ഒയാസിസ് കമ്പനി എലപ്പുള്ളിയിൽ തുടങ്ങാനിരിക്കുന്ന ബ്രൂവറി കേരള സർക്കാർ വേണ്ടെന്ന് വച്ചേക്കും...മുഖ്യമന്ത്രിക്ക് ഏറെ വേണ്ടപ്പെട്ട ഒരാൾ വിവാദത്തിലേക്ക് വരുമെന്ന് മനസിലാക്കിയാണ്, സർക്കാർ പതിയെ പിൻവാങ്ങുന്നത്...

ഒയാസിസ് കമ്പനി എലപ്പുള്ളിയിൽ തുടങ്ങാനിരിക്കുന്ന ബ്രൂവറി കേരള സർക്കാർ വേണ്ടെന്ന് വച്ചേക്കും. മുഖ്യമന്ത്രിക്ക് ഏറെ വേണ്ടപ്പെട്ട ഒരാൾ വിവാദത്തിലേക്ക് വരുമെന്ന് മനസിലാക്കിയാണ് സർക്കാർ പതിയെ പിൻവാങ്ങുന്നത്. ജനവികാരം മാനിച്ച് പിൻമാറുന്നുവെന്നായിരിക്കും സർക്കാർ അറിയിക്കുക. പ്രതിപക്ഷത്തിന്റെ നീക്കം തനിക്ക് നേരെയാണെന്ന് മനസിലാക്കിയ മുഖ്യമന്ത്രി ശരിക്കും ഭയപ്പെട്ടു. പാലക്കാട് ബ്രൂവറി അഴിമതിയിൽ മുൻആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയുടെ പേര് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരസ്യമാക്കിയതോടെയാണ് മുഖ്യമന്ത്രി പ്രതിസന്ധിയിലായത്.
കവിതക്ക് മുഖ്യമന്ത്രിയുടെ ഉറ്റവരുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് കോൺഗ്രസ്സ് നേതാക്കൾ പറയുന്നത്. പുതിയ മദ്യനയം വരുന്നതിനു മുന്‍പ് ഒയാസിസ് കമ്പനി പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയെന്നും അവർക്കു വേണ്ടിയാണു മദ്യനയം മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഒരു വകുപ്പുകളുമായും ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മാത്രം അറിഞ്ഞാണു കമ്പനിക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ആ ആരോപണം തെളിയിക്കാനാണു മന്ത്രിസഭാ കുറിപ്പ് ഹാജരാക്കിയത്. അതിനേക്കാള്‍ വലിയ എന്ത് തെളിവാണുള്ളത്? അത് വ്യാജരേഖയാണെന്നു മന്ത്രി പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു.
2023ല്‍ മദ്യനയം മാറിയതിന്റെ അടിസ്ഥാനത്തിലാണു കമ്പനിക്ക് അനുമതി നല്‍കിയതെന്നും മദ്യനയം മാറിയത് ആരും അറിഞ്ഞില്ലെന്നു പ്രതിപക്ഷം പറഞ്ഞെന്നുമാണു മന്ത്രി പറഞ്ഞത്. മാറിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ മദ്യശാല അനുവദിക്കുന്ന കാര്യം ആരും അറിഞ്ഞില്ലെന്നാണു പ്രതിപക്ഷം പറഞ്ഞത്. കേരളത്തിലെയും പാലക്കാട്ടെയും ഡിസ്റ്റിലറികള്‍ അറിയാത്ത കാര്യമാണു മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസിസ് അറിഞ്ഞത്. മദ്യനയം മാറുന്നതിന് മുന്‍പേ ഒയാസിസ് കമ്പനി എലപ്പുള്ളി പഞ്ചായത്തില്‍ സ്ഥലം വാങ്ങിയല്ലോ. മദ്യനയം മാറുമെന്ന് അവര്‍ നേരത്തേ എങ്ങനെ അറിഞ്ഞു?
അപ്പോള്‍ ഒയാസിസ് കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റി അവര്‍ക്കു മദ്യനിര്‍മാണ ശാല പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഇവിടെയാണ് കവിതയുടെ റോൾ.ഡല്‍ഹി മദ്യനയ കേസിലും പഞ്ചാബില്‍ ഭൂഗര്‍ഭ ജലം മലിനപ്പെടുത്തിയ കേസിലും പ്രതിയാണ് ഈ കമ്പനി. ആ കമ്പനിയെയാണ് സര്‍ക്കാര്‍ ഉത്തരവിലും മന്ത്രിയും പ്രകീര്‍ത്തിക്കുന്നത്. കമ്പനിയുടെ വക്താവിനെ പോലെയാണു മന്ത്രിയുടെ സംസാരം. കമ്പനി ഇതുവരെ വിശദീകരണവുമായി രംഗത്തു വന്നിട്ടില്ല. ഡല്‍ഹി മദ്യനയ കേസില്‍ ഈ കമ്പനിക്ക് പുറമെ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ (കെസിആർ) മകള്‍ കവിതയും പ്രതിയാണ്. ഇതേ കവിത കേരളത്തിലും വന്നിട്ടുണ്ടല്ലോ? എവിടെയാണ് അവര്‍ താമസിച്ചത്? ഒയാസിസ് മദ്യക്കമ്പനിക്കു വേണ്ടിയാണ് കവിത കേരളത്തില്‍ വന്നതും സര്‍ക്കാരുമായി സംസാരിച്ചതും.
ഇതിൽ സർക്കാർ എന്ന് സതീശൻ ഉദ്ദേശിച്ചത് മുഖ്യമന്ത്രിയെയാണ്. മുഖ്യമന്ത്രിക്ക് ഏറെ വേണ്ടപ്പെട്ട ഒരാളുമായി കവിത ചർച്ചകൾ നടത്തിയെന്നാണ് ആരോപണം. 2018ല്‍ ഒന്നാം പിണറായി സര്‍ക്കാരിനെ അഴിമതി ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്രൂവറി വിവാദത്തിന്റെ തുടർച്ചയാണ് പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനത്തോടെ ഉയര്‍ന്നുവന്നിരിക്കുന്നത്. രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന്, ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ നടപടി സ്വീകരിച്ചതില്‍ ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്.
എന്നാല്‍ 2018ല്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാതെയായിരുന്നു അനുമതി നൽകിയതെങ്കിൽ ഇക്കുറി മദ്യനയത്തിനനുസരിച്ചു മന്ത്രിസഭായോഗം ചര്‍ച്ച ചെയ്താണു മദ്യനിര്‍മാണശാലയ്ക്ക് അനുമതിs നല്‍കിയിരിക്കുന്നതെന്നാണു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടതുമന്ത്രിസഭ എന്ത് തീരുമാനം എടുക്കണമെങ്കിലും മുന്നണിയിൽ ചർച്ച ചെയ്യണമെന്നാണ് ചട്ടം. അപ്രകാരമൊരു ചർച്ച നടന്നിട്ടില്ല. മന്ത്രിസഭയിൽ ഇക്കാര്യം ചർമ്മക്ക് വന്നപ്പോൾ മന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ളവർ ഈ നീക്കത്തെ എതിർത്തതാണ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പ്രാരംഭാനുമതി നല്‍കിയിരിക്കുന്നത്.
ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നു സര്‍ക്കാര്‍ പറയണമെന്നുമാണു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്തിന്റെ ആവശ്യം സി പി ഐ യും ഏറ്റെടുത്തു എന്നതാണ് ഇക്കുറിയുണ്ടായ ഏറ്റവും വലിയ നേട്ടം. സംസ്ഥാനത്ത് കൂടുതല്‍ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നു 1999ല്‍ നായനാര്‍ മന്ത്രിസഭ തീരുമാനമെടുത്തതിനു ശേഷം കഴിഞ്ഞ 26 വര്‍ഷമായി ഈ നിലപാടു തന്നെയാണു തുടര്‍ന്നു പോന്നിരുന്നത്. എന്നാല്‍ 2018ല്‍ ഇതു മറികടന്നു മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ ഒരു ബ്രൂവറിയും രണ്ട് ബ്ലെന്റിങ് യൂണിറ്റുകളും ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതു വിവാദത്തിനിടയാക്കി. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു കരാര്‍ റദ്ദാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയായിരുന്നു.
പ്രളയകാലത്ത് അനാവശ്യ വിവാദം ഒഴിവാക്കാനാണു കരാര്‍ റദ്ദാക്കിയതെന്ന വിചിത്രവാദമാണ് അന്നു മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തതില്‍ സിപിഐ മന്ത്രിമാരും എതിര്‍പ്പു രേഖപ്പെടുത്തിയിരുന്നു. ഇക്കുറി ഇത് മുന്നണിയായി മാറിയെന്ന് മാത്രം. തന്റെ മണ്ഡലത്തില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളോടു വി.എസ്. അച്യുതാനന്ദനും അന്ന് പ്രതിഷേധം അറിയിച്ചിരുന്നു. ഇന്നത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ ആയിരുന്നു അന്ന് എക്‌സൈസ് മന്ത്രി. അതേസമയം പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍നിന്നു പിന്നോട്ടുപോകില്ലെന്ന് അന്നു തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും അനുമതി നല്‍കാനുള്ള തീരുമാനം വിവാദമായതിനു പിന്നില്‍ ചില ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ബ്രൂവറി ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ (2018 ഭേദഗതി) സെക്ഷന്‍ 17 എ(1) പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കത്തു നല്‍കിയെങ്കിലും ഗവര്‍ണായിരുന്ന പി.സദാശിവം അതു തള്ളിക്കളയുകയായിരുന്നു. എന്നാൽ ഇതെല്ലാം കണ്ട് അന്നത്തെ സർക്കാർ ഭയന്നു.അന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്നിരുന്നു. കോൺഗ്രസ് ബന്ധമുള്ള ചെന്നൈ സ്വദേശിയായ ഒരു മദ്യവ്യാപാരിക്ക് മുഖ്യമന്ത്രി നേരിട്ട് നൽകിയ സഹായം കാരണമാണ് ഡിസ്റ്റിലറി, ബ്രുവറി ഇടപാടുകൾ സർക്കാരിന് അന്ന് മരവിപ്പിക്കേണ്ടി വന്നത്. അന്ന് മുഖ്യമന്ത്രിക്കെതിരെ സി പി എമ്മിൽ കലഹം നടന്നിരുന്നു.
പാർട്ടിയോട് ആലോചിക്കാതെ തീരുമാനം എടുത്തെന്നായിരുന്നു ആരോപണം. അന്വേഷണം എക്സൈസ് മന്ത്രിയിലെത്തുമെങ്കിലും അനുമതി നൽകിയത് മുഖ്യമന്ത്രിയാണെന്ന് സി പി എം മനസിലാക്കി. പാർട്ടിയും മുഖ്യനും അറിയാതെ ഡിസ്റ്റിലറിക്ക് ഒറ്റയ്ക്ക് അനുമതി നൽകാനുള്ള ആത്മബലമൊന്നും അന്ന് എക്സൈസ് മന്ത്രിയായിരുന്ന L-റ്റി പി രാമകൃഷ്ണനില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. . അന്ന് കുറ്റമെല്ലാമേറ്റ് റ്റി പിക്ക് പുറത്തു പോകേണ്ട സാഹചര്യവും വന്നുചേർന്നു. മന്ത്രിയുടെ സ്റ്റാഫിലെ ഒരാൾക്കെതിരെ പ്രമുഖപത്രം വാർത്ത നൽകി. സ്റ്റാഫ് വിചാരിച്ചാൽ സിസ്റ്റിലറി നൽകാൻ കേരളം ഭരിക്കുന്നത് കോൺഗ്രസല്ലല്ലോ.സി പി എമ്മിന്റെ ഉന്നത നേതാവ് ചെന്നൈയിൽ ചെല്ലുമ്പോൾ താമസിക്കുന്നത് മദ്യ വ്യാപാരിയുടെ വീട്ടിലാണ്.
തന്റെ ഭാര്യയുടെ ചികിത്സാ സംബന്ധമായ കാര്യങ്ങൾ ചെന്നൈയിൽ നടക്കുമ്പോൾ അക്കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മദ്യ വ്യാപാരിയും അദ്ദേഹത്തിന്റെ സ്റ്റാഫുമായിരുന്നു. വലിയ ബന്ധമാണ് നേതാവിന് മദ്യ വ്യാപാരിമായുള്ളത്. ഡിസ്റ്റിലറി ഇനത്തിൽ ഇതേ നേതാവിന് മദ്യ വ്യാപാരി കോടികൾ കോഴ കൊടുത്തിട്ടുണ്ടെന്ന കാര്യം ചെന്നിത്തലക്കറിയാമായിരുന്നു. . കേരളത്തിൽ നിന്ന് കേന്ദ്ര മന്ത്രിയായ ഒരു ഉന്നതന്റെ അടുത്ത ബന്ധുവാണ് ചേർത്തല സ്വദേശിയായ മദ്യ വ്യാപാരി. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന കാലത്തും അദ്ദേഹം ധാരാളം നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ഇടതുപക്ഷം അധികാരത്തിൽ വരുമ്പോൾ സുപ്രധാന തസ്തികയിലിരിക്കുന്ന നേതാവാണ് അദ്ദേഹത്തെ സഹായിക്കാറുള്ളത്.
നേതാവും മദ്യ കച്ചവടക്കാരനുമായുള്ള ബന്ധം സി പി എമ്മിൽ കുപ്രസിദ്ധമാണ്.അന്ന് മുഖ്യമന്ത്രിയെ സി പി എം കൈവിട്ടതാണ് കരാർ റദ്ദാക്കാനുള്ള പ്രധാന കാരണം. കാനം രാജേന്ദ്രൻ ഇക്കാര്യം തുറന്നു പറഞ്ഞു. വിവാദം ഒരു പാഠമാണെന്നാണ് കാനം പറഞ്ഞത്. അത് മുഖ്യമന്ത്രിയെ ചൂണ്ടിയാണ് പറഞ്ഞതെന്ന് വ്യക്തം. ഇപ്പോൾ എം.ബി, രാജേഷ് അനുഭവിക്കുന്നതു പോലൊരു പ്രതിസന്ധിയാണ് അന്ന് ടി.പി, രാമകൃഷ്ണൻ അനുഭവിച്ചത്. അന്ന് പാർട്ടിയിൽ നിന്നും ഉണ്ടായ തിരിച്ചടികൾ കാരണമാണ് ബ്രുവറി ഇടപാട് മരവിപ്പിച്ചങ്കിൽ ഇന്നത് സ്വന്തം ശരീരത്തിൽ തൊട്ടത് കൊണ്ടാണ്. സി പി എം സംസ്ഥാന കമ്മിറ്റിക്കും ബ്രൂവറി വിവാദം അനാവശ്യമാണെന്ന തോന്നലാണ് ഉള്ളത്. എന്നാൽ പാർട്ടിയും സർക്കാരും ഇലക്ഷനിലേക്ക് പോകുമ്പോൾ ഇത്തരം തീരുമാനങ്ങൾ അനിവാര്യമാണെന്ന് പാർട്ടി കരുതുന്നു. സാമ്പത്തികമാണ് പാർട്ടിക്ക് മുന്നിലുള്ള വെല്ലുവിളി.മദ്യ കമ്പനികളിൽ നിന്നാണ് പണം ഒഴുക്കാനാണ് എളുപ്പം. ഒരു വർഷം മുമ്പായിരുന്നെങ്കിൽ പാർട്ടി ഇതിനെ തുറന്ന് എതിർക്കുമായിരുന്നു.
എന്നാൽ ഇന്ന് പിണറായിയെ ധിക്കരിക്കാനുള്ള ശക്തി സി.പി.എമ്മിനില്ല. പിണറായിക്ക് മേലേ പരുന്തും പറക്കില്ല എന്ന അവസ്ഥയിലാണ് പാർട്ടി. സി.പി.ഐയുടെ എതിർപ്പ് കമ്പനി അധിക്യതർ അവരെ കാണുന്നതോടെ തീരുമെന്നാണ് സി.പി.എം കരുതുന്നത്. ഇതു വരെ സി.പി. എമ്മിനെ ഒഴിച്ച് ഘടകകക്ഷികളെ കമ്പനി കണ്ടിട്ടില്ല. അതാണ് മുറുമുറുപ്പിന് കാരണം. ഇത്തരത്തിൽ കാര്യങ്ങൾ സെറ്റായിരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്ക് മനം മാറ്റം സംഭവിച്ചിരിക്കുന്നത്. മനം മാറ്റത്തിന് പിന്നിലെ കാരണം പാർട്ടിക്ക് നന്നായറിയാം.പിണറായിയും മന്ത്രിമാരും എന്തു തന്നെ പറഞ്ഞാലും ബ്രൂവറിയിൽ അഴിമതി നടന്നുവെന്ന് തന്നെയാണ് കേരളം വിശ്വസിക്കുന്നത്. തന്റെ മകളുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിലുള്ള ആരോപണങ്ങളിൽ മുഖ്യമന്ത്രി നിരാശനാണ്. സി എം ആർ എൽ വിഷയത്തിലുണ്ടായ ആക്ഷേപങ്ങൾ ഇതു വരെ തീർന്നിട്ടില്ല. ഇനി മറ്റൊരു ആരോപണം ഏറ്റുവാങ്ങാൻ ഏതായാലും അദ്ദേഹം തയ്യാറല്ല.
https://www.facebook.com/Malayalivartha

























