മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണക്കേസ്: തൊണ്ടി മുതലുകള്‍ കോടതിയില്‍ കാണാനില്ല... മാര്‍ച്ച് 26 ന് ഹാജരാക്കാന്‍ അസി. സെഷന്‍സ് കോടതി ഉത്തരവിട്ടു

യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും എസ് എഫ് ഐ കോളേജ് യൂണിറ്റ് പ്രസിഡന്റുമായ ശംഭു എന്ന ശിവരഞ്ജിത്ത് പ്രതിയായ ഫോര്‍ട്ട് വധശ്രമക്കേ
സിലെ തൊണ്ടി മുതലുകള്‍ കോടതിയില്‍ കാണാനില്ല.
മാര്‍ച്ച് 26 ന് ഹാജരാക്കാന്‍ അസി. സെഷന്‍സ് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. അസി. സെഷന്‍സ് കോടതി ജഡ്ജി അനു. റ്റി . തോമസിന്റെതാണുത്തരവ്. കേസ് വിചാരണക്കായി തൊണ്ടിമുതലുകളുംതൊണ്ടി ലിസ്റ്റും പരിശോധിക്കവേയാണ് തൊണ്ടി മുതലുകളും ലിസ്റ്റും കാണാനില്ലെന്ന വിവരം ബെഞ്ച് ക്ലാര്‍ക്ക് ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
2019 യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസ് കാലയളവില്‍ ശിവരഞ്ജിത്തിന്നെ അറസ്റ്റ് ചെയ്യാതെ കേസ് വിവരങ്ങള്‍ മറച്ചു വച്ച് അറസ്റ്റ് വാറണ്ട് മടക്കിയ സിറ്റി ഫോര്‍ട്ട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇന്ന് ( രണ്ടാം തീയതി ) സിഐ നേരിട്ട് ഹാജരായി വിശദീകരണം ബോധിപ്പിക്കാനും മജിസ്ട്രേട്ട് വിവിജാ രവീന്ദ്രന് ഉത്തരവിട്ടു. വാറണ്ട് പ്രതി മറ്റൊരു കേസില്‍ റിമാന്റില്‍ കഴിയുന്നത് അറിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പ്രൊഡക്ഷന്‍ വാറണ്ടിന് കോടതിയില്‍ അപേക്ഷ നല്‍കാതെ അറസ്റ്റ് വാറണ്ട് മടക്കിയത് നിരുത്തരവാദപരമാണെന്ന് വിലയിരുത്തിയാണ് കോടതി സി ഐ ക്ക് ഷോക്കോസ് നോട്ടീസും നല്‍കിയത്. രണ്ടു തവണ കോടതി ആവശ്യപ്പെട്ടിട്ടും ശിവരഞ്ജിത് ഒന്നാം പ്രതിയായി തിരുവനന്തപുരം ജില്ലാ ജയിലില്‍ കഴിയുന്ന അഖില്‍ ചന്ദ്രന് വധശ്രമക്കേസിന്റെ ക്രൈം നമ്പര്‍ ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. കോടതിയുത്തരവ് ലംഘിച്ചതിന് സി ഐക്കെതിരെ കോടതി നേരിട്ട് ക്രിമിനല്‍ കേസെടുക്കാതിരിക്കാന്‍ കാരണം വല്ലതുമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണുത്തരവ്. രാവിലെ 11 മണിക്ക് കോടതി കൂടുന്ന സമയത്ത് തുറന്ന കോടതിയിലാണ് സി ഐ ഹാജരാകേണ്ടത്.
ആക്രമണ കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിനെ അറസ്റ്റ് ചെയ്യാന്‍ 2019 ജനുവരി ഇരുപത്തിയൊന്ന് , ഏപ്രില്‍ മുപ്പത് , മെയ് അഞ്ച് , ജൂലൈ ഇരുപത്തിരണ്ട് , ഇരുപത്തൊമ്പത് എന്നീ തീ യതികളിലായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ പല ഒഴിവു കഴിവുകള്‍ ചൂണ്ടിക്കാട്ടി വാറണ്ട് കോടതിക്ക് മടക്കി അയച്ചു. ജൂലൈ 22 ന് വാറണ്ട് പ്രതി കസ്റ്റഡിയിലാണെന്ന് മാത്രം ഒഴുക്കന്‍ മട്ടില്‍ എഴുതി വാറണ്ട് മടക്കി. അപ്പോള്‍ തന്നെ കോടതി ഫോര്‍ട്ട് സിഐ പ്രതി കസ്റ്റഡിയില്‍ കഴിയുന്ന കേസിന്റെ ക്രൈം നമ്പര്‍ ഹാജരാക്കാനും പ്രതിയെ് 29 ന് കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ടയക്കാനും കോടതി ഉത്തരവിട്ടു. എന്നാല്‍ ഫോര്‍ട്ട് പോലീസ് ആഭ്യന്തര വകുപ്പിന്റെയും സി പി എം നേതൃത്വത്തിന്റെയും സ്വാധീനത്താല്‍ കേസ് വിവരം കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ കോടതിയിലെ പ്രോസസ്സ് സെക്ഷന്‍ ക്ലര്‍ക്കിന് പ്രൊഡക്ഷന്‍ വാറണ്ടയക്കാന്‍ കഴിഞ്ഞില്ല. ഫോര്‍ട്ട് സ്റ്റേഷനില്‍ നിന്നും കോടതി ഡ്യൂട്ടിക്ക് വരുന്ന പ്രോസിക്യൂഷന് എയ്ഡ് പോലീസുകാരനും അലംഭാവം കാട്ടി. ജൂലൈ 29 ന് കോടതി കേസ് പരിഗണിച്ചപ്പോഴും ഫോര്‍ട്ട് പോലീസ് വാറണ്ട് പ്രതിയായ ശിവരഞ്ജിത്തിന്റെ കസ്റ്റഡി കേസ് നമ്പര്‍ ഹാജരാക്കിയില്ല. പ്രോസിക്യൂഷന് എയ്ഡ് പോലീസുകാരനും കോടതിയുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കിയില്ല. ഇതോടെയാണ് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
ശിവരഞ്ജിത്തിനെയും നസീമിനെയും പരസ്യമായി തള്ളിപ്പറയുകയും രഹസ്യമായി സംരക്ഷിക്കുകയും ചെയ്യുന്ന സി പി എം നേതൃത്വത്തിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഇരട്ടത്താപ്പാണ് ഇതിലൂടെ മറ നീക്കി പുറത്തു വന്നിരിക്കുന്നത്. കോടതിയിലും സി പി എം നേതൃത്വം പോലീസ് മുഖേന രാഷ്ട്രീയം കളിക്കുന്നതിന്റെ തെളിവാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
2017 ആഗസ്റ്റ് 14 ന് കുറ്റപത്രം സമര്‍പ്പിച്ച സി സി 1163 / 2017 നമ്പര്‍ സി പി എം ആക്രമണക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിനെ കേസില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചതാണ് പോലീസിനെതിരെയുള്ള കോടതി നടപടിക്കാധാരമായത്.
മാരകായുധങ്ങള്‍ ധരിച്ചുള്ള മറ്റ് 5 ആക്രമണക്കേസുകളില്‍ ശിവരഞ്ജിത്തിനെയും കൂട്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കാന്‍ തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. അഞ്ച് കേസുകളിലും തിരുവനന്തപുരം സിറ്റി ഫോര്‍ട്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കോടതി പ്രതിപ്പട്ടികയിലുള്ള ശിവരഞ്ജിത്തടക്കമുള്ള ഗുണ്ടാസംഘങ്ങളെ ആഗസ്റ്റ് 14 ന് ഹാജരാക്കാന്‍ ഫോര്‍ട്ട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് ഉത്തരവിട്ടത്. അഞ്ചില്‍ മൂന്ന് ആക്രമണ കേസുകളില്‍ ഡി വൈ എഫ് ഐ ചാല ബ്ലോക്ക് സെക്രട്ടറി ചായക്കട ഉണ്ണി എന്നറിയപ്പെടുന്ന ഉണ്ണിയുടെ സഹോദരന് കൊച്ചുണ്ണി എന്ന രാജേഷ് കൂട്ടുപ്രതിയാണ്. ഇവയില്‍ ഒരു കേസ് ഗര്‍ഭിണിയായ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസും മറ്റൊന്ന് മാരകായുധങ്ങളുമായി സംഘടിച്ച് ആറ്റുകാല്‍ വാര്‍ഡ് വനിതാ കൗണ്‍സിലര്‍ ആര്.സി. ബീനയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് വീടും ഗൃഹോപകരണങ്ങളും അടിച്ചു പൊട്ടിച്ച് നാശനഷ്ടം വരുത്തുകയും കാര്‍ പോര്‍ച്ചില്‍ കിടന്ന കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത കേസുമാണ്.
ശിവരഞ്ജിത്ത് , കൊച്ചുണ്ണി എന്ന രാജേഷ് , കോഴി ഉണ്ണി എന്ന ഉണ്ണി , വലിയ ഉണ്ണി എന്ന ഉണ്ണികൃഷ്ണന് , ആദര്‍ശ് ഖാന് , സുബ്രഹ്മണ്യന് , മോഹന്‍ , ജയദേവ് , സിദ്ധാര്‍ത്ഥ് , അയ്യപ്പദാസ് , ശംഭു എന്ന അഖില്‍രാജ് , അമന് , മിഥുന് ഷാജി , അമല്‍ , വിനോദ് , രതീഷ് മോഹന്‍ , പൊക്കിള്‍ ഭായി എന്ന അനീഷ് കുമാര്‍ , സഹദേവന് , വിക്രമന് , ഇളയവന് എന്ന അഖില്‍ , ഇജാസ് , ജിയാസ് , റിയാസ് , ശിവപ്രസാദ് എന്നിവരാണ് 2016 മുതല്‍ 2018 വരെ നടന്ന ആക്രമണക്കേസിലെ പ്രതികള്‍. തിരുവനന്തപുരം നഗരത്തിലും ചാല , ആറ്റുകാല്‍ മേഖലകളിലും സി പി എം നടത്തുന്ന ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് നാട്ടില്‍ ശംഭു എന്ന് വിളിപ്പേരുള്ള ശിവരഞ്ജിത്തടങ്ങുന്ന സംഘമാണ്. സി പി എം നേത്യത്വത്തിന്റെ പ്രചോദനത്തിലും പിന്തുണയുണ്ടെന്ന ധൈര്യത്തിലും അഹങ്കാരത്തിലുമാണ് പ്രതികള്‍ ആരെയും ഭയക്കാതെ ആക്രമണം നടത്തുന്നത്.
ശിവരഞ്ജിത്തിനെതിരെയുള്ള പരാതികള്‍ ഫോര്‍ട്ട് പോലീസ് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും സ്ഥലവാസികള്ക്കിടെ പരക്കെ നിലവിലുണ്ട്. കൂടാതെ ശിവരഞ്ജിത്തും കൂട്ടാളികളും പ്രതികളാകുന്ന കേസുകളില്‍ കുറ്റപത്രത്തില്‍ ശിവരഞ്ജിത്തിന്റെ ആള്‍ക്കാരെ തന്നെ വ്യാജ ദൃക് സാക്ഷികളായി ഫോര്‍ട്ട് പോലീസ് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പടുത്തും. സി പി എം പ്രദേശിക - ജില്ലാ നേതൃത്വം തന്നെയാണ് കള്ള സാക്ഷികളുടെ പേരും വിലാസവും പോലീസിന് നല്‍കുന്നത്. വിചാരണ വേളയില്‍ സംഭവം കണ്ടിട്ടില്ലെന്ന് ഈ വ്യാജ സാക്ഷികളെക്കൊണ്ട് കോടതിയില്‍ മൊഴി കൊടുപ്പിച്ച് പ്രതികളെ ശിക്ഷയില്‍ നിന്നും രക്ഷിച്ചെടുക്കാനാണ് പോലീസും സിപിഎമ്മും ചേര്‍ന്ന് ഇപ്രകാരം ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























