തലയ്ക്ക് പരുക്കേറ്റ 11കാരന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍

തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയില്‍ എത്തിയ 11കാരന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലെന്ന് ആരോപണം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകന് എസ്. ദേവതീര്‍ഥി(11)നാണ് വൈക്കം താലൂക്ക് ആശുപത്രിയില്‍ ദുരനുഭവമുണ്ടായത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ദേവതീര്‍ഥിനെ മുറിവു വച്ചുകെട്ടാനായി ഡ്രസിങ് റൂമിലേക്കാണ് ആദ്യം പറഞ്ഞയച്ചത്. മുറിയില്‍ ഇരുട്ടായതിനാല്‍ അകത്തേക്ക് കയറാന്‍ സാധിച്ചിരുന്നില്ല.
ഏറെ നേരം കാത്തിരുന്ന ശേഷം അറ്റന്‍ഡര്‍ എത്തി. മുറിക്കുള്ളില്‍ വൈദ്യുതി ഇല്ലെന്ന് പറഞ്ഞ അറ്റന്‍ഡര്‍ ദേവതീര്‍ഥിനെ ഒപി കൗണ്ടറിന്റെ മുന്നിലിരുത്തി. മുറിവില്‍നിന്നും രക്തം ഒഴുകിയതോടെ കുട്ടിയെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റി. ഇരുട്ടാണല്ലോ വൈദ്യുതി ഇല്ലേ എന്ന മാതാപിതാക്കളുടെ ചോദ്യത്തിനു ജനറേറ്ററിനു ഡീസല്‍ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചു വയ്ക്കാറില്ലെന്നുമായിരുന്നു അറ്റന്‍ഡറുടെ മറുപടി.
പിന്നീട് മുറിവ് ഡ്രസ് ചെയ്തു തുന്നലിടാന്‍ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാല്‍ ജനലിന്റെ അരികില്‍ ദേവതീര്‍ഥിനെ ഇരുത്തി മൊബൈലിന്റെ വെളിച്ചത്തില്‍ ഡോക്ടര്‍ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. ദേവതീര്ഥിനു തലയില്‍ രണ്ടു തുന്നലുകളുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























