നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം; ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു...

ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നാംപ്രതി ഗ്രീഷ്മ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ. അതേസമയം, മൂന്ന് വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവച്ചു.
ഷാരോണ്‍ വധക്കേസില്‍ കുറ്റക്കാരിയായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജനുവരി 20നാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ഗ്രീഷ്മമയ്ക്ക് വധശിക്ഷ വിധിച്ചത്. കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടുംവരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോൾ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കിയത്. അതി സമർത്ഥമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും യാതൊരു പ്രകോപനവും കൊലപാതകത്തിന് പിറകിൽ ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.
മരണക്കിടക്കയിലും ഷാരോൺ ഗ്രീഷമയെ വിശ്വസിച്ചു. എന്നാൽ ഗ്രീഷ്മ വിശ്വാസ വഞ്ചനയാണ് കാണിച്ചത്. 11 ദിവസം ഒരു തുള്ളിവെള്ളം ഇറക്കാൻ കഴിയാതെ ആന്തരീകാവയവങ്ങൾ അഴുകിയാണ് ഷാരോൺ മരിച്ചത്. ആ വേദനയക്ക് അപ്പുറമല്ല പ്രതിയുടെ പ്രായമെന്നും കോടതിക്ക് മുന്നിൽ ഒരു ദയയും അർഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് ഗ്രീഷ്മയ്ക്ക് വിചാരണ കോടതി തൂക്ക് കയർ വിധിച്ചത്.
രാഷ്ട്രപതിയുടെ ദയാഹര്‍ജിയും തള്ളിയ ശേഷമേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്ക് സെല്ലുകളിലേക്ക് മാറ്റുകയുളളൂ.സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും ജയിലിനുളളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കും ലഭിക്കും. പക്ഷെ ഇവര്‍ക്ക് മറ്റു പ്രതികളേക്കാള്‍ കൂടുതല്‍ നിരീക്ഷണം ഉണ്ടാകും. വിചാരണ കോടതിക്കുശേഷം ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഇവര്‍ക്ക് ജാമ്യമോ പരോളോ ലഭിക്കില്ല.
ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് പരിശോധിക്കണം. അപ്പീല്‍ ഫയല്‍ ചെയ്ത് ഏറ്റവും കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലുമെടുക്കും ഹൈക്കോടതി പരിഗണിക്കാന്‍. പരിഗണിച്ച ശേഷം ഹൈക്കോടതി പ്രധാനമായും നാല് പഠന റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടും.
1) പ്രതിയുടെ കുടുംബ–സാമൂഹ്യ സാഹചര്യം, വധശിക്ഷ നടപ്പാക്കിയാല്‍ കുടുംബത്തിലുണ്ടാകുന്ന ആഘാതം ഇവിയെല്ലാം വിശദമായി പഠിച്ച് സാമൂഹ്യനീതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കണം,
2) കുറ്റവാളിയുടെ ജയിലിലെ സ്വഭാവം, പശ്ചാത്താപത്തിനും തിരുത്തലിനുമുള്ള സാഹചര്യമുണ്ടോയെന്ന് വിശദമായി പരിശോധിച്ച് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കണം.
3) കുറ്റവാളിയെ നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച് പ്രത്യേക മെഡിക്കല്‍ സംഘം ആരോഗ്യ–മാനസിക നിലയേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം
4) ഡെല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രോജക്ട് 39 എന്ന ഏജന്‍സിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഈ റിപ്പോര്‍ട്ടുകളും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്ന് ഉറപ്പിക്കാമോയെന്നുള്ള നിയമവശവും പരിഗണിച്ചായിരിക്കും ഹൈക്കോടതി വധശിക്ഷ ശരിവയ്ക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുക
ഹൈക്കോടതി വധശിക്ഷ ശരിവച്ചതുകൊണ്ടും നടപടി അവസാനിക്കില്ല. കുറ്റവാളിക്ക് ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാം.
സുപ്രീംകോടതി തീരുമാനം എതിരായാല്‍ ഗവര്‍ണര്‍ക്കും ഗവര്‍ണര്‍ കഴിഞ്ഞാല്‍ രാഷ്ട്രപതിക്കും ദയാഹര്‍ജി നല്‍കാം. രാഷ്ട്രപതിയും ദയാഹര്‍ജി തള്ളിയാല്‍ അതിനെതിരെ തിരുത്തല്‍ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാം. അവിടെയും വധശിക്ഷ ശരിവച്ചാല്‍ മാത്രമേ വധശിക്ഷയ്ക്ക് അന്തിമ അംഗീകാരമാകൂ.
https://www.facebook.com/Malayalivartha

























