പുല്പള്ളി താഴെയങ്ങാടിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

പുല്പള്ളി താഴെയങ്ങാടിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക സംഘത്തിലുള്പ്പെട്ടതാണെന്ന് സംശയിക്കുന്ന മീനങ്ങാടി സ്വദേശിയായ യുവാവാണ് പുല്പള്ളി പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചനകളുള്ളത്.
എരിയപ്പള്ളി ഗാന്ധിനഗര്‍ കോളനിയിലെ അരീക്കണ്ടി റിയാസ് (24) കൊല്ലപ്പെട്ട സംഭവത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. രക്ഷപ്പെട്ട മറ്റുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ബുധനാഴ്ച രാത്രി എട്ടോടെ താഴെയങ്ങാടി ബെവറജസിന് സമീപത്തുവെച്ചാണ് റിയാസിന് കുത്തേറ്റത്. ശരീരത്തില്‍ ഒട്ടേറെ കുത്തേറ്റ് ബോധരഹിതനായി റോഡില്‍ വീണ റിയാസിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ബത്തേരിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്.
പരിക്ക് വളരെ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിനു മുന്‍പ് ജീവന് നഷ്ടമായി. റിയാസിന്റെ കൊലപാതകത്തില്‍ മീനംകൊല്ലി സ്വദേശി രഞ്ജിത്ത്, മണിക്കുട്ടന് എന്നിവരെ പ്രതിചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചനകള്‍. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha

























