ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകി, ജയിൽ മോചിതരാക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ്.. കാരണവർ കൊലക്കേസ് പ്രതി ഷെറിന് ശിക്ഷായിളവ് നൽകിയതെന്ന് സംശയം..

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകി ജയിൽ മോചിതരാക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് കാരണവർ കൊലക്കേസ് പ്രതി ഷെറിന് ശിക്ഷായിളവ് നൽകിയതെന്ന് സംശയം. പുതിയ സംശയം ഉയർന്ന സാഹചര്യത്തിൽ ഷെറിന്റെ ഫയൽ ഗവർണർ ഒപ്പിട്ടേക്കില്ല. പ്രതി ഷെറിന് ശിക്ഷായിളവ് നല്‍കി ജയില്‍മോചിതയാക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ കൂടുതല്‍ വിശദീകരണം തേടാനാണ് രാജ്ഭവന്‍ തീരുമാനിച്ചിട്ടുള്ളത്.. ഫയല്‍ പരിശോധിച്ച് നിയമവശങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ വിശദീകരണത്തിനായി മടക്കും. ഉടന്‍ തീരുമാനം ഉണ്ടാകില്ല. നിലവില്‍ ശിക്ഷായിളവിനായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഒരു തടവുകാരിയുടെ ഫയല്‍ ഗവര്‍ണറുടെ തീരുമാനം കാത്ത് രാജ്ഭവനിലുണ്ട്.
ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ ഷെറിന്റെ ശിക്ഷായിളവ് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച ഫയല്‍ രാജ്ഭവനിലെത്തിയിട്ടില്ല. ഗവർണറുടെ മനസറിഞ്ഞ ശേഷം മാത്രം ഫയൽ നൽകിയാൽ മതിയെന്നാണ് തീരുമാനം. ജീവപര്യന്തം സംബന്ധിച്ച മുന്‍കാല സുപ്രീംകോടതി വിധികളും രാജ്ഭവന്‍ ശേഖരിക്കുന്നുണ്ട്. ഷെറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അസാധാരണമായ തിടുക്കം കാട്ടിയെന്ന വാര്‍ത്തകള്‍ രാജ്ഭവന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു മന്ത്രി ഷെറിന്റെ മോചനത്തിനായി ഇടപെട്ടെന്നും ഇക്കാര്യം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മരിച്ച കാരണവരുടെ ബന്ധു പറഞ്ഞിരുന്നു. പരാതിയും നല്‍കും. ഇതെല്ലാം മനസ്സിലാക്കിയാണ് രാജ്ഭവന്‍ നീങ്ങുന്നത്. ആ ഫയല്‍ രാജ്ഭവനിലേക്ക് സര്‍ക്കാര്‍ അയയ്ക്കാന്‍ ഇടയില്ലെന്നും സൂചനയുണ്ട്. സിപിഎമ്മിലെ ഒരു വിഭാഗം എതിര്‍പ്പിലാണ്.
എന്നാല്‍ ഫയല്‍ രാജ്ഭവന് കൈമാറാമെന്നും തീരുമാനത്തിനായി സമ്മര്‍ദ്ദം ചെലുത്തേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ പക്ഷം. അതേ സമയം ഗവർണർ ഫയലിൽ ഒപ്പിട്ടാൽ ടി.പി. കേസിലെ പ്രതികളുടെ ഫയൽ അയയ്ക്കും.ഭാസ്‌കരക്കാരണവര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയില്‍ മോചിതയാകാനുള്ള സാധ്യത കുറവ് എന്നാണ് വിലയിരുത്തല്‍. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം രാജ്ഭവന്‍ അംഗീകരിക്കാന്‍ ഇടയില്ല. എല്ലാ നിയമവശങ്ങളും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തേടും. വിശദ നിയമോപദേശവും തേടും. ഏത് സാഹചര്യത്തിലാണ് ഷെറിന് മാത്രമായി ശിക്ഷാ ഇളവ് നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന് നല്ല നടപ്പ് കിട്ടാനുള്ള യോഗ്യതയുണ്ടോ എന്നും പരിശോധിക്കും. സി.പി. എമ്മിന് ഷെറിന്റെ ഫയലിൽ അനുകൂല തീരുമാനമെടുത്തതിൽ വിരോധമുണ്ട്.
കണ്ണൂര്‍ വിമണ്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമില്‍ ഓഗസ്ത് എട്ടിനു കൂടിയ ഉപദേശക സമിതിയുടെ ശുപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടി. ഇതില്‍ രാജ്ഭവന്‍ അന്തിമ തീരുമാനം എടുക്കട്ടേ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഉപദേശക സമിതിയുടെ ശുപാര്‍ശ കിട്ടിയതു കൊണ്ട് ഫയല്‍ മുമ്പോട്ട് നീക്കിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഈ ഫയലില്‍ തീരുമാനം എടുക്കാന്‍ രാജ്ഭവനില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദവും ചെലുത്തില്ല. നിയമവശങ്ങള്‍ നോക്കി ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കും. ഒരു ഘടക കക്ഷി സമ്മര്‍ദ്ദമാണ് ഈ ഫയലിന് പിന്നിലെന്നാണ് സൂചന.അതു പരിഗണിച്ചാണ് മന്ത്രിസഭയുടെ അനുമതി. ബ്രൂവറി അടക്കമുള്ള വിഷയങ്ങള്‍
ഇടതുപക്ഷത്ത് നിര്‍ണ്ണായക ചര്‍ച്ചയാകാനിരിക്കുമ്പോള്‍ ആരേയും പിണക്കാന്‍ സര്‍ക്കാരും സിപിഎമ്മും ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത.അതുകൊണ്ടാണ് അസാധാരണ ഫയലില്‍ അസാധാരണ തീരുമാനം സര്‍ക്കാര്‍ എടുത്തത്. പക്ഷേ വിട്ടയയ്ക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി അനിവാര്യതയാണ്. വിദേശത്ത് പോകാനാണ് ഷെറിന്‍ ആഗ്രഹിക്കുന്നതെന്നാണ് സൂചന. അതിന് പക്ഷേ ഗവര്‍ണറുടെ അനുമതി അനിവാര്യതയാണ്. ജയില്‍ ജീവിതത്തിനിടെ നിരവധി വിവാദങ്ങള്‍ ഷെറിന്റെ പേരില്‍ ഉയര്‍ന്നിരുന്നു. ജൂണ്‍ 11ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്.തുടര്‍ന്ന് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റി.
അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയര്‍ന്നു. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. ഇതെല്ലാം വിവിധ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു. ബ്യൂട്ടി പാര്‍ലര്‍ സമാനമായ സൗകര്യങ്ങള്‍ ഷെറിന് ജയിലില്‍ കിട്ടിയെന്നും ആരോപണമുണ്ടായിരുന്നു. ഇങ്ങനെ ജയില്‍വാസ കാലത്ത് നിരവധി വിവാദങ്ങളുണ്ടാക്കിയ ഷെറിനാണ് നല്ല നടപ്പിന്റെ ആനുകൂല്യം കിട്ടുന്നത്. നേരത്തെയും ഷെറിന് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ടായിരുന്നു.
സംസ്ഥാനത്തെ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ പരോള്‍ നേടുന്ന കാര്യത്തില്‍ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു ലഭിച്ചത് 444 ദിവസത്തെ പരോള്‍. 2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോള്‍. 2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോള്‍. ഹൈക്കോടതിയില്‍നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു. ജയില്‍ ജീവനക്കാരോടും സഹതടവുകാരോടും മോശമായി പെരുമാറിയതതിനാണ് അട്ടക്കുളങ്ങര ജയിലില്‍ നിന്നും ഷെറിനെ വിയ്യൂരിലേക്ക് മാറ്റിയത്.
പരാതികള്‍ നിലനില്‍ക്കേ തന്നെ ഷെറിനെ വീണ്ടും അട്ടക്കുളങ്ങരയിലേക്ക് തിരിച്ചുകൊണ്ടുവന്നതും ചര്‍ച്ചയായി. കൊലക്കേസ് പ്രതിയായ ഷെറിന് ജയിലിനുള്ളില്‍ സുഖസൗകര്യങ്ങളൊരുക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് 2017ല്‍ മറ്റൊരു ജയില്‍ മാറ്റം കൂടി നടന്നത്. ജയില്‍ സൂപ്രണ്ടിനോടും സഹതടവുകാരോടും മോശമായി പെരുമാറിയത് കൂടാതെ പരോളിറങ്ങാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതും പിടിക്കപ്പെട്ടതോടെയാണ് ഷെറിനെ അട്ടക്കുളങ്ങരയില്‍ നിന്നും വിയ്യൂര്‍ വനിതാ ജയിലേക്ക് മാറ്റിയത്. ഇവിടെയും ഷെറിനും ജീവനക്കാരുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായി. സന്ദര്‍ശകരുമായി സംസാരിക്കാന്‍ കൂടതല്‍ സമയമെടുക്കുന്നതും ജയില്‍ ചിട്ടകള്‍ പാലിക്കാത്തതുമായിരുന്നു കാരണം. ഷെറിന് അടുക്കള ജോലി കൊടുത്തപ്പോള്‍ ഉന്നതസമ്മദ്ദം വന്ന് ഒഴിവാക്കി.
ജയിലില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നവരെ വീണ്ടും കണ്ണൂർക്കാണ് മാറ്റുന്നത്. പക്ഷെ ഇവിടെ മറിച്ചാണ് സംഭവിച്ചത്. ഷെറിന്റെ അപേക്ഷ പരിഗണിച്ച് വീണ്ടും അട്ടക്കുളങ്ങരയിലേക്ക് മാറ്റുകയായിരുന്നു. ഷറിന്റെ അപേക്ഷ ജയില്‍ ആസ്ഥാനത്ത് എത്തിയതോടെ ശരവേഗതിയിലാണ് ഫയലുകള്‍ നീങ്ങിയതെന്നാണ് ജീവനക്കാരുടെ ഇടയിലെ ആക്ഷേപം. അട്ടക്കുങ്ങര വനിതാ ജയില്‍ സൂപ്രണ്ട് അനുകൂല റിപ്പോര്‍ട്ടും നല്‍കി. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയതെന്നാണ് ആരോപണം. ജയില്‍ മേധാവി ഉത്തരവിറക്കിയ ഉടന്‍ ഷെറിന്‍ തലസ്ഥാനത്തെത്തി. പല തടവുകാരും അപക്ഷ നല്‍കി മാസങ്ങള്‍ കാത്തിരിക്കുമ്പോഴാണ് ഷെറിന്റെ കാര്യത്തില്‍ അന്ന് വേഗത്തില്‍ തീരുമാനമെടുത്ത്. ഷെറിന് അടിക്കടി അടിയന്തര പരോള്‍ കിട്ടുന്നതിനു പിന്നിലും ചില ഉദ്യോഗസ്ഥരും ഇടെപെലടുണ്ടെന്ന് ഇന്റലിജന്‍സ് തന്നെ നേരെത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പിന്നീട് കണ്ണൂര്‍ ജയിലിലേക്കും മാറ്റി. അതീവ രഹസ്യമായി ജയില്‍ ഉപദേശക സമിതിയെ കൊണ്ട് തീരുമാനം എടുപ്പിക്കാനായിരുന്നു ഇതെന്നും ആരോപണമുണ്ട്.ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലാണ് കാരണവരുടെ മകനുമായി കല്യാണം നടത്തിയത്. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയിലുമെത്തി. ഭാസ്‌കരക്കാര്‍ണവര്‍ക്കും ഭാര്യ അന്നമ്മയ്ക്കൊമൊപ്പമായിരുന്നു താമസം. അവിടെ ജോലിക്കു കയറിയ സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിനു പിടിക്കപ്പെട്ടതു മുതല്‍ പ്രശ്നങ്ങളാരംഭിച്ചു. പിന്നീടു ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം നാട്ടിലേക്കു മടങ്ങി. 2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കരക്കാരണവരും നാടായ ചെറിയനാട്ടേക്കു മടങ്ങി. പിന്നീടാണ് കൊലയിലേക്ക് കാര്യങ്ങളെത്തിയത്. ചെറിയനാട്ടെ കാരണവേഴ്‌സ്വില്ല ഇന്ന് അനാഥമാണ്.
ഷെറിന്റെ മകന്‍ അന്നത്തെ നാലുവയസ്സുകാരന്‍ ഇന്നു മുതിര്‍ന്ന കുട്ടിയായി.മകനെയും ബിനുവിനെയും സഹോദരങ്ങള്‍ അമേരിക്കയിലേക്കു കൊണ്ടുപോയി. മകനൊപ്പം കഴിയാന്‍ ഷെറിന്‍ അമേരിക്കയിലേക്ക് പോകുമോ എന്നതാണ് ഇനി അറിയാനുള്ളത്. അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും ഷെറിന്റെ പുരുഷസൗഹൃദവലയം വിപുലീകരിച്ചു. ഭാസ്‌കരക്കാരണവരുടെ സാന്നിധ്യത്തില്‍പോലും കാരണവേഴ്‌സ് വില്ലയില്‍ അപരിചിതരെത്തി.ജയിൽ മോചന ശുപാർശക്കെതിരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി. ഷെറിന് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.
25 വർഷത്തിലധികമായി തടവിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ജയിൽ ഉപദേശക സമിതികളുടെ ശുപാർശകളിൽ തീരുമാനം നീളുമ്പോഴാണ് 14 വർഷം മാത്രം പൂർത്തിയാക്കിയെന്ന കാരണം പറഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കാരണവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ശക്തമായി രംഗത്തു വന്നിട്ടുണ്ട്. കുറ്റവാളികളും രാഷ്ട്രീയ ഉന്നതരും തമ്മിലുള്ള ഗൂഢ ബന്ധത്തിന്റെ മറവിലാണ് കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി ഷെറിനെ വിടുതൽ ചെയ്യാൻ ശുപാർശ ചെയ്തത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കടക്കം ഈ ഇളവുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരം ശുപാർശകൾക്ക് ഗവർണർ അംഗീകാരം നൽകിയാൽ കുറ്റവാളികൾക്കു പ്രോത്സാഹനവും നിയമവ്യവസ്ഥയ്ക്കു വെല്ലുവിളിയുമാകുമെന്നു മാത്രമല്ല 58 വെട്ടേറ്റ് കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരൻ കേസിൽ ജീവ പര്യന്തം ശിക്ഷിക്കപ്പെട്ടവർക്കും പുറത്തിറങ്ങാൻ അവസരമൊരുക്കുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി.
ഈ സാഹചര്യത്തിൽ പ്രതിക്ക് ഒരു കാരണവശാലും ശിക്ഷാ ഇളവ് അനുവദിക്കരുതെന്നും ഷെറിനെ വെറുതെ വിടാനുള്ള ഫയലിൽ ഒപ്പിടരുതെന്നും ചെന്നിത്തല ഗവർണർക്കു നൽകിയ കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു.ജയിലുകളിൽ ഷെറിന് കിട്ടിയ ആനുകൂല്യങ്ങളുടെ തുടർച്ചയാണ് വിടുതലിലും കാണുന്നത്. 14 വർഷം ശിക്ഷ പൂർത്തിയാക്കിയെന്ന കാരണത്താലാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ച ഷെറിന് മോചനം നൽകാനുള്ള തീരുമാനം. എന്നാൽ 25 ഉം 20 വർഷം വരെ തടവ് പൂർത്തിയായവർക്ക് ഈ ആനുകൂല്യം കിട്ടിയില്ല. ഇവരിൽ പലരും രോഗികളാണെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശകളും ഇതുവരെ പരിഗണിച്ചിട്ടില്ല.ഷെറിൻ ഒരു ടെസ്റ്റ് ഡോസാണ്. ഷെറിന് പിന്നാലെ ടി. പി. കേസിലെ പ്രതികളെ വെറുതെ വിടാമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.
ടി.പി. ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊന്ന പ്രതികള്‍ക്കു സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യം' നല്‍കാനുള്ള വഴിവിട്ട നീക്കം സിപിമ്മിനെയും സര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കിയിരുന്നു.അന്ന് പ്രതിപക്ഷ നേതാവിന്റെ സബ്മിഷനു മുന്‍പ് ധൃതിയില്‍ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു തടിയൂരാനുള്ള നീക്കമാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നടത്തിയത്. പ്രതികള്‍ക്കു ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കമില്ലെന്നു പറഞ്ഞ സ്പീക്കറും സബ്മിഷന്‍ വേളയില്‍ സഭയിലെത്താതിരുന്നതു ശ്രദ്ധേയമായി.സഭയിലെത്താതിരുന്ന മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി.രാജേഷാണു മറുപടി നല്‍കിയത്. ജയില്‍മോചനത്തിനു തെറ്റായ പട്ടിക തയാറാക്കി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് ഉത്തരവാദികളായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്,
അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് (ഒന്ന്) ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ ഒ.വി.രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാനാണു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.ടി.പി.കേസ് പ്രതികള്‍ വാ തുറന്നാല്‍ സിപിഎമ്മിന്റെ ഉന്നതനേതാക്കളില്‍ പലരും ജയിലഴിക്കുള്ളിലാകാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടിക്കു പ്രതികളെ ഭയമാണെന്നും പ്രതികള്‍ പാര്‍ട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നമുള്ള പ്രതിപക്ഷ ആരോപണം പ്രതിരോധിക്കാൻ നേതൃതത്തിന് കഴിഞ്ഞിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വന്‍തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ ശക്തമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം പുറത്തുവന്നതു പാര്‍ട്ടി നേതൃത്വത്തിനെയും പ്രതിരോധത്തിലാക്കി.
ഇതുമായി ബന്ധപ്പെട്ടു ന്യായീകരിക്കാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ പൊളിയുമെന്നും കോടതിയലക്ഷ്യത്തിനു സാധ്യതയുണ്ടെന്നും വന്നതോടെയാണു ജയില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി വിഷയം തണുപ്പിക്കാനുള്ള നീക്കം സജീവമാക്കിയത്. ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സജിത്ത് എന്നിവര്‍ക്കു മോചനത്തിനു വഴിയൊരുക്കാനുള്ള നീക്കം വിവാദമായി കത്തിപ്പടരുന്നതിനിടെ ട്രൗസര്‍ മനോജിന്റെ വിഷയത്തില്‍ പൊലീസ് കെ.കെ.രമയെ ബന്ധപ്പെട്ടതും പ്രതിപക്ഷം ശക്തമായ ആയുധമാക്കി. നടപടികള്‍ നിയമവിരുദ്ധമാണെന്ന് ആഭ്യന്തര സെക്രട്ടറി ജൂണ്‍ മൂന്നിന് ഉത്തരവിറക്കിയിട്ടും പ്രതികളുടെ മോചനത്തിനായി ചരടുവലികള്‍ നടത്തി.
കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നുപേര്‍ ഉള്‍പ്പെടെയുള്ള ഒൻപതു പേര്‍ക്ക് 20 വര്‍ഷം തടവു പൂര്‍ത്തിയാകുംവരെ ഇളവു പാടില്ലെന്നു ഹൈക്കോടതി വിധി വന്നിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. അക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് അറിയാത്തതാണെന്നു കരുതാന്‍ വയ്യ. ശിക്ഷയിളവു നല്‍കാനുള്ളവരുടെ പട്ടികയില്‍ ടിപി കേസ് പ്രതികള്‍ ഉള്‍പ്പെട്ടത് ഉദ്യോഗസ്ഥന്റെ പിഴവാണെന്നും വിശദീകരണം തേടിയെന്നുമുള്ള ജയില്‍ ഡിഐജിയുടെ ന്യായവും തടിയൂരാനുള്ള നീക്കത്തിന്റെ ഭാഗമായാണു വിലയിരുത്തപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മാത്രം വിചാരിച്ചാല്‍ ടിപി കേസ് പ്രതികളുടെ പേര് ശിക്ഷയിളവിനുള്ള പട്ടികയില്‍ വരില്ലെന്ന് ഉറപ്പാണ്. കണ്ണൂരിലെ ജയില്‍ ഉപദേശക സമിതിയില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനും അംഗമാണെന്നതും കാണാതെ പോകാനാവില്ല.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി അര്‍ഹരായ തടവുകാര്‍ക്കു 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ പ്രത്യേക ഇളവു നല്‍കാനുള്ള പട്ടികയില്‍ ടിപി കേസ് പ്രതികളായ ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സജിത്ത് എന്നിവരുടെ പേരുകള്‍ തിരുകിക്കയറ്റിയതോടെയാണ് വിവാദത്തിനു തുടക്കമായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണു പട്ടിക തയാറാക്കിയത്. പൊലീസ് റിപ്പോര്‍ട്ട് തേടി ജയിലില്‍നിന്നു സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ കത്തും പട്ടികയും പുറത്തായതോടെ ഇതിനെതിരെ പ്രതിപക്ഷവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയും രംഗത്തെത്തി. ജൂണ്‍ മൂന്നിന് ആഭ്യന്തര വകുപ്പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു 188 പേരുടെ പട്ടിക തയാറാക്കി 13നു കമ്മിഷണര്‍ക്കു കത്തയച്ചത്.
14 വര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ചാല്‍ ജീവപര്യന്തക്കാരെ വിട്ടയയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിലവില്‍ 10 വര്‍ഷം ശിക്ഷയനുഭവിച്ച പ്രതികള്‍ക്ക് ഒരു വര്‍ഷം ഇളവു കൂടി ലഭിച്ചാല്‍ ഈ ആനുകൂല്യത്തില്‍ നേരത്തേ പുറത്തിറങ്ങാനാകും. എന്നാല്‍ രജീഷും ഷാഫിയും സജിത്തും ഉള്‍പ്പെടെ 9 പ്രതികള്‍ക്ക് 20 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കാതെ ഇളവ് അനുവദിക്കരുതെന്നു ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രജീഷും ഷാഫിയും ഉള്‍പ്പെടെ 6 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിക്കുകയും ചെയ്തിരുന്നു.അഡീഷനല്‍ ലോ സെക്രട്ടറി ചെയര്‍മാനും ആഭ്യന്തര അണ്ടര്‍ സെക്രട്ടറി കണ്‍വീനറും ജയില്‍ ഡിഐജി അംഗവുമായുള്ള 2 പരിശോധനാ സമിതികളെയാണു ശിക്ഷാ ഇളവു പരിശോധിക്കാന്‍ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ജയിലില്‍നിന്നു നല്‍കുന്ന പട്ടിക സമിതി പരിശോധന നടത്തിയാണ് അന്തിമമാക്കുന്നത്.പ്രതികള്‍ക്കു ശിക്ഷ ഇളവിനു റിപ്പോര്‍ട്ട് തേടിയത് ആഭ്യന്തര വകുപ്പിന്റെ ചട്ടപ്രകാരമെന്നാണ് ജയില്‍ സൂപ്രണ്ട് വിശദീകരിച്ചിരുന്നത്. ജയില്‍ എഡിജിപിക്കു നല്‍കിയ വിശദീകരണത്തിലാണു ജയില്‍ സൂപ്രണ്ട് നിലപാടു വ്യക്തമാക്കിയത്. 2023 ജനുവരിയില്‍ തയാറാക്കിയ പട്ടികയിലും ടിപി കേസ് പ്രതികളെ ഉള്‍പ്പെടുത്തിയിരുന്നെന്നാണ് കണ്ണൂര്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് നല്‍കിയ വിശദീകരണത്തില്‍നിന്നു വ്യക്തമായത്. ഇതുപ്രകാരം ജയില്‍ മേധാവിയുടെ മുന്നില്‍ നേരത്തേ എത്തിയ പട്ടികയിലും ടിപി കേസ് പ്രതികളുടെ പേരുണ്ടായിരുന്നു.
ശിക്ഷ ഇളവു നല്‍കാനായി 188 തടവുകാരുടെ പട്ടിക തയാറാക്കി. 2022 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ മാനദണ്ഡപ്രകാരമാണു ടിപി കേസ് പ്രതികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍നിന്നു റിപ്പോര്‍ട്ട് തേടി. 188 പേരുടെയും വിടുതല്‍ സംബന്ധിച്ചും പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് ഒഴിവാക്കല്‍ നടക്കുന്നതെന്നും ജയില്‍ മേധാവിക്കു നല്‍കിയ വിശദീകരണത്തില്‍ സൂപ്രണ്ട് പറഞ്ഞിരുന്നു.അതേസമയം, സംഭവം വിവാദമായതോടെ ടിപി കേസ് പ്രതികള്‍ക്ക് ഇളവു നല്‍കില്ലെന്ന വിശദീകരണവുമായി ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ രംഗത്തെത്തി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 10 വര്‍ഷം തടവു പൂര്‍ത്തിയാക്കിയവര്‍ക്ക് ഇളവു നല്‍കുന്നതിനുള്ള കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നു.
ഇതുപ്രകാരം 10 വര്‍ഷത്തിലധികമായവരുടെ പട്ടിക തയാറാക്കിയതാണ്. ഇതില്‍ ടിപി കേസിലെ പ്രതികളുടെയും പേരുകള്‍ ഉള്‍പ്പെട്ടു. ഇവര്‍ക്കു 20 വര്‍ഷം വരെ ശിക്ഷ ഇളവു പാടില്ലെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ പേരുകള്‍ ഒഴിവാക്കിയെന്നും ജയില്‍ മേധാവി പറഞ്ഞു.അതിനിടെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച പ്രതികളില്‍ 5 പേര്‍ക്കു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ജൂണ്‍ ആദ്യം പരോള്‍ ലഭിച്ചിരുന്നു. കിര്‍മാണി മനോജ്, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, കെ.ഷിനോജ്, എസ്.സിജിത്ത് എന്നിവരാണു പരോളിലിറങ്ങിയത്. കേസിലെ 9 പ്രതികളാണു കണ്ണൂര്‍ ജയിലിലുള്ളത്. കെ.സി.രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, വാഴപ്പടച്ചി റഫീഖ്, എം.സി.അനൂപ് എന്നിവരാണ് മറ്റു 4 പേര്‍.
5 പ്രതികള്‍ക്ക് ഒന്നിച്ചു പരോള്‍ ലഭിച്ചതു രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് ആക്ഷേപമുണ്ടെങ്കിലും തടവുകാര്‍ക്കു ലഭിക്കുന്ന നിയമപ്രകാരമുള്ള പരോള്‍ മാത്രമാണ് അനുവദിച്ചതെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസിലെ 9 പ്രതികള്‍ക്ക് 20 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കാതെ തടവില്‍ ഇളവ് അനുവദിക്കരുതെന്നു ഹൈക്കോടതി ഉത്തരവുണ്ട്. കിര്‍മാണി മനോജ്, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, കെ.ഷിനോജ് എന്നിവര്‍ ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ചവരാണ്; എസ്.സിജിത്തിനു ജീവപര്യന്തവും. കൊടി സുനിക്ക് അടുത്ത കാലത്ത് പരോൾ കിട്ടി. ഏതുവിധേനയും പ്രതികളെ ജയിലിനു പുറത്തെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെട്ടു നടത്തിയ നീക്കം വിവാദമായി. എന്നാൽ അന്നത്തെ തീരുമാനം മരവിച്ചതോടെ ടി.പി. കേസ് ആവിയായെന്ന് കരുതിയവർക്ക് തെറ്റി. പുതിയ വേഷത്തിൽ അത് തിരിച്ചെത്തിയത് കൊടി സുനിയുടെ കേസിലാണ്. ഇപ്പോഴിതാ ഷെറിന് പിന്നാലെ വീണ്ടും പഴയ അവതാരങ്ങളും രംഗത്തെത്തും.
https://www.facebook.com/Malayalivartha

























