കേരളത്തിലെ വന്യജീവി പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്ക്രിയത്വം കാണിക്കുന്നുവെന്ന് എം വി ഗോവിന്ദന്

സംസ്ഥാനത്തെ മലയോര മേഖലകളില്‍ വര്‍ദ്ധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്ക്രിയത്വെ കാണിക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വനം, വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനാണ് പ്രാഥമിക ഉത്തരവാദിത്തം എന്നും സി പി എം അവകാശപ്പെട്ടു.
വന്യജീവി ആക്രമണങ്ങളുടെയും മനുഷ്യ-മൃഗ സംഘര്‍ഷങ്ങളുടെയും ഭീഷണി വര്‍ദ്ധിച്ചിട്ടും, കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതില്‍ പരാജയപ്പെട്ടുവെന്ന് എം വി ഗോവിന്ദന് ആരോപിച്ചു. വനത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും മുഴുവന്‍ ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിലേക്ക് മാറ്റിക്കൊണ്ട്, ഈ വിഷയത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'വന്യജീവി ശല്യം ഇന്ന് ഗുരുതരമായ ഒരു പ്രശ്നമാണ്. ശക്തമായ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്.' മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഒരു പ്രധാന ഭാഗം വനപ്രദേശമായ മലയോര പ്രദേശങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദന്, വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാന്‍ വേലി കെട്ടുകയോ മറ്റ് നടപടികള്‍ നടപ്പിലാക്കുകയോ ചെയ്യുന്നത് പ്രായോഗികമായി അസാധ്യമാണെന്നും പറഞ്ഞു.
'കേന്ദ്രത്തിന്റെ സഹായത്തോടെ മാത്രമേ അത്തരം നടപടികള്‍ നടപ്പിലാക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി കേരള സര്‍ക്കാര്‍ സമഗ്രമായ ഒരു പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമീപ മാസങ്ങളില്‍ കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 27 വയസ്സുള്ള ഒരാള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച യുഡിഎഫ് വയനാട് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























