‘വണ്ടി അടിച്ചു തകർക്കെടീ... മൊബൈൽ ഫോൺ ഉപയോഗിച്ചു ജീപ്പിന്റെ മുൻവശത്തെ ഗ്ലാസ് ഇടിച്ചു പൊട്ടിച്ച് റിസിലി.. പാലാരിവട്ടം സംസ്‌കാര ജംക്‌ഷനിൽ താണ്ഡവമാടി പിന്നാലെ എട്ടിന്റെ പണിയും...

ലഹരി മരുന്ന് കഴിച്ച് നാട്ടുകാരെയും പോലീസിനെയും ആക്രമിച്ച് നടുറോഡിൽ അസഭ്യവർഷം നടത്തിയ യുവതിയും യുവാവും അറസ്റ്റിലായത് നാടകീയ രംഗങ്ങൾക്കൊടുവിലാണ്. ഇന്നലെ പുലർച്ചെ പന്ത്രണ്ടരയോടെ പാലാരിവട്ടം സംസ്‌കാര ജംക്‌ഷനിൽ പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച കോഴിക്കോട് വെള്ളയിൽ ഹാർബർ കല്ലിങ്കൽ വീട്ടിൽ റിസിലി(23), പാലാരിവട്ടം കടന്ത്രാ വീട്ടിൽ പ്രവീൺ(28) എന്നിവരാണു പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. റിസിലി പൊലീസിനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും പൊലീസ് വാഹനത്തിന്റെ ചില്ലു തകർക്കുകയും ചെയ്തു.
യുവാവും യുവതിയും വഴിയാത്രക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തുന്നു എന്ന വിവരമറിഞ്ഞാണു പാലാരിവട്ടം എസ്ഐ മിഥുൻ മോഹനും സംഘവും സ്ഥലത്തെത്തിയത്. ഈ സമയം നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചും അസഭ്യം പറഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പ്രതികൾ. പ്രവീണിനെ കീഴടക്കി ജീപ്പിനുള്ളിൽ കയറ്റിയതോടെ റിസിലി ആക്രോശവുമായി പൊലീസിനു നേരെ പാഞ്ഞടുത്തു. അസഭ്യം പറഞ്ഞു വാഹനത്തിലിടിച്ചു.
ഇതിനിടെ ‘വണ്ടി അടിച്ചു തകർക്കെടീ’ എന്നുള്ള പ്രവീണിന്റെ നിർദേശം കേട്ടതോടെ റിസിലി കയ്യിലിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ചു ജീപ്പിന്റെ മുൻവശത്തെ ഗ്ലാസ് ഇടിച്ചു പൊട്ടിച്ചു. മുൻ സീറ്റിലിരുന്ന എസ്ഐയെ അസഭ്യം പറഞ്ഞു കഴുത്തിൽ കുത്തിപ്പിടിച്ചു. വനിതാ പൊലീസ് കൂടെ ഇല്ലാതിരുന്നതിനാൽ റിസിലിയെ കീഴടക്കാനും കഴിഞ്ഞില്ല. ഇതോടെ കയ്യിലിരുന്ന വെളുത്ത പൊടി നിറച്ച കവർ ഉയർത്തിക്കാട്ടി, തന്റെ കയ്യിൽ ലഹരിമരുന്ന് ആണെന്നും താനതു കഴിക്കാൻ പോകുകയാണെന്നും റിസിലി പറഞ്ഞു. ഈ പൊടി വായിലിട്ട ശേഷം ഉടൻ സ്ഥലം വിടുകയും ചെയ്തു.
പ്രവീണിനെ സ്റ്റേഷനിലെത്തിച്ച ശേഷം വനിതാ പൊലീസിനൊപ്പം മടങ്ങിയെത്തി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും റിസിലിയെ കണ്ടെത്താനായില്ല. എന്നാൽ, നേരം പുലർന്നപ്പോൾ പ്രവീണിനെ വിട്ടയ്ക്കണമെന്ന ആവശ്യവുമായി റിസിലി സ്റ്റേഷനിലെത്തി. ഉടൻ കസ്റ്റഡിയിലെടുത്തെങ്കിലും പൊലീസിനെ ആക്രമിച്ച ശേഷം ഇവർ സ്റ്റേഷനു പുറത്തേക്കോടി. പിടികൂടാനായി പിന്തുടർന്ന നസീറ എന്ന സിവിൽ പൊലീസ് ഓഫിസറെ വഴിയിലിട്ടു മർദിച്ചു.
ഇതോടെ കൂടുതൽ പൊലീസെത്തി കീഴടക്കി. നസീറ ആശുപത്രിയിൽ ചികിത്സ തേടി. പൊതുമുതൽ നശിപ്പിക്കുക, പൊലീസിനെ ആക്രമിച്ചു കൃത്യനിർവഹണം തടസ്സപ്പെടുത്തുക, മാരകായുധം കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ചേർത്തു പ്രതികൾക്കെതിരെ കേസെടുത്തു. ഇരുവരെയും റിമാൻഡ് ചെയ്തു. ഡിസംബർ 15ന് പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റൽ അടിച്ചു തകർത്ത കേസിൽ പ്രതിയായ റിസിലിക്കെതിരെ നോർത്ത് സ്റ്റേഷനിലും ലഹരിക്കേസുകളുണ്ട്.
https://www.facebook.com/Malayalivartha

























