ചോറ്റാനിക്കരയില്‍ അതിജീവിതയുടെ മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്: കഴുത്തില്‍ ഷാള്‍ മുറുകിയതാണ് മരണ കാരണം; ദേഹമാസകലം മുറിപ്പാടുകള്‍; പെണ്‍കുട്ടിക്ക് തക്കസംയത്ത് വൈദ്യസഹായം നിഷേധിച്ചതും മരണകാരണമായിട്ടുണ്ട്

ചോറ്റാനിക്കരയില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോക്സോ അതിജീവിതയ്ക്ക് സംഭവിച്ചത് കഴുത്തില്‍ ഷാള്‍ മുറുകിയതു മൂലമുണ്ടായ മസ്തിഷ്കമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും ദേഹമാസകലം മുറിപ്പാടുകളുണ്ടെന്നും ചോറ്റാനിക്കര സിഐ എന്‍.കെ.മനോജ് പറഞ്ഞു. പെണ്‍കുട്ടിയുടെ സംസ്കാരം നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച 2 മണിയോടെ വീട്ടില്‍ കൊണ്ടുവന്ന മൃതദേഹത്തില്‍ ബന്ധുമിത്രാദികളും നാട്ടുകാരും ആദരാഞ്ജലി അര്‍പ്പിച്ചു. അനൂപ് ജേക്കബ് എംഎല്‍എയും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
ഇന്നലെ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നു രാവിലെയാണ് കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പെണ്‍കുട്ടിക്ക് തക്കസമയത്ത് വൈദ്യസഹായം നിഷേധിച്ചതും മരണകാരണമായിട്ടുണ്ട്. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സിഐ വ്യക്തമാക്കി. പ്രതി അനൂപ് ഇപ്പോള്‍ റിമാന്‍ഡിലാണ്. നിലവില്‍ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് അനൂപിനെതിരെ ചുമത്തിയിരിക്കുന്നത്.
ജനുവരി 26നു വൈകിട്ടാണു പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. തലയിലും മുഖത്തും ഗുരുതരമായി ക്ഷതമേറ്റിരുന്നു. കഴുത്തില്‍ കയര്‍ മുറുകിയ പാടുണ്ടായിരുന്നു. കയ്യിലും മുറിവേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍, പെണ്‍കുട്ടിയുടെ അടുപ്പക്കാരനായ അനൂപിനെ കണ്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനൂപിന്റെ സംശയരോഗം മൂലം ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ പതിവായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ചുറ്റിക കൊണ്ടടക്കം ആക്രമിച്ചെന്നും പ്രതി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.
അതിക്രമം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഫാനില്‍ കെട്ടിത്തൂങ്ങിയ പെണ്‍കുട്ടി പിടയുന്നതു കണ്ടു പ്രതി ഷാള്‍ മുറിച്ചു താഴെയിട്ടു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയപ്പോഴാണു പ്രതി ബലം പ്രയോഗിച്ചു വായ പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചത്. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായപ്പോള്‍ മരിച്ചെന്നു കരുതി ഇയാള്‍ സ്ഥലംവിടുകയായിരുന്നു.
https://www.facebook.com/Malayalivartha

























