ഇവന്മാര് നഴ്സായാല്‍... കോട്ടയം നഴ്സിങ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗിങ് നടത്തിയത് അതിക്രൂരമായി; സിനിമയിലെ സൈക്കോ വില്ലന്മാരെ തോല്പിക്കുന്ന ക്രൂരത

അടുത്തകാലത്തൊന്നും ഇങ്ങനെയൊരു റാഗിംഗ് കേട്ടിട്ടില്ല. അത്രയ്ക്ക് ക്രൂരമാണ്. കട്ടിലില്‍ ബലമായി കിടത്തിയിട്ട് കയ്യും കാലും തോര്‍ത്തുകൊണ്ട് കെട്ടി. പിന്നെ ശരീരമാസകലം ലോഷന്‍ ഒഴിച്ചു. തുടര്‍ന്ന് ദേഹത്തു കയറിയിരുന്ന് ശരീരം മുഴുവന്‍ വരഞ്ഞു മുറിവേല്പിച്ചു. വേദനിച്ചു കരഞ്ഞവരുടെ വായില്‍ ലോഷന്‍ ഒഴിച്ചു. ശബ്ദം പുറത്തുവന്നാല്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി:
റാഗിങ്ങിന് ഇരയായ വിദ്യാര്‍ഥികള്‍ തങ്ങളനുഭവിച്ച ദുരിതങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ പൊലീസുകാര്‍ പോലും ഞെട്ടി. സിനിമകളിലെ സൈക്കോ വില്ലന്മാര് കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ ജൂനിയര്‍ വിദ്യാര്‍ഥികളോടു കാട്ടാന്‍ പ്രതികള്‍ക്കു മടിയുണ്ടായില്ല. പണത്തിനു വേണ്ടിയാണു ക്രൂരത ആരംഭിച്ചത്. ശനിയാഴ്ചകളില്‍ സീനിയേഴ്സിന് മദ്യപിക്കാന്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ പണം നല്‍കണം. 800 രൂപയാണ് ജൂനിയേഴ്സ് നല്‍കേണ്ട ആഴ്ചപ്പടി.
രാത്രികാലങ്ങളിലാണ് മര്‍ദനവും ക്രൂരതകളും അരങ്ങേറിയത്. നഗ്നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ ജിംനേഷ്യത്തില്‍ ഉപയോഗിക്കുന്ന ഡംബല്‍ കെട്ടിത്തൂക്കുക, ശരീരത്ത് സൂചി ഉപയോഗിച്ചു മുറിവേല്പിക്കുക, മുഖത്ത് തേക്കുന്ന ക്രീം വായില്‍ ഒഴിക്കുക തുടങ്ങിയ ക്രൂരതകളുടെ ദൃശ്യങ്ങള്‍ ഗാന്ധിനഗര്‍ പൊലീസിനു ലഭിച്ചു.
ഇത്തരം ക്രൂരതകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് മറ്റു ജൂനിയര്‍ വിദ്യാര്‍ഥികളെ കാണിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. തങ്ങളോടു ബഹുമാനം കാണിക്കുന്നില്ലെന്നു പറഞ്ഞു സീനിയേഴ്സ് കഴുത്തില്‍ കത്തിവയ്ക്കും. കഴുത്ത് അറക്കുമെന്നായിരുന്നു ഭീഷണി. ഭയന്നുപോയ വിദ്യാര്‍ഥികള്‍ ആദ്യമൊന്നും ഇക്കാര്യങ്ങള്‍ വീട്ടില്‍പോലും പറഞ്ഞില്ല. ഒടുവില്‍ സഹികെട്ട വിദ്യാര്‍ഥികള്‍ കോളജ് അധികൃതര്‍ക്കു നല്കിയ പരാതി ഗാന്ധിനഗര്‍ പൊലീസിനു കൈമാറുകയായിരുന്നു.
മൂന്നു മാസമായി കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്സിങ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ അതിക്രൂരമായി റാഗിങ് നടത്തിയ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ ഒടുവില്‍ അഴിക്കുള്ളിലായി. കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന് (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), അസോസിയേഷന് അംഗങ്ങളായ മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്സണ് (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ സി.റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 5 പേരെയും പുറത്താക്കിയതായി സംഘടനാ നേതൃത്വം അറിയിച്ചു. പ്രതികളെ ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
അറസ്റ്റിലായ രാഹുലും റിജിലും വിവേകും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും സാമുവലും ജീവയും രണ്ടാം വര്‍ഷക്കാരുമാണ്. ഇവരെ കോളജില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ജനറല്‍ നഴ്സിങ് മൂന്നു വര്‍ഷ കോഴ്സിലെ വിദ്യാര്‍ഥികളാണ് റാഗിങ്ങിനിരയായവരും പ്രതികളും. ബോയ്സ് ഹോസ്റ്റലിലായിരുന്നു പീഡനം. ഒന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളായ 6 പേരാണ് റാഗിങ്ങിന് ഇരയായത്. കഴിഞ്ഞ നവംബറിലാണ് റാഗിങ് ആരംഭിച്ചത്. മദ്യപിക്കാന്‍ ജൂനിയര്‍ വിദ്യാര്‍ഥികളോട് പണം ആവശ്യപ്പെടുക, നല്കാത്തവരെ ക്രൂരമായി മര്‍ദിക്കുക, സീനിയേഴ്സിനെ കാണുമ്പോള്‍ എഴുന്നേറ്റ് സല്യൂട്ട് അടിച്ചില്ലെങ്കില്‍ അസഭ്യം പറയുകയും കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്യുക തുടങ്ങിയവ പതിവായിരുന്നെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്കി.
പ്രതികള്‍ ഹോസ്റ്റലില്‍ ഗുണ്ടാനേതാക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്. റാഗിങ് മൂലം സഹികെട്ട ജൂനിയര്‍ വിദ്യാര്‍ഥികള്‍ കോളജ് അധികൃതര്‍ക്കു നല്കിയ പരാതി ഗാന്ധിനഗര്‍ പൊലീസിനു കൈമാറുകയായിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തായത്.
https://www.facebook.com/Malayalivartha

























