ഭക്ഷണം കഴിക്കാതെ തട്ടിക്കയറി... രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തില്‍ ചുരുളഴിക്കാനാകുന്നില്ല; ഹരികുമാറിന്റെ മൊഴികള്‍ പരസ്പര വിരുദ്ധം; ഉദയകുമാറിന്റെ മരണത്തിലും സംശയം; തൊട്ടടുത്ത മുറികളില്‍ നിന്ന് വിഡിയോ കോള്‍

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നില്ല. സഹോദരിയുടെ മകള്‍ രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് ഉള്‍വിളി കാരണമെന്ന് പ്രതി ഹരികുമാര്‍. കൊല്ലണമെന്നു തോന്നിയപ്പോള്‍ കൊന്നുവെന്നാണ് പ്രതി പൊലീസിന് നല്കിയ വിശദീകരണം.
ഇവയുള്‍പ്പെടെ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്കി പൊലീസിനെ കുഴക്കുകയാണ് പ്രതി. സഹോദരി ശ്രീതുവും മക്കളും മാതാപിതാക്കളും ഉള്‍പ്പെടുന്ന കുടുംബം വാടകയ്ക്കു താമസിച്ചിരുന്ന ബാലരാമപുരം കോട്ടുകാല്‍ക്കോണം വാറുവിളവീട്ടിലെ കിണറ്റില്‍ വ്യാഴാഴ്ച രാവിലെ ഏഴേ മുക്കാലോടെയാണ് ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റസമ്മതം നടത്തിയ ഒന്നാംപ്രതി ഹരികുമാറിനെയും സഹോദരി ശ്രീതു, ഇവരുടെ അമ്മ ശ്രീകല, ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്ത് എന്നിവരെയും ഹരികുമാറുമായി അടുത്ത ബന്ധമുള്ള ശംഖുമുഖം സ്വദേശിയായ പൂജാരി ദേവീദാസന് (എസ്.പ്രദീപ് കുമാര്‍) എന്നിവരെയും പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിച്ചില്ല.
ഹരികുമാറിനെ ഇന്നലെ വൈകിട്ട് 5 മണിയോടെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതി മാനസിക പ്രശ്നമുള്ളതു പോലെ പെരുമാറുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണു കേസെടുത്തത്. സംഭവത്തില്‍ തന്റെ ഭാര്യ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേവേന്ദുവിന്റെ അച്ഛന് ശ്രീജിത്ത് ബാലരാമപുരം പൊലീസിനു പരാതി നല്കി.
പൂജപ്പുര മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന ശ്രീതുവിനെ ഇന്നലെയും ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. പ്രതിയുടെയും കസ്റ്റഡിയിലുള്ള മറ്റുള്ളവരുടെയും മൊഴിയിലെ വസ്തുത പരിശോധിക്കാന്‍ പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
ശ്രീതു മൂന്നാഴ്ച മുന്‍പ് 36 ലക്ഷം രൂപ ദേവീദാസനു നല്‍കിയത് തിരിച്ചുകിട്ടിയില്ലെന്നു കാണിച്ച് ബാലരാമപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയാനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശ്രീതു ദേവീദാസന്റെ കരിക്കകത്തെ ആശ്രമത്തിലെ പതിവു സന്ദര്ശകയായിരുന്നെന്ന വിവരം സംബന്ധിച്ചും പൊലീസ് ഇയാളോടു ചോദിച്ചു. റൂറല്‍ എസ്പി, 2 ഡിവൈഎസ്പിമാര്‍, 3 സിഐമാര്‍ എന്നിവരടങ്ങുന്ന സംഘം തുടര്‍ച്ചയായി രണ്ടു ദിവസം ചോദ്യം ചെയ്തിട്ടും കൊലപാതകത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഹരികുമാറിന്റെയും ശ്രീതുവിന്റെയും അച്ഛന് ഉദയകുമാര്‍ രണ്ടാഴ്ച മുന്‍പാണു മരിച്ചത്. ഉദയകുമാറിന്റെ അടിയന്തരച്ചടങ്ങ് നടക്കേണ്ട ദിവസമായിരുന്നു ദേവേന്ദുവിനെ കൊലപ്പെടുത്തിയത്. ഇതോടെ ഉദയകുമാറിന്റെ മരണത്തിലും അസ്വാഭാവികതയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതെക്കുറിച്ചും ചോദ്യം ചെയ്തെങ്കിലും പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.
അതേസമയം ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. കേസില്‍ അറസ്റ്റിലായ അമ്മാവന് ഹരികുമാറും കുട്ടിയുടെ മാതാവ് ശ്രീതുവും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരാണെന്നാണു പൊലീസ് പറയുന്നത്. ഇവരുടെ വാട്സാപ് ചാറ്റുകള്‍ പരിശോധിച്ചതില്‍നിന്നാണു പൊലീസ് ഈ നിഗമനത്തിലേക്ക് എത്തിയത്. തൊട്ടടുത്ത മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ തമ്മില്‍ വാട്സാപ്പില്‍ വിഡിയോ കോളുകള്‍ ചെയ്തിരുന്നു. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹരികുമാര്‍ പരസ്പര വിരുദ്ധമായ മൊഴികളാണു നല്‍കുന്നത്.
അതേസമയം, അറസ്റ്റിലായ ഹരികുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. പൊലീസിന്റെ പല ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്കാന് ഹരികുമാര്‍ തയാറായിട്ടില്ല. പ്രതി ഭക്ഷണം കഴിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഇന്നലെയും ചില ഘട്ടങ്ങളില്‍ മാനസിക പ്രശ്നം ഉള്ളതുപോലെയാണ് ഹരികുമാര്‍ പ്രതികരിച്ചിരുന്നത്.
അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ശ്രീതുവിന്റെ മൂത്ത കുട്ടിയുടെയും ഹരികുമാറിന്റെ അമ്മയുടെയും മൊഴി പൊലീസ് എടുത്തു. മൂത്തകുട്ടിയെയും ഹരികുമാര്‍ പല പ്രാവശ്യം ഉപദ്രവിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഹരികുമാറിനെ സംരക്ഷിക്കുന്ന തരത്തില്‍ ശ്രീതു മൊഴി നല്‍കിയതില്‍ പൊലീസിനു സംശയമുണ്ട്.
"
https://www.facebook.com/Malayalivartha

























