ദേവേന്ദുവിന്റെ കൊലപാതകം: വിചിത്ര വിശദീകരണവുമായി ഹരികുമാര്‍

ബാലരാമപുരത്ത് രണ്ടരവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി പ്രതി ഹരികുമാര്‍. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നുവെന്നാണ് പ്രതി പൊലീസിന് നല്കിയ വിശദീകരണം. എന്നാല്‍ പ്രതി അടിക്കടി മൊഴി മാറ്റുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്.
ഹരികുമാര്‍ വിദ്യാഭ്യാസം നേടിയിട്ടില്ല. മൂന്ന് വര്‍ഷം ആലപ്പുഴ ദേവീക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നുവെന്നാണ് കണ്ടെത്തല്‍. ഹരികുമാറിനെ കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി തെളിവെടുത്തു. കുഞ്ഞിന്റെ അമ്മാവന് ഹരികുമാറിന് മാനസികസ്വാസ്ഥ്യമുണ്ടെന്നും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
കുഞ്ഞിന്റെ അമ്മ ശ്രീതുവും ഭര്‍ത്താവ് ശ്രീജിത്തും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് വിലയിരുത്തല്‍. അടുത്തടുത്ത മുറികളില്‍ നിന്നും ഇരുവരും നിരന്തരം വാട്സ് ആപ്പ് ചാറ്റും വീഡിയോ കോളും ചെയ്യാറുണ്ടായിരുന്നു. ശ്രീതുവിനോട് ഹരികുമാര്‍ വഴിവിട്ട് പെരുമാറാന്‍ ശ്രമിച്ചിരുന്നു.
അടുപ്പത്തിന് കുഞ്ഞ് തടസ്സമാകുമെന്നതിനാല്‍ കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ച വിവരം. പക്ഷെ ഇനിയും പല സംശയങ്ങള്‍ ബാക്കിയാണ്. നഷ്ടപ്പെട്ട കൂടുതല്‍ വാട്സപ് ചാറ്റുകള്‍ വീണ്ടെടുക്കും. ശ്രീതു പ്രത്യേക സ്വഭാവക്കാരിയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മൊഴി. രണ്ട് വയസ്സകാരിയുടെ കൊലയുടെ ഞെട്ടലിലാണ് അയല്‍വാസികള്‍. ശ്രീതു നിരന്തരം കള്ളം പറയുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
ഇതിനിടെ സംശയം കൂട്ടി കരിക്കകം സ്വദേശി ദേവീദാസന് എന്ന മന്ത്രിവാദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീതു ഇയാളെ ഗുരുവായി കണ്ടിരുന്നു. ഹരികുമാര്‍ ഒന്നര വര്‍ഷത്തോളം ഇയാളുടെ മഠത്തില്‍ ജോലി ചെയ്തിരുന്നു. പ്രദീപന് എന്ന പേരില്‍ മുമ്പ് പ്രദേശത്ത് മുട്ട കച്ചവടം നടത്തിയ ആള് പിന്നീട് ദേവീദാസന് എന്ന പേരില്‍ മന്ത്രവാദത്തിലേക്കും പൂജയിലേക്കും മാറുകയായിരുന്നു. വീടുവാങ്ങാനെന്ന പേരില്‍ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായ് ദേവീദാസന് തട്ടിയെടുത്തെന്നാണ് ശ്രീതുവിന്റെ മൊഴി. കുഞ്ഞിന്റെ കൊലപാതകത്തില്‍ ഇയാളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























