ക്ഷേമപെന്‍ഷനില്‍ തേച്ചൊട്ടിച്ച ബാലഗോപാലിന്റെ കഴുത്തിന് പിടിച്ച് എംവി ഗോവിന്ദന്‍;ബജറ്റില്‍ പാര്‍ട്ടിയില്‍ കൂട്ടയടി

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്. എന്നാല്‍ ബാലഗോപാല്‍ ബജറ്റ് പെട്ടി പൊട്ടിച്ചപ്പോള്‍ കലിയിളകി സിപിഎം. ഭരണം ലഭിച്ചാല്‍ സാമൂഹികക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കുമെന്നായിരുന്നു 2021 ലെ പ്രകടനപത്രികയിലെ വാഗ്ദനാം. ഈ വാഗ്ദാനം അട്ടര്‍ ഫ്‌ളോപ്പായിരിക്കുകയാണ്. ഇതിന്റെ ചൂടിലാണ് സിപിഎം. ധനമന്ത്രിയെ കേറി വളഞ്ഞിരിക്കുകയാണ് ഗോവിന്ദനും കൂട്ടരും. മന്ത്രിയെ ക്രൂശിക്കാനിട്ട് കൊടുത്തിട്ട് പിണറായി വിജയന്‍ രക്ഷപ്പെട്ടോടി. എന്ത് മാജിക് കാണിച്ചിട്ടായാലും വേണ്ടില്ല ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തണമെന്ന് ബാലഗോപാലിനോട് കട്ടായം പറഞ്ഞിരുന്നു പാര്‍ട്ടി. 2026ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ക്ഷേമപെന്‍ഷന്‍ വലിയ പിടിവള്ളിയാണെന്ന് പാര്‍ട്ടി ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. അടുത്തിടെ നടന്ന പാര്‍ട്ടി സമ്മേളനങ്ങളിലും ഈ ആവശ്യങ്ങള്‍ നേതാക്കള്‍ ഉയര്‍ത്തിയതുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം പോലും നടപ്പാക്കാനാകാതെ രണ്ടാം പിണറായി സര്‍ക്കാര്‍.
സംസ്ഥാനത്തെ 62 ലക്ഷത്തോളം പേര്‍ക്കാണ് പ്രതിമാസം 1600 രൂപ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. നിലവില്‍ പഴയ മൂന്നു മാസത്തെ കുടിശികയുണ്ടെങ്കിലും ജനുവരി 20 ന് രണ്ടു മാസത്തെ പെന്‍ഷനായ 3200 രൂപ അനുവദിച്ചു. ഇത് ജനുവരി മാസത്തെ പെന്‍ഷനും കുടിശികയില്‍ ഒന്നും എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. നിലവില്‍ 800 കോടി രൂപയാണ് ക്ഷേമപെന്‍ഷന് സര്‍ക്കാരിന് ഒരു മാസം വേണ്ടത്. ഇപ്പോള്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ ഒരു രൂപ പോലും ഉയര്‍ത്തിയിട്ടില്ല. പകരം പ്രഖ്യാപിച്ചിരിക്കുന്നത് കുടിശിക സമയബന്ധിതമായി കൊടുത്ത് തീര്‍ക്കുമെന്നാണ്. ക്ഷേമപെന്‍ഷന്‍ 100 രൂപ പോലും കൂട്ടാത്ത ധനമന്ത്രിയുടെ കഴുത്തിന് പിടിച്ചിരിക്കുകയാണ് സിപിഎം.
കഴിഞ്ഞദിവസം ക്ഷേമപെന്‍ഷന്‍ കൂട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും ചര്‍ച്ച നടത്തിയിരുന്നു. 800 രൂപ കൂട്ടിയാലേ പ്രകടനപത്രികാ വാഗ്ദാനമായ 2500 എത്തൂ. അതിന് സാമ്പത്തിക പ്രതിസന്ധി തടസ്സമാണെന്ന് ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നുവെന്നാണ് വിവരങ്ങള്‍. 200 രൂപയെങ്കിലും കൂട്ടിയേക്കുമെന്ന വിവരങ്ങള്‍ ഉണ്ടായിരുന്നു. 2026ല്‍ കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുണ്ട്. അതുകൊണ്ട് തന്നെ ക്ഷേമ പെന്‍ഷന്‍ 2500 രൂപ ആക്കേണ്ടതുണ്ടെന്നും 500 രൂപയെങ്കിലും കൂട്ടിയേ മതിയാകൂവെന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടിരുന്നു. ഒപ്പം കുടിശികയും കൊടുത്തു തീര്‍ക്കണം. ഇതിലൂടെ തദ്ദേശത്തില്‍ വോട്ടുറപ്പിക്കാം എന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധി വെല്ലുവിളിയാണെന്ന് ബാലഗോപാല്‍ ആവര്‍ത്തിച്ചിരുന്നു.
പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാന്‍ പറ്റാത്തതിന്റെ അമര്‍ഷത്തിലാണ് എംവി ഗോവിന്ദനും കൂട്ടരും. സാധാരണക്കാര്‍ക്കൊപ്പം പാര്‍ട്ടി ഉണ്ട് എന്ന ഉറപ്പാണ് ക്ഷേമപെന്‍ഷന്‍ 2500 ആക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിട്ടത്. സാധാരണക്കാരന്റെ വോട്ട് പെട്ടിയിലാക്കാനുള്ള തന്ത്രമായിരുന്നു. എന്നാല്‍, അധികാരത്തില്‍ വന്ന് നാലുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ നൂറുരൂപയുടെ വര്‍ധനപോലും സാമൂഹിക ക്ഷേമപെന്‍ഷനില്‍ വരുത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, പെന്‍ഷന്‍ കുടിശികയായത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുമായിരുന്നു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണു പ്രതീക്ഷ.
ക്ഷേമപെന്‍ഷന്‍ കുടിശിക തീര്‍ക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഇതുവരെ സര്‍ക്കാര്‍ ഒരക്ഷരവും മിണ്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കുറി പെന്‍ഷനില്‍ നല്ലൊരു വര്‍ധന പലരും പ്രതീക്ഷിക്കുന്നുണ്ട്. ജീവനക്കാരുടെ കുടിശികയായ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി നിയസഭയില്‍ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിലും അക്കാര്യത്തിലും ഈ ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് സാധ്യത. അതോടൊപ്പം ശമ്പളപരിഷ്‌ക്കരണ കമ്മിഷന്റെ പ്രഖ്യാപനവും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ 90 ശതമാനവും നടപ്പാക്കിയെന്ന അവകാശവാദമായിരുന്നു ഇടതുമുന്നണിയുടെ പ്രധാന ആയുധം. എന്നാല്‍, ഇക്കുറി അത്തരം ഒരു കണക്ക് അവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. മാത്രമല്ല, പ്രകടനപത്രികയില്‍ വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. ഇതിലൊക്കെ എന്തുനടപടിയുണ്ടാകുമെന്ന ആകാംക്ഷയും പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയുമില്ല. വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ടുതന്നെ ജനങ്ങളില്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങള്‍ ധനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് പൊതുവിലയിരുത്തല്‍.
2500 ആക്കുമെന്ന പ്രകടനപത്രിക വാഗ്ദാനം പോയിട്ട് നിലവിലുള്ള തുക പോലും കൃത്യമായ് കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ക്ഷേമപെന്‍ഷന്‍ കാര്യത്തിലുള്ളത്. തുക ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയില്‍ സിപിഎമ്മിനെ തണുപ്പിക്കുന്നതിന് വേണ്ടിയാണ് കുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് ബാലഗോപാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷേമപെന്‍ഷനില്‍ ഒരനക്കവും സംഭവിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈയ്യിലെടുക്കുന്നതിന് ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായിരുന്നു. സംസ്ഥാന ബജറ്റില്‍ ആദ്യ ആശ്വാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. ശമ്പള പരിഷ്‌ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വര്‍ഷം നല്‍കും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇന്‍ പിരീഡ് ഈ സാമ്പത്തിക വര്‍ഷം ഒഴിവാക്കും.
സര്‍വീസ് പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയില്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണം. അത് മനസിലാക്കി സര്‍ക്കാരിനോട് ജീവനക്കാര്‍ സഹകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും അവകാശം സംരക്ഷിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























