മീനച്ചിലില്‍ നിന്ന് ഒന്നര മാസം മുമ്പ് കാണാതായ വയോധികന്റെ അസ്ഥികൂടം വീടിന് സമീപം ഒറ്റപ്പെട്ട പ്രദേശത്തെ കൈത തോട്ടത്തില്‍ കണ്ടെത്തി...

മീനച്ചിലില്‍ നിന്ന് ഒന്നര മാസം മുമ്പ് കാണാതായ വയോധികന്റെ അസ്ഥികൂടം വീടിന് സമീപം ഒറ്റപ്പെട്ട പ്രദേശത്തെ കൈത തോട്ടത്തില്‍ കണ്ടെത്തി. മീനച്ചില്‍ പടിഞ്ഞാറേ മുറിയില്‍ മാത്യു തോമസിന്റെ (മാത്തച്ചന്-84) അസ്ഥികൂടമാണ് കണ്ടുകിട്ടിയത്.
അസ്ഥികൂടത്തോടൊപ്പം കണ്ടെത്തിയ ബനിയന്റെയും മുണ്ടിന്റെയും അവശിഷ്ടങ്ങള്‍ മാത്യുവിന്റേതാണെന്ന് മക്കളായ സെലിന്, ബീന, ജെസി എന്നിവര്‍ തിരിച്ചറിഞ്ഞെന്ന് പൊലീസ് .
ചൊവ്വ രാവിലെ ഫോറന്‍സിക് പരിശോധന നടത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം അസ്ഥികൂടം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റുന്നതാണ്. അസ്ഥികൂടത്തിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുല്ലരിയാന്‍ വന്ന മാത്യുവിന്റെ അടുത്ത ബന്ധുവാണ് തിങ്കള്‍ വൈകുന്നേരം ആറോടെ അസ്ഥികൂടം കണ്ടത്.
ജില്ലാ പൊലീസ് മേധാവി എ ഷാഹുല്‍ ഹമീദ്, പാലാ ഡിവൈഎസ്പി കെ സദന്, എസ്എച്ച്ഒ ജോബിന്, എസ്ഐ വി എല്‍ ബിനു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി.
നടക്കാന്‍ പോയ മാത്യുവിനെ കഴിഞ്ഞ ഡിസംബര്‍ 21 മുതലാണ് കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കിയിട്ടുണ്ടായിരുന്നു. പിന്നീട് ആളെ കണ്ടെത്തിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നീട് ഇത് ശരിയല്ലെന്ന് ബന്ധുക്കളില്‍ ചിലര്‍ പൊലീസില്‍ അറിയിച്ചു. അന്വേഷണം എങ്ങുമെത്താതായതോടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും ചെയ്തു.
റിപ്പോര്‍ട്ട് നല്‍കാനുള്ള കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കടാവര്‍ നായ്ക്കളെ ഉള്‍പ്പെടെ എത്തിച്ച് പൊലീസ് തെരച്ചില്‍ നടത്തിയിട്ടുണ്ടായിരുന്നു. അന്ന് തെരച്ചില്‍ സംഘം എത്താത്ത ഭാഗത്താണ് ഇപ്പോള്‍ അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























