തൊഴില്‍ സ്ഥലത്തെ മാനസിക പീഡനം: ഗുരുതര ആരോഗ്യപ്രശ്‌നമുള്ള രോഗിയായ കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ മരിച്ചു

തൊഴില്‍ സ്ഥലത്തെ മാനസിക പീഡനത്തിന് ഇരയായ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ മരിച്ചു. കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫിസില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള സെക്ഷന്‍ ഓഫിസര്‍ വെണ്ണല ചളിക്കവട്ടം സ്വദേശി ജോളി മധു (56) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ജനുവരി 31നു തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നു ചികിത്സയിലായിരുന്നു. മുന്‍ സെക്രട്ടറി അടക്കമുള്ളവരുടെ നിരന്തരമായ മാനസിക പീഡനത്തിന് ഇരയായിരുന്നു കാന്‍സര്‍ രോഗി കൂടിയായ ജോളി മധുവെന്നു കുടുംബം ആരോപിച്ചു.
കയര്‍ ബോര്‍ഡ് ചെയര്‍മാന്‍, മുന്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളര്‍ക്ക് എതിരെയാണു കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്. ബോര്‍ഡില്‍ നടന്ന അഴിമതിയെ കുറിച്ചു റിപ്പോര്‍ട്ട് ചെയ്ത ജോളിയോട് മേലുദ്യോഗസ്ഥര്‍ പ്രതികാരബുദ്ധിയോടെ പെരുമാറിയിരുന്നതായും കാന്‍സര്‍ രോഗിയെന്ന പരിഗണനപോലും നല്‍കാതെ അകാരണമായി സ്ഥലംമാറ്റുകയും പ്രമോഷനും ശമ്പളവും തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നെന്നും പരാതിയില്‍ പറയുന്നു. കയര്‍ ബോര്‍ഡ് സെക്രട്ടറിക്കും എംഎസ്എംഇ മന്ത്രാലയത്തിനുമാണു കുടുംബം പരാതി നല്‍കിയിരിക്കുന്നത്. കയര്‍ ബോര്‍ഡില്‍ 30 വര്‍ഷത്തെ സേവനമുള്ള ജോളിക്ക് വിരമിക്കാന്‍ 3 വര്‍ഷം മാത്രമാണു ബാക്കിയുണ്ടായിരുന്നത്.
മുന്‍ സെക്രട്ടറിയെ ആ പദവിയില്‍നിന്നു മാറ്റിയതിനു പിന്നില്‍ ജോളിയാണെന്ന് ആരോപിച്ചായിരുന്നു മാനസിക പീഡനം എന്നാണു സഹപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ജോളിക്കെതിരെ പ്രതികാരബുദ്ധിയോടെയാണു മേലുദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്നും അര്‍ഹിച്ച ഡപ്യൂട്ടി ഡയറക്ടര്‍ പദവി നിഷേധിച്ചെന്നും കുടുംബം പറയുന്നു. ഇതിനിടെയാണു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലേക്ക് ജോളിയെ സ്ഥലം മാറ്റിയത്. കാന്‍സര്‍ രോഗിയായതിനാലും വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രമേ സര്‍വീസില്‍ ബാക്കിയുള്ളൂ എന്നതിനാലും സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുണ്ടായില്ല. മോശമായ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി മെഡിക്കല്‍ ലീവിന് അപേക്ഷിച്ചെങ്കിലും അതും നിഷേധിക്കപ്പെട്ടു. 5 മാസത്തെ ശമ്പളവും വിവിധ കാരണങ്ങളുടെ പേരില്‍ തടഞ്ഞു വയ്ക്കപ്പെട്ടു. ഒടുവില്‍ തന്റെ പേരില്‍ വിജിലന്‍സ് കേസും എടുക്കാന്‍ ഒരുങ്ങുന്നു എന്നറിഞ്ഞതോടെയാണ് ജോളി തളര്‍ന്നത്.
മുന്‍ സെക്രട്ടറിയോടു മാപ്പു പറയണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന്, അദ്ദേഹത്തെ പേടിയാണെന്നും മാപ്പു പറയാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കികൊണ്ടു നിലവിലെ സെക്രട്ടറിക്കു കത്തെഴുതി കൊണ്ടിരിക്കുമ്പോഴാണു ജോളിക്ക് അപകടം സംഭവിക്കുന്നത്. മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണു തലച്ചോറില്‍ രക്തസ്രാവമുണ്ടായതെന്നു ഡോക്ടര്‍ സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ പറയുന്നു.
ജോളി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായതിനുശേഷം അവസ്ഥ ചൂണ്ടിക്കാട്ടി അവധി അപേക്ഷിക്കണമെന്ന് ഈ മാസം അഞ്ചിനു കുടുംബം മേലധികാരികളോട് അപേക്ഷിച്ചിരുന്നു. സ്ഥലംമാറ്റം റദ്ദാക്കിയതും തടഞ്ഞുവച്ച ശമ്പളം നല്‍കിയതുപോലും ഇതിനു ശേഷമാണെന്നാണ് ആരോപണം. തൊഴില്‍ സ്ഥലത്തെ പീഡനത്തെ പറ്റി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മനുഷ്യാവകാശ കമ്മിഷനും അടക്കം പരാതി നല്‍കിയതിന്റെ പേരിലും മാനസികമായി ബുദ്ധിമുട്ടിച്ചെന്നും കുടുംബം പരാതിയില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























