരുന്നു. ഇത് പ്രതി ബോധപൂര്‍വം ചെയ്തതാണെന്നും പൊലീസ് കണ്ടെത്തി. കൂടാതെ വീടിന്റെ പിറകിലുള്ള ഷെഡിലെ കനംകുറഞ്ഞ കമ്പിയില്‍ മൂന്നു കയറുകള്‍ കുരുക്കിട്ട നിലയിലും കണ്ടെത്തി. ഇതും ഹരികുമാറിന്റെ കുബുദ്ധിയായിരുന്നു.
തുടക്കം മുതല്‍ കൊലപാതകമെന്ന സംശയത്തിലുറച്ചാണ് പൊലീസ് നീങ്ങിയത്. പ്രാഥമിക മൊഴികളില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞതോടെ അമ്മ ശ്രീതുവിനെയും അച്ഛന് ശ്രീജിതിനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരന് ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തു.
വേവ്വേറേയിരുത്തിയുള്ള ചോദ്യം ചെയ്യലിലും മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തി. പലവട്ടം പൊലീസിനെ വട്ടം കറക്കി ഒടുവിലായിരുന്നു അമ്മാവന് ഹരികുമാറിന്റെ കുറ്റ സമ്മതം. കുഞ്ഞിനെ കൊന്നെന്ന് സമ്മതിക്കുമ്പോളും എന്തിനെന്ന ചോദ്യത്തിന് ഉത്തരം ഇല്ല. അന്വേഷിച്ച് കണ്ട് പിടിക്കാന്‍ ഹരികുമാര്‍ പൊലിസിനെ വെല്ലുവിളിച്ചു. അമ്മ ശ്രീതുവും സഹോദരന് ഹരികുമാറും തമ്മിലെ വാട്സാപ്പ് ചാറ്റടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























