ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതര്‍ വരണമെന്ന വിവാദ പ്രസ്താവന: നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ തന്റെ പരാമര്‍ശം വളച്ചൊടിച്ചു; പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് സുരേഷ് ഗോപി

ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിന് ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതര്‍ വരണമെന്ന വിവാദ പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേര്‍തിരിവ് മാറ്റണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ തന്റെ പരാമര്‍ശം വളച്ചൊടിച്ചു. വാക്കുകള്‍ വന്നത് ഹൃദയത്തില്‍ നിന്നാണ്. മുഴുവന്‍ ഭാഗവും കൊടുത്തതുമില്ല. തന്റെ പാര്‍ട്ടിയാണ് ഗോത്രവിഭാഗത്തില്‍ നിന്നൊരാളെ രാഷ്ട്രപതിയാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതന്‍ മന്ത്രിയാകണമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം വിവാദമായിരുന്നു. ആദിവാസി ക്ഷേമ വകുപ്പ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഉന്നതകുലജാതന്‍ വകുപ്പു മന്ത്രിയായാല്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മയൂര്‍വിഹാറില്‍ ബിജെപി കേരള ഘടകം സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു പരാമര്‍ശം.
''2016ല്‍ എംപിയായ കാലഘട്ടം മുതല്‍ മോദിജിയോട് ആവശ്യപ്പെടുന്നതാണ്. എനിക്ക് സിവില്‍ ഏവിയേഷന്‍ വേണ്ട, ട്രൈബല്‍ തരൂ എന്ന്. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണിത്. ട്രൈബല്‍ വകുപ്പ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്ത ആളാവുകയേയില്ല. എന്റെ ആഗ്രഹമാണ്, ഒരു ഉന്നതകുലജാതന്‍ അവരുടെ ഉന്നമനത്തിനുവേണ്ടി ട്രൈബല്‍ മന്ത്രിയാകണം. ആദിവാസി വിഭാഗത്തില്‍പെട്ട ഒരാളുണ്ടെങ്കില്‍ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായി മന്ത്രിയാക്കണം.
ഈ പരിവര്‍ത്തനം നമ്മുടെ ജനാധിപത്യത്തില്‍ ഉണ്ടാകണം. ജാതിവശാല്‍ ഉന്നതകുലജാതനെന്ന് നമ്മള്‍ കരുതുന്ന ഒരു ബ്രാഹ്മണനോ നായിഡുവോ ഗോത്രവര്‍ഗത്തിന്റെ കാര്യങ്ങള്‍ നോക്കട്ടെ. വലിയ വ്യത്യാസമുണ്ടാകും. ഇക്കാര്യം ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനൊക്കെ ചില ചിട്ടവട്ടങ്ങളുണ്ട്.'' - എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
https://www.facebook.com/Malayalivartha

























