ഹരികുമാറിനെ മെഡിക്കൽ കോളേജിൽ പത്ത് ദിവസം കിടത്തി ചികിത്സിക്കാതെ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് ഡോക്ടർമാർ; കുട്ടിയെ കൊന്നത് താനല്ലെന്ന് പ്രതി...

രണ്ടര വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിൽ പ്രതി ഹരികുമാർ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ഹരികുമാറിനെ വിട്ടെങ്കിലും പ്രതിക്ക് മാനസികാരോഗ്യം ഉണ്ടെന്നുള്ള സാക്ഷ്യപത്രം കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. പ്രതിയെ മെഡിക്കൽ കോളേജിൽ പത്തു ദിവസമെങ്കിലും കിടത്തി ചികിത്സിക്കാതെ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. പ്രതിയെ ആശുപത്രിയിലേയ്ക്ക് അയക്കുന്ന കാര്യം കോടതി തീരുമാനിക്കും.
എന്നാൽ കൊലപതാക കുറ്റം പ്രതി ഹരികുമാര്‍ നിഷേധിച്ചിരുന്നു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കുഞ്ഞിനെ കൊന്നത് താനല്ലെന്നാണ് ഹരികുമാര്‍ പറഞ്ഞത്. പ്രതിക്ക് മാനസികരോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിനായി മാനസികരോഗ വിദഗ്ധന്റെ സഹായം അന്വേഷണ സംഘം തേടാൻ ഒരുങ്ങുകയാണ്. അതേസമയം സാമ്പത്തിക കേസിൽ റിമാൻഡിൽ കഴിയുന്ന കുഞ്ഞിൻ്റെ അമ്മ ശ്രീതുവിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
ശ്രീതുവിന് കുട്ടിയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പറയാറായിട്ടില്ല എന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാൽ ഇതിനിടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളിൽ ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. .ദേവസ്വം ബോർഡിൽ താന്‍ സെക്ഷൻ ഓഫീസറാണ് എന്ന് പറഞ്ഞായിരുന്നു ശ്രീതു തട്ടിപ്പ് നടത്തിയത്. ദേവസ്വംബോർഡിൽ ഡ്രൈവറായി നിയമനം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ പരാതിക്കാരൻ ഷിജുവിന് വ്യാജ നിയമന ഉത്തരവ് നൽകി. പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത്.
അതിനിടെ കേസില്‍ തനിക്ക് പങ്കില്ലെന്ന് ജോത്സ്യന്‍ ശംഖുമുഖം ദേവീദാസന്‍ പ്രതികരിച്ചു. ജ്യോതിഷവുമായി ബന്ധപ്പെട്ട് ശ്രീതുവിന് ഒരു മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ശ്രീതു തല മുണ്ഡനം ചെയ്തത് തന്റെ നിര്‍ദേശ പ്രകാരം അല്ലെന്നും ദേവീദാസന്‍ പറഞ്ഞു. വാഹനവും വീടും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 36 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടോയെന്ന് പോലീസ് ചോദിച്ചു. ഇക്കാര്യം ഞാന്‍ നിഷേധിച്ചു.
തെളിവുകള്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും പറഞ്ഞു. ഫോണില്‍ ഭീഷണിപ്പെടുത്തി എന്നതാണ് എനിക്കെതിരെയുള്ള മറ്റൊരു ആരോപണം. തെളിവുകള്‍ പരിശോധിക്കാനായി ഫോണുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. 36 ലക്ഷം ഞാന്‍ തട്ടിയെന്ന് അവര്‍ പരാതി കൊടുത്തതിന്റെ കാരണം എനിക്ക് അറിയില്ല. ബ്ലാക്ക് മെയില്‍ ആയിരുന്നോ ഉദ്ദേശമെന്ന സംശയം പോലീസിനോട് പറഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ വരാമെന്ന് അറിയിച്ചിട്ടും പോലീസ് ബലമായി പിടിച്ചു കൊണ്ടു പോയി. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കള്ളനായി പോലീസ് തന്നെ ചിത്രീകരിച്ചു എന്നും പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























