കേരളം തേടിക്കൊണ്ടിരുന്ന ക്രിസ്മസ് ബംപര്‍ ഭാഗ്യശാലി ഇരിട്ടി ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി; തന്റെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഭാഗ്യശാലി

കേരളം തേടിക്കൊണ്ടിരുന്ന കേരള സര്‍ക്കാരിന്റെ ക്രിസ്മസ് ബംപര്‍ ഭാഗ്യശാലി ഇരിട്ടി ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി. സത്യന്‍ എന്നയാളാണു ലോട്ടറി ബാങ്കില്‍ ഏല്‍പിച്ചത്. എന്നാല്‍ തന്റെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. രണ്ടു ദിവസമായി ഭാഗ്യശാലിയെ കേരളം തേടിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് തന്റെ സ്വകാര്യത മാനിക്കണം എന്നാവശ്യപ്പെട്ട് ഭാഗ്യശാലി രഹസ്യമായി ബാങ്കിലെത്തിയത്.
ഇരിട്ടി മേലേ സ്റ്റാന്‍ഡിലെ മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നു വിറ്റ XD 387132 നമ്പര്‍ ടിക്കറ്റിനാണു ബംപര്‍ സമ്മാനം അടിച്ചത്. ഇടയ്ക്കിടെ വന്നു 10 ടിക്കറ്റുകളുടെ ഒരു ബുക്ക് എടുക്കുന്ന സത്യന്‍ എന്നയാള്‍ക്കാണു ടിക്കറ്റ് വിറ്റതെന്നു ലോട്ടറി സ്റ്റാള്‍ ജീവനക്കാര്‍ നല്‍കിയ സൂചനയാണു സത്യന്‍ എന്നയാളാണു ബംപര്‍ ഭാഗ്യശാലിയെന്നു ആളുകള്‍ ഉറപ്പിക്കാന്‍ കാരണം. ഇതോടെ ഇരിട്ടിയിലും പരിസരത്തും ഉള്ള സത്യന്മാരെത്തേടി മാധ്യമപ്രവര്‍ത്തകരും വിവിധ ബാങ്ക് പ്രതിനിധികളും ആളുകളും 2 ദിവസമായി നെട്ടോട്ടത്തിലാണ്. ആദ്യദിനം തന്നെ പയഞ്ചേരി വായനശാലയ്ക്കു സമീപം വയലന്‍ വീട്ടില്‍ സത്യന്‍ സ്ഥിരമായി ലോട്ടറിയെടുക്കുന്ന ആളാണെന്നറിഞ്ഞതോടെ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ബാങ്ക് പ്രതിനിധികളും സത്യന്റെ വീട്ടില്‍ എത്തിയിരുന്നു.
ഭാഗ്യശാലി താനല്ലെന്നാണു ഇന്നലെയും സത്യന്‍ ആവര്‍ത്തിക്കുന്നത്. ഇതിനിടെ മറ്റു ചില സത്യന്മാരുടെ സൂചനകളും വയലന്‍ സത്യന്‍ നല്‍കി. കീഴൂര്‍ക്കുന്നിലെ ഒരു സത്യന്‍ എന്നായിരുന്നു ഇന്നലെ ആദ്യം പുറത്തുവന്ന വിവരം. അന്വേഷണത്തില്‍ അദ്ദേഹത്തിനല്ല ലോട്ടറി അടിച്ചതെന്നു കണ്ടെത്തി. കോളിക്കടവില്‍ ഉള്ള സത്യന്‍, കരിക്കോട്ടക്കരിയില്‍ ലോട്ടറി വില്‍പന കൂടി നടത്തുന്ന സത്യന്‍, മാക്കൂട്ടത്തുള്ള സത്യന്‍ എന്നിങ്ങനെയും പ്രചാരണങ്ങള്‍ വന്നെങ്കിലും അന്വേഷണത്തില്‍ ഈ സത്യന്മാരെ ആരെയും കണ്ടെത്താനായില്ല. ഇരിട്ടിയിലെ മുത്തു ലോട്ടറി ഏജന്‍സിയില്‍നിന്നു വിറ്റ ടിക്കറ്റിനാണു ബംപര്‍ അടിച്ചതെന്നു അറിഞ്ഞതു മുതല്‍ ഭാഗ്യശാലി ആരാണെന്നുള്ള അന്വേഷണവുമായി കടയിലേക്കുള്ള ആള്‍ക്കാരുടെ പ്രവാഹം തുടരുകയാണ്.
ചക്കരക്കല്ലിലെ മേലേവീട്ടില്‍ എം.വി.അനീഷാണു മുത്തു ലോട്ടറി ഏജന്‍സി ഉടമ. ചക്കരക്കല്‍, ഇരിട്ടി, മട്ടന്നൂര്‍, ചാലോട് ടൗണുകളിലായി 6 ലോട്ടറി വില്‍പ്പനകേന്ദ്രങ്ങള്‍ ഉണ്ട്. ഒരു കോടി രൂപ വരെയുള്ള സമ്മാനങ്ങള്‍ പല തവണ ലഭിച്ചിട്ടുണ്ടെങ്കിലും ബംപര്‍ സമ്മാനം ആദ്യമാണെന്നും എം.വി.അനീഷ് പറഞ്ഞു. ഇരിട്ടിയിലും ആദ്യമായാണു ഇത്ര വലിയ തുകയുടെ ബംപര്‍ സമ്മാനം അടിക്കുന്നതെന്നതും ഭാഗ്യശാലിയെ അറിയാനുള്ള ആളുകളുടെ താല്‍പര്യത്തിനു പിന്നിലുണ്ട്.
https://www.facebook.com/Malayalivartha

























