കോഴിക്കോട് വടകരയില്‍ വാഹനം ഇടിച്ച് സ്ത്രീ മരിക്കുകയും കൊച്ചുമകളായ ഒന്‍പതുവയസ്സുകാരി കോമയിലാവുകയും ചെയ്ത സംഭവത്തില്‍ കാര്‍ ഓടിച്ചയാള്‍ പിടിയില്‍....

കോഴിക്കോട് വടകരയില്‍ വാഹനം ഇടിച്ച് സ്ത്രീ മരിക്കുകയും കൊച്ചുമകളായ ഒന്‍പതുവയസ്സുകാരി കോമയിലാവുകയും ചെയ്ത സംഭവത്തില്‍ കാര്‍ ഓടിച്ചയാള്‍ പിടിയിലായി.
പുറമേരി സ്വദേശി ഷജീല്‍ ആണ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലായത്. യു.എ.ഇയിലായിരുന്ന ഷജീല്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് പിടിയിലായത്.
ഇയാള്‍ക്കുവേണ്ടി പോലീസ് നേരത്തെതന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. ഷജീലിനെ വടകര പോലീസിന് കൈമാറുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. മനഃപൂര്‍വമല്ലാത്ത നരഹത്യ, വ്യാജ തെളിവുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കല്‍ എന്നീ രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ഫെബ്രുവരി 17- രാത്രിയാണ് ഷജീല്‍ ഓടിച്ച കാര്‍ ദൃഷാന എന്ന ഒന്‍പതുവയസ്സുകാരിയുടെയും മുത്തശ്ശി ബേബിയുടെയും ദേഹത്തേക്ക് പാഞ്ഞുകയറിയത്. ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടം സംഭവിച്ചത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.
"
https://www.facebook.com/Malayalivartha

























