നഗരസഭയിലെ അവിശ്വാസ പ്രമേയ വിവാദത്തില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി പൊലീസിന്റെ തന്നെ റിപ്പോര്‍ട്ട്

കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ വിവാദത്തില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി പൊലീസിന്റെ തന്നെ റിപ്പോര്‍ട്ട്. പൊലീസ് സിപിഎമ്മുമായി ഒത്തുകളിച്ചു എന്ന യുഡിഎഫിന്റെ ആരോപണം ശരിവയ്ക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടാണ് പൊലീസ് തലപ്പത്തേക്ക് പോയിരിക്കുന്നത് എന്നാണറിവ്. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് എറണാകുളം റൂറല്‍ എഎസ്പി എം. കൃഷ്ണന് റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് നല്‍കിയിരിക്കുന്നത് എന്നാണ് സൂചനകള്‍.
ബൈജു സിപിഎമ്മിനെ സഹായിക്കുന്ന വിധത്തിലാണ് സംഭവ ദിവസം പ്രവര്‍ത്തിച്ചത് എന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. കൂത്താട്ടുകുളം പൊലീസ് ഇന്‍സ്പെക്ടര്‍ വിന്‍സന്റ് ജോസഫിനു ഡിവൈഎസ്പിയായി പ്രൊമോഷന് ലഭിച്ചതു സിപിഎമ്മിനെ സഹായിച്ചതു കൊണ്ടാണെന്നു നഗരസഭ പ്രതിപക്ഷ നേതാവ് പ്രിന്‍സ് പോള്‍ ജോണ്‍ ആരോപിച്ചിരുന്നു.
അവിശ്വാസ പ്രമേയ ദിവസം കല രാജുവിനെ തട്ടിക്കൊണ്ടു പോയതടക്കം സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ സാധിച്ചില്ല, അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനുള്ള സുരക്ഷ ഒരുക്കിയില്ല, കല രാജുവിന്റെ മക്കള്‍ പരാതി നല്‍കിയിട്ടും ഇതില്‍ നടപടി സ്വീകരിക്കാന്‍ വൈകി തുടങ്ങിയ കാര്യങ്ങളാണ് ഡിവൈഎസ്പിക്കെതിരെ റിപ്പോര്‍ട്ടിലുള്ളതായി കരുതുന്നത്. പൊലീസ് സ്റ്റേഷന്റെ വളരെ അടുത്തുള്ള സിപിഎം ഏരിയ കമ്മിറ്റി ഓഫിസില്‍ കല രാജു ഉണ്ടെന്നറിഞ്ഞിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് പക്ഷപാതപരമായാണ് പെരുമാറിയതെന്ന് തുടക്കം മുതല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അന്വേഷണം ആലുവ റൂറല്‍ പൊലീസിന് കൈമാറുകയും ചെയ്തു. പിന്നാലെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ അറസ്റ്റിലാകുന്നത്.
അതേസമയം, കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ വിവാദത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലെടുത്ത കേസില്‍ സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയി എന്ന കേസിലാണ് ജാമ്യം. സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി.രതീഷ്, മുനിസിപ്പല്‍ ചെയര്പേഴ്സന് വിജയ ശിവന് അടക്കം 5 നേതാക്കള്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളാണിവര്‍.
കല രാജുവിനെ തങ്ങള്‍ തട്ടിക്കൊണ്ടു പോയെന്ന കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കല രാജു പാര്‍ട്ടി ഓഫിസില്‍ സന്തോഷത്തോടെയാണ് സമയം ചെലവഴിച്ചത്. കൂത്താട്ടുകുളം താലൂക്ക് ആശുപത്രിയില്‍ ആദ്യം നടത്തിയ പരിശോധനയില്‍ കല രാജുവിന്റെ ദേഹത്ത് പരുക്കുകള്‍ ഇല്ലായിരുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. സംഭവത്തിന്റെ 4 ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചാണ് കോടതി ഉത്തരവ്. നേരത്തെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ എടുത്ത കേസില്‍ ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. തന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഫെബ്രുവരി 3ന് നടക്കുന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുമെന്നുമാണ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ട കല രാജു വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























