വ്യാജ തൊഴില്‍ കരാര്‍ ചമച്ച് 5.50 ലക്ഷം രൂപയുടെ ജര്‍മന്‍ വിസാ തട്ടിപ്പ്: 2 പേര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുത്തു, പരാതി അവഗണിച്ച നെയ്യാറ്റിന്‍കര പോലീസിന്റെ നിഷ്ക്രിയത്വം നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചാണ് കോടതി നേരിട്ട് കേസെടുത്തത്, പ്രതികളെ മാര്‍ച്ച് 28 ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു

വ്യാജ തൊഴില്‍ കരാര്‍ സൃഷ്ടിച്ച് ജര്‍മനിയില്‍ റെസ്റ്റോറന്റില്‍ ഷെഫ് ജോലി വാഗ്ദാനം ചെയ്ത് കൗമാരക്കാരനായ ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയില്‍ നിന്നും 5.50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ 2 പേര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുത്തു. മണലൂര്‍ ദേശത്ത് ഊരൂട്ടുകാല കൊന്നമൂട് കല്ലറത്തല വീട്ടില്‍ എസ്.എല്‍. ജയന് (35) , ഇയാളുടെ സഹോദരന് എസ്. അജിന് (32) എന്നിവരെ ഒന്നും രണ്ടും പ്രതി ചേര്‍ത്താണ് കോടതി കേസെടുത്തത്.
വിശ്വാസവഞ്ചന ചെയ്ത് ചതിക്കല്‍, വ്യാജരേഖ നിര്‍മ്മാണം, വഞ്ചിച്ചെടുത്ത പണം ദുര്‍വിനിയോഗം ചെയ്യല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രതികളെ മാര്‍ച്ച് 28 ന് ഹാജരാക്കാന്‍ നെയ്യാറ്റിന്‍കര പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ്സ് മജിസ്ട്രേറ്റ് എം. എസ്. സുമിത ഉത്തരവിട്ടു. പെരുമ്പഴുതൂര്‍ സായി ഭവനില്‍ ചന്ദ്രകുമാര്‍ അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പരാതി അവഗണിച്ച നെയ്യാറ്റിന്‍കര പോലീസിന്റെ നിഷ്ക്രിയത്വം നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചാണ് കോടതി നേരിട്ട് കേസെടുത്തത്.
ചന്ദ്രകുമാറിന്റെ അനുജന് സായികുമാറിന് ജര്‍മന്‍ റെസ്റ്റോറന്റില്‍ ജോലി വാഗ്ദാനം ചെയ്ത് 2021 ഒക്ടോബര്‍ 21 മുതല്‍ പല തവണകളായി ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ മുഖേന വിസക്ക് 5 ലക്ഷവും എയര്‍ ടിക്കറ്റിന് അമ്പതിനായിരം രൂപയും ഉള്‍പ്പെടെ 5.50 ലക്ഷം കരസ്ഥമാക്കി ചെക്ക് ലീഫും പ്രോനോട്ടും നല്കിയ ശേഷം വാഗ്ദാനം ചെയ്ത ജോബ് വിസയോ കൈപ്പറ്റിയ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.
പ്രതികള്‍ നല്കിയ തൊഴില്‍ കരാര്‍ സംബന്ധിച്ച് ജര്‍മന്‍ സ്ഥാപനത്തിലെ എച്ച്.ആര്. മാനേജരോട് വിവരം തിരക്കിയപ്പോഴാണ് പ്രതികള്‍ നല്‍കിയത് വ്യാജ രേഖയായിരുന്നെന്നും തങ്ങള്‍ ചതിക്കപ്പെട്ടതായും ബോധ്യപ്പെട്ടത്. നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതികളുടെ ഉന്നത സ്വാധീനത്താല്‍ നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചത്. 2024 ജനുവരി 27 ന് പ്രതികള്‍ സ്റ്റേഷനില്‍ ഹാജരായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ 28 ന് തുക നല്‍കാമെന്ന് എഴുതി വച്ച് വിട്ടയച്ചതായും കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലുണ്ട്.
https://www.facebook.com/Malayalivartha

























