മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കി ഗേറ്റ് പൂട്ടിയ സംഭവം: അവസാനം വീടിന്റെ താക്കോല്‍ തിരിച്ചുനല്‍കി മകള്‍

വയോധികരായ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കി ഗേറ്റ് പൂട്ടിയ സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ താക്കോല്‍ തിരിച്ച് നല്‍കി മകള്‍. വീട്ടില്‍ നിന്ന് വൃദ്ധ മാതാപിതാക്കളെ പുറത്താക്കിയ സംഭവത്തില്‍ മകളെയും മരുമകനെയും പ്രതി ചേര്‍ത്ത് അയിരൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്റെ താക്കോല്‍ മാതാപിതാക്കള്‍ക്ക് തിരിച്ച് നല്‍കിയത്.
അയിരൂര്‍ തൃമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപം വൃന്ദാവനത്തില്‍ സുഷമ(72), ക്യാന്‍സര്‍ രോഗിയായ ഭര്‍ത്താവ് സദാശിവന്‍ (79) എന്നിവരെ വെള്ളിയാഴ്ച വൈകിട്ട് വീടിന് പുറത്താക്കിയെന്ന പരാതിയിലാണ് മകള്‍ സിജി,വയനാട്ടില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന ഭര്‍ത്താവ് ബാഹുലേയന്‍ എന്നിവര്‍ക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിച്ചത്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമത്തിന്റെ 24-ാം വകുപ്പും,വഞ്ചനാപരമായ പ്രേരണ,തെറ്റായ വാഗ്ദാനങ്ങള്‍, പ്രധാനപ്പെട്ട വസ്തുതകള്‍ മറയ്ക്കല്‍ എന്നിവ ചുമത്തിയുമാണ് കേസ്.
സിജിയുടെ വീടിന്റെ ജപ്തിയൊഴിവാക്കുന്നതിനായി മാതാപിതാക്കള്‍ ഇവരുടെ വീട് വിറ്റ് 35 ലക്ഷം രൂപ നല്‍കിയിരുന്നു. മറ്റൊരു വീട് വാങ്ങുന്നതിനായി രണ്ട് വര്‍ഷത്തിനകം ഈ തുക തിരികെ നല്‍കാമെന്ന് കാട്ടി സിജി 2019ല്‍ കരാര്‍ ഒപ്പിട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും പണം തിരികെ നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും മകളില്‍ നിന്ന് മാനസികമായും ശാരീരികമായും മാതാപിതാക്കള്‍ ഉപദ്രവം നേരിട്ടുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സബ് കളക്ടര്‍ ഇരുകൂട്ടരുമായി സംസാരിക്കുകയും മാതാപിതാക്കളെ വീട്ടില്‍ താമസിപ്പിക്കണമെന്നും കരാര്‍ അനുസരിച്ച് പണം തിരികെ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ വീട്ടില്‍ തിരികെയെത്തിയ മകള്‍ വീടും ഗേറ്റും പൂട്ടിയിട്ടു. ഇതോടെ മാതാപിതാക്കള്‍ക്ക് തിരികെ വീട്ടില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ ഗേറ്റിന്റെ പൂട്ട് പൊളിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
രാത്രി വൈകിയും പ്രശ്‌നം പരിഹരിക്കുന്നതിന് പൊലീസ് ശ്രമിച്ചെങ്കിലും മകള്‍ വഴങ്ങാതെ വന്നതോടെയാണ് കേസെടുത്തത്. സദാശിവനും സുഷമയും ബന്ധുവീട്ടിലാണ് വെള്ളിയാഴ്ച രാത്രി കഴിഞ്ഞത്. നിയമ നടപടിയോടെ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്ന് ബോദ്ധ്യപ്പെട്ട ബന്ധുക്കളും മറ്റ് മക്കളും ചേര്‍ന്ന് രമ്യതയില്‍ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
അതേസമയം, സാമൂഹ്യനീതി വകുപ്പ് ഡയറക്ടറും മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആര്‍.ടി.ഒയും സംഭവമന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.വൃദ്ധമാതാപിതാക്കള്‍ക്കുണ്ടായ ദുരനുഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ദമ്പതികള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നുമാണ് മന്ത്രി സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറോടും ആര്‍.ഡി.ഒയോടും ആവശ്യപ്പെട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha

























