ഭാസ്കര കാരണവർ വധക്കേസിലെ ജീവപര്യന്തം ശിക്ഷ ഇളവു ചെയ്ത് പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാർശ; ഗവർണർ തുടർനടപടി സ്വീകരിക്കും

ഭാസ്കര കാരണവർ വധക്കേസിലെ ജീവപര്യന്തം ശിക്ഷ ഇളവു ചെയ്ത് പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാർശയിൽ, ഗവർണർ തുടർനടപടി സ്വീകരിക്കും. ഇപ്പോൾ ഗോവയിലുള്ള ഗവർണർ 2ന് രാജ്ഭവനിൽ തിരിച്ചെത്തും . ശേഷം ശുപാർശ അംഗീകരിക്കരുതെന്ന് രമേശ് ചെന്നിത്തലയടക്കം നൽകിയ പരാതികളും ഗവർണർ ആർലേക്കർ പരിഗണിക്കും. ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച അദ്ദേഹം തലസ്ഥാനത്തെത്തും. പരാതികൾ സർക്കാരിനയച്ച് വിശദീകരണം തേടാനും ഇടയുണ്ട്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകി ജയിൽ മോചിതരാക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് കാരണവർ കൊലക്കേസ് പ്രതി ഷെറിന് ശിക്ഷായിളവ് നൽകിയതെന്ന് സംശയം. പുതിയ സംശയം ഉയർന്ന സാഹചര്യത്തിൽ ഷെറിന്റെ ഫയൽ ഗവർണർ ഒപ്പിട്ടേക്കില്ല.
പ്രതി ഷെറിന് ശിക്ഷായിളവ് നല്‍കി ജയില്‍മോചിതയാക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ കൂടുതല്‍ വിശദീകരണം തേടാനാണ് രാജ്ഭവന്‍ തീരുമാനിച്ചിട്ടുള്ളത്. ഫയല്‍ പരിശോധിച്ച് നിയമവശങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ വിശദീകരണത്തിനായി മടക്കും. ഉടന്‍ തീരുമാനം ഉണ്ടാകില്ല. നിലവില്‍ ശിക്ഷായിളവിനായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഒരു തടവുകാരിയുടെ ഫയല്‍ ഗവര്‍ണറുടെ തീരുമാനം കാത്ത് രാജ്ഭവനിലുണ്ട്. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ ഷെറിന്റെ ശിക്ഷായിളവ് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച ഫയല്‍ രാജ്ഭവനിലെത്തിയിട്ടില്ല. ഗവർണറുടെ മനസറിഞ്ഞ ശേഷം മാത്രം ഫയൽ നൽകിയാൽ മതിയെന്നാണ് തീരുമാനം.
ജീവപര്യന്തം സംബന്ധിച്ച മുന്‍കാല സുപ്രീംകോടതി വിധികളും രാജ്ഭവന്‍ ശേഖരിക്കുന്നുണ്ട്. ഷെറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അസാധാരണമായ തിടുക്കം കാട്ടിയെന്ന വാര്‍ത്തകള്‍ രാജ്ഭവന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു മന്ത്രി ഷെറിന്റെ മോചനത്തിനായി ഇടപെട്ടെന്നും ഇക്കാര്യം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മരിച്ച കാരണവരുടെ ബന്ധു പറഞ്ഞിരുന്നു. പരാതിയും നല്‍കും. ഇതെല്ലാം മനസ്സിലാക്കിയാണ് രാജ്ഭവന്‍ നീങ്ങുന്നത്. ആ ഫയല്‍ രാജ്ഭവനിലേക്ക് സര്‍ക്കാര്‍ അയയ്ക്കാന്‍ ഇടയില്ലെന്നും സൂചനയുണ്ട്. സിപിഎമ്മിലെ ഒരു വിഭാഗം എതിര്‍പ്പിലാണ്. എന്നാല്‍ ഫയല്‍ രാജ്ഭവന് കൈമാറാമെന്നും തീരുമാനത്തിനായി സമ്മര്‍ദ്ദം ചെലുത്തേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പക്ഷം. അതേ സമയം ഗവർണർ ഫയലിൽ ഒപ്പിട്ടാൽ ടി.പി. കേസിലെ പ്രതികളുടെ ഫയൽ അയയ്ക്കും.
https://www.facebook.com/Malayalivartha

























