പത്ത് വര്‍ഷം ഈ പാപഭാരം ശിരസിലേറ്റി നടക്കുകയായിരുന്നു: ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെ വിട്ട കോടതി വിധിയില്‍ ദൈവത്തിന് നന്ദിയര്‍പ്പിച്ച് പിതാവ് സി.പി ചാക്കോ

ലഹരിക്കേസില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയെ മുക്തമാക്കിയ കോടതി വിധിയില്‍ ദൈവത്തിന് നന്ദിയര്‍പ്പിച്ച് പിതാവ് സി.പി ചാക്കോ. ഷെന്‍ ടോം ചാക്കോയേയും മോഡലുകളെയും വെറുതെ വിട്ട് എറണാകുളം അഡിഷനല്‍ സെഷന്‍സ് കോടതി. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായി അവസാനിച്ചുവെന്നും കഴിഞ്ഞ പത്ത് വര്‍ഷം ഈ പാപഭാരം ശിരസിലേറ്റി നടക്കുകയായിരുന്നുവെന്ന് സി.പി ചാക്കോ പറഞ്ഞു. അതിനൊരു മോചനമാണ് കിട്ടിയിരിക്കുന്നത്. മണിപ്പാലില്‍ കാടിനകത്ത് ഷൂട്ട് നടക്കുന്നതിനാല്‍ കേസിന്റെ വിവരം ഷൈനിനോട് പറയാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കേസ് വന്ന സമയത്ത് എല്ലാവര്ക്കും അറിയാമായിരുന്നു ഫേക്ക് ആണെന്ന്. അതുകൊണ്ടുതന്നെ ഷൈനിന്റെ കരിയറിന് താഴ്ചയൊന്നും സംഭവിച്ചില്ല. ഷൈനിന്റെ ഡേറ്റ് അടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഇപ്പോള്‍ ഞാനാണ്. പുതിയ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിട്ടുണ്ട്.
10 വര്‍ഷവും പദ്മവ്യൂഹത്തില്‍ പെട്ട അവസ്ഥയിലായിരുന്നു. ഇതിന് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് വിധി വന്നതിന് ശേഷം ഞങ്ങള്‍ അന്വേഷിക്കും. ഷൈനിനെ കേസില്‍ പെടുത്തിയതാണ് എന്നുതന്നെയാണ് വിശ്വസിക്കുന്നത്. വിധിപകര്‍പ്പ് കിട്ടിയതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സി.പി ചാക്കോ വ്യക്തമാക്കി.
2015 ജനുവരി 30ന് കടവന്ത്രയിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലായിരുന്നു ഷൈനും മോഡലുകളും ഉള്‍പ്പെടെ അഞ്ചു പേര് കൊക്കെയ്നുമായി പിടിയിലായത്. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ആദ്യ കൊക്കെയ്ന്‍ കേസും ഇതായിരുന്നു. 2018 ഒക്ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ച കേസില്‍ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഏഴാം പ്രതി ഒഴികെ മറ്റെല്ലാവരെയും വെറുതെ വിടുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് കടവന്ത്രയിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായിരുന്നു. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. കേസില്‍ എട്ടുപ്രതികളാണ് ഉണ്ടായിരുന്നത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. രാമന് പിള്ളയാണ് ഹാജരായത്.
https://www.facebook.com/Malayalivartha

























