അയിരൂരില്‍ വൃദ്ധ മാതാപിതാക്കളെ വീടിന് പുറത്താക്കിയ സംഭവം: മകള്‍ക്കെതിരെ കേസ്

വര്‍ക്കല അയിരൂരില്‍ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മകള്‍ക്കെതിരെ കേസ്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കല്‍, വഞ്ചന കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയുമാണ് മകള്‍ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സിജിക്കും ഭര്‍ത്താവിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെയാണ് ഇവര്‍ മാതാപിതാക്കളെ വീട്ടില്‍ പുറത്താക്കി ഗേറ്റ് അടച്ചത്. വൃന്ദാവനം വീട്ടില്‍ സദാശിവന്‍(79), ഭാര്യ സുഷമ്മ (73) എന്നിവരെയാണ് മകള്‍ സിജി വീടിന് പുറത്താക്കി ഗേറ്റ് അടച്ചത്. അയിരൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടും മകള്‍ ഗേറ്റ് തുറക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് പൊലീസ് മതില്‍ ചാടിക്കടന്ന് മകളോട് സംസാരിച്ചുവെങ്കിലും മകള്‍ വഴങ്ങിയില്ല.
ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മാതാപിതാക്കളെ പുറത്താക്കി മകള്‍ ഗേറ്റ് പൂട്ടുന്നത്. ഇന്നലെ സബ് കളക്ടര്‍ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് ആ വീട്ടില്‍ താമസിക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാല്‍ മകള്‍ ആദ്യമേ വീട്ടിലെത്തി അകത്തുകയറി ഗേറ്റ് ലോക്ക് ചെയ്യുകയായിരുന്നു. സിജിയുടെ അച്ഛന്‍ സദാശിവന്‍ ക്യാന്‍സര്‍ രോഗിയാണ്. വസ്തുതര്‍ക്കമാണ് മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം. ആയിരൂര്‍ പൊലീസ് മകളുമായി സംസാരിച്ചതിന് ശേഷവും മകള്‍ യാതൊരു കാരണവശാലും വാതില്‍ തുറക്കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനിന്നു. തുടര്‍ന്ന് പൊലീസ് മാതാപിതാക്കളെ ഷെല്‍ട്ടറിലേക്ക് മാറ്റുകയായിരുന്നു.
പണം കിട്ടിക്കഴിഞ്ഞപ്പോള്‍ തങ്ങളെ മകള്‍ക്ക് വേണ്ടാതെയായെന്നും തങ്ങള്‍ നല്‍കിയ പണം ഉപയോഗിച്ച് നിര്‍മിച്ച വീട്ടില്‍ നിന്നാണ് തങ്ങളെ ഇറക്കി വിട്ടതെന്നും മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മകള്‍ക്ക് 35 ലക്ഷം രൂപ നല്‍കിയിരുന്നു. അത് ഉപയോഗിച്ച് നിര്‍മിച്ച വീട്ടില്‍ നിന്നാണ് തങ്ങളെ പുറത്താക്കിയത്. സബ് കളക്ടറെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. വീട്ടില്‍ താമസിക്കാന്‍ അനുവാദം ഇല്ലെങ്കില്‍ പണം തിരികെ നല്‍കണമെന്നും വൃദ്ധ ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു. പണം കിട്ടി കഴിഞ്ഞപ്പോള്‍ മാതാപിതാക്കളെ വേണ്ടാതായി. തങ്ങളുടെ ജീവിതം ഒരു പാഠമാകണം. മക്കള്‍ക്ക് സ്വത്ത് നല്‍കി ആരും വഞ്ചിതരാകരുതെന്നും അവര്‍ കൂട്ടിചേര്‍ത്തു.
https://www.facebook.com/Malayalivartha

























