നെടുമങ്ങാട് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് വഴങ്ങാത്തതിന് മദ്ധ്യവയസ്കയെ കൊലപ്പെടുത്തിയ കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

നെടുമങ്ങാട് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് വഴങ്ങാത്തതിന് മദ്ധ്യവയസ്കയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. നെടുമങ്ങാട് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന മോളി എന്ന സ്ത്രീ കൊല ചെയ്യപ്പെട്ട കേസിലെ രണ്ട് പ്രതികള്‍ക്കുമാണ് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് കരുപ്പൂര് വില്ലേജില്‍ തെക്കും കര മുറിയില്‍ പറങ്ങോട് കോളനിയില്‍ വീട്ടു നമ്പര്‍ 16-ല്‍ താമസം സോമന് മകന് രാജേഷ് (42), രണ്ടാം പ്രതി നെടുമങ്ങാട് വില്ലേജില്‍ ചെല്ലാം കോട് മുറിയില്‍ പാളയത്തും മുകള്‍ കോളനിയില്‍ വീട്ടു നമ്പര്‍ 30 ല്‍ താമസം സുലൈമാന്‍ മകന് അനില്‍ കുമാര്‍ (49) എന്നിവരെയാണ് ശിക്ഷിച്ചത്.
തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സിജു ഷെയ്ക്കാണ് വിധി പ്രസ്താവിച്ചത്. 2011 സെപ്റ്റംബര്‍ 14 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . പ്രതികള്‍ മരണപ്പെട്ട മോളിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് നിര്‍ബ്ബന്ധിച്ചപ്പോള്‍ അതിന് വഴങ്ങാതിരുന്ന വിരോധത്താല്‍ മോളിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്താല്‍ പ്രതികള്‍ ഇരുവരും മോളിയെ അടിച്ചും ചവിട്ടിയും മുനിസിപ്പാലിറ്റി പാര്‍ക്കിംഗ് ഏരിയക്ക് സമീപമുള്ള പടിക്കെട്ടില്‍ നിന്നും താഴെ കനാലിലേക്ക് തള്ളിയിട്ടും വയറിലും നെഞ്ചിലും ആന്തരിക അവയവങ്ങളിലും ഉണ്ടായ പരിക്കിന്റെ കാഠിന്യത്താല്‍ മോളി മരണപ്പെട്ടുവെന്നാണ് കേസ്.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും പിന്‍ബലത്തിലാണ് പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. നെടുമങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ ബി.എസ്.രാജേഷ്, അഭിഭാഷകരായ ബീനാകുമാരി , സെബിന് തോമസ് എന്നിവര്‍ ഹാജരായി.
"
https://www.facebook.com/Malayalivartha

























