കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലില്‍ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട വാക്കേറ്റം; സിപിഎം കൗണ്‍സിലര്‍ കല രാജു ഇനി യുഡിഎഫിനൊപ്പം

കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലില്‍ വീണ്ടും ഭരണ - പ്രതിപക്ഷ പോര്. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള വിഷയങ്ങളിലാണ് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തട്ടിക്കൊണ്ടു പോകപ്പെട്ട സിപിഎം കൗണ്‍സിലര്‍ കല രാജു ഇനി യുഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും.
രാവിലെ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍ തങ്ങള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍ നേരത്തെ നോട്ടിസ് നല്‍കാതെ അടിയന്തര ചര്‍ച്ച അനുവദിക്കാനാകില്ലെന്ന് നഗരസഭ അധ്യക്ഷ നിലപാടെടുത്തു. ഇതിന്മേല് അന്യോന്യം തര്‍ക്കം നടക്കുന്നതിനിടെ നഗരസഭ അധ്യക്ഷ മജിസ്ട്രേറ്റിനു നല്കിയ രഹസ്യമൊഴിയില്‍ കല രാജുവിനെതിരെ മോശം പരാമര്‍ശം നടത്തി എന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രസ്താവനയാണ് കാര്യങ്ങള്‍ മോശമാക്കിയത്.
ഇതോടെ മോശം വാക്കുകള്‍ ഉപയോഗിക്കരുതെന്നും മജിസ്ട്രേറ്റിനു നല്കിയ രഹസ്യമൊഴി എന്ന പേരില്‍ കള്ളം പ്രചരിപ്പിക്കരുെതന്നും ആവശ്യപ്പെട്ട് ഇടതു കൗണ്‍സിലര്‍മാരും പ്രതിഷേധിച്ചു. ഇതോടെ യോഗം ബഹളമയമാവുകയും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗ ഹാളില്‍ തന്നെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
തന്റെ കാര്യങ്ങള്‍ക്കു വേണ്ടിയാണ് യുഡിഎഫ് അംഗങ്ങള്‍ രംഗത്തുവന്നതെന്നും അതിനാല്‍ ഇനി അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി കല രാജുവും കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൗണ്‍സില്‍ യോഗത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് രാവിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നെങ്കിലും കല രാജു പങ്കെടുത്തിരുന്നില്ല. പാര്‍ട്ടി അംഗത്വമോ കൗണ്‍സിലര്‍ സ്ഥാനമോ കല രാജു രാജി വച്ചിട്ടില്ല. ഇടത് അംഗമായിരുന്നുകൊണ്ടു തന്നെ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് കല രാജു വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























