വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും നടപ്പാത കയ്യേറിയതിനും മാപ്പ് ചോദിച്ച് നേതാക്കള്‍; സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡെന്ന് ഹൈക്കോടതി

വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും നടപ്പാത കയ്യേറിയതിനും ഹൈക്കോടതിയില്‍ മാപ്പപേക്ഷിച്ച് കേരളത്തിന്റെ രാഷ്ട്രീയ നേതാക്കള്‍. സിപിഎം നേതാവും മുന്‍ സ്പീക്കറുമായ എം.വിജയകുമാര്‍, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്, വി.ജോയി, വി.കെ പ്രശാന്ത്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ.വിനോദ് എംഎല്‍എ തുടങ്ങിയവരാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ചത്.
സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ് എന്നു വ്യക്തമാക്കിയ കോടതി, നേതാക്കളുടെ മാപ്പപേക്ഷയിലും പൊലീസ് സത്യവാങ്മൂലങ്ങളിലുമുള്ള അതൃപ്തിയും പ്രകടമാക്കി. കേസ് അടുത്ത മാസം മൂന്നിനു വീണ്ടും പരിഗണിക്കുമ്പോള്‍ നേതാക്കള്‍ ഇനി നേരിട്ടു ഹാജരാകേണ്ടതില്ലെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വഞ്ചിയൂരില്‍ റോഡ് കൊട്ടിയടച്ച സിപിഎം ഏരിയ സമ്മേളനം, സെക്രട്ടറിയേറ്റിനു മുന്നില്‍ സിപിഐയുടെ ജോയിന്റ് കൗണ്‍സില്‍ സ്ഥാപിച്ച ഫ്ലക്സ്, കൊച്ചി കോര്‍പറേഷനു മുന്നിലെ കോണ്‍ഗ്രസ് സമരം തുടങ്ങിയവ റോഡ്, നടപ്പാത ഗതാഗതം തടസപ്പെടുത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി എടുത്ത കോടതിയലക്ഷ്യ കേസിലാണ് നേതാക്കള്‍ ഹാജരായത്. ഇന്നു ഹാജരാകേണ്ടിയിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഈ മാസം 12ന് ഹാജരാകാന്‍ നല്കിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു.
എന്നാല്‍ മാപ്പപേക്ഷ കൊണ്ടുമാത്രം കാര്യമില്ലെന്നു കോടതി വ്യക്തമാക്കി. വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പരിപാടി നടത്തരുതെന്ന് പൊലീസ് പറഞ്ഞിട്ടും കേട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസിന്റെ സത്യവാങ്മൂലം കണ്ടാല്‍ അവര്‍ ഇതിനൊക്കെ പ്രാപ്തരാണോ എന്നു പോലും തോന്നിപ്പോകും. ബാലരാമപുരത്ത് റോഡ് തടസപ്പെടുത്തി പരിപാടിയെക്കുറിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥ അറിഞ്ഞിട്ടുപോലുമില്ല. എറണാകുളത്ത് ജനറല്‍ ആശുപത്രിയിലേക്കു പോകുന്ന വഴിയിലെ നടപ്പാതയാണു തടസപ്പെടുത്തുന്നത് എന്നോര്‍ക്കണം. റോഡ്, നടപ്പാത സുരക്ഷകള്‍ സംബന്ധിച്ച് ഈ കോടതി എത്ര ഉത്തരവുകള്‍ പുറപ്പെടുവിച്ചു, എത്ര പേര്‍ക്കാണ് ജീവന് നഷ്ടപ്പെടുന്നത് എന്നു കോടതി നിരീക്ഷിച്ചു.
ആരും സമരത്തിന് എതിരല്ലെന്നു പറഞ്ഞ കോടതി, എന്നാല്‍ റോഡും നടപ്പാതയുമൊന്നുമല്ല അതിനുള്ള സ്ഥലമെന്നും വ്യക്തമാക്കി. ആരും ചെയ്ത കാര്യത്തെ ന്യായീകരിക്കുന്നില്ലെന്നും നിരുപാധികമാണു മാപ്പു പറയുന്നതെന്നും അഡീഷനല്‍ അഡ്വ. ജനറല്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങളുണ്ടാകാതെ നോക്കുമെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് കോടതിയലക്ഷ്യ കേസ് എടുത്തിട്ടുള്ള ഓരോരുത്തരും പ്രത്യേകം സത്യവാങ്മൂലം സമര്‍പ്പിക്കണെന്നും പൊലീസ് അധിക സത്യവാങ്മൂലവും സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha

























