വിദ്യാർത്ഥി മരിച്ചു എന്ന് താൻ അറിയുന്നത് പോലീസുകാരൻ വിളിച്ചപ്പോൾ; പ്രതികരിച്ച് ക്ലർക്ക്

കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥി ബെൻസൺ ഏബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്ത് . ഓഫീസിൽ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും ക്ലർക്ക് ജെ. സനലുമായി തർക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഇക്കാര്യം അറിയിക്കാനാണ് താൻ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയത്. ക്ലർകിനോട് ചോദിച്ചപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല. ഇന്നലെ രാത്രി വൈകി വാട്സ്ആപ്പിൽ ഇന്ന് അവധിയായിരിക്കുമെന്ന് ക്ലർക് മെസേജ് അയച്ച് അറിയിച്ചെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ക്ലർകുമായുണ്ടായ തർക്കമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രൊജക്റ്റ് റിപ്പോർട്ടിൽ സീൽ വെക്കാൻ ക്ലർക്ക് സമ്മതിച്ചില്ലെന്നും ക്ലർക്ക് കുട്ടിയോട് മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. ഇതിന് ശേഷം രക്ഷിതാക്കളെ കൂട്ടി വരാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. ഇത് ശരിവച്ച് കാട്ടാക്കട എംഎൽഎ ജി സ്റ്റീഫനും രംഗത്ത് വന്നു. റെക്കോർഡ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വിദ്യാർത്ഥിയും സ്കൂളിലെ ക്ലർക്കും തമ്മിൽ സംസാരം ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
ഇതേത്തുടർന്ന് രക്ഷിതാവിനെ സ്കൂളിലേക്ക് വിളിപ്പിച്ചത് കുട്ടിക്ക് വിഷമമായെന്ന് കരുതുന്നു. ആർടിഒ സ്ഥലത്തെത്തി. ആരോപണങ്ങൾ പൊലീസ് പരിശോധിക്കും. കൂടെയുണ്ടായിരുന്ന കുട്ടികളുടെ മൊഴിയടക്കം അധികൃതർ പരിശോധിക്കും. ബെൻസണിന്റെ റെക്കോർഡ് സീൽ ചെയ്തു കൊടുത്തില്ലെന്നാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂളിൽ പബ്ലിക് എക്സാമിൻ്റെ ഭാഗമായുള്ള മോഡൽ എക്സാം നടക്കുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ പറയുന്നു. ഏതു കുട്ടിയുടെ റെക്കോർഡ് ആണ് സീൽ ചെയാൻ പോയത് എന്നു ചോദിച്ചപ്പോൾ മറ്റൊരു കുട്ടിയുടെയാണെന്നാണ് പറഞ്ഞത്. ഇന്നലെ പ്രശ്നത്തിന് ശേഷം കുട്ടിയുടെ റെക്കോർഡ് സൈൻ ചെയ്ത് സീൽ ചെയ്തു. ഇന്ന് ക്ലർക്ക് ലീവ് ആണെന്ന് ഇന്നലെ രാത്രി വാട്സ്ആഫ്പിൽ അറിയിച്ചു.
സ്കൂളിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു ഇന്ന്. ക്ലർക്കും കുട്ടിയും തമ്മിൽ തർക്കം ഉണ്ടായതായി കുട്ടിയാണ് തന്നോട് പറഞ്ഞത്. ഇക്കാര്യങ്ങളാണ് താൻ കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് അറിയിച്ചത്. ക്ലർക്കിനോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല. ക്ലർക്കിനോട് വിശദീകരണം ചോദിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
കുടുംബത്തിന്റെ പരാതി ശരിയല്ലെന്ന് ആരോപണവിധേയനായ ക്ലർക്ക് പ്രതികരിച്ചു. ഇന്നലെ പ്രിൻസിപ്പലിന്റെ മേശപ്പുറത്തിരുന്ന സീൽ വിദ്യാർത്ഥി എടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞെന്നും സീൽ ഏതാണെന്ന് അറിയില്ലെന്ന് പറഞ്ഞപ്പോൾ വഴക്കുണ്ടാക്കിയെന്നും ക്ലർക്ക് വെളിപ്പടുത്തി. എന്തിനാണ് സീലുകൾ എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞിട്ടാണ് എന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി നിനക്ക് സീൽ അറിയത്തില്ലാത്തതുകൊണ്ട് പറഞ്ഞ ടീച്ചറോട് വന്ന് എടുക്കാൻ താൻ മറുപടി പറഞ്ഞു.
പിന്നാലെ വിദ്യാർഥി തന്നോട് വഴക്കിട്ട് റൂമിൽ നിന്ന് പോയി എന്നാണ് ക്ലർക്കിന്റെ വിശദീകരണം. ഇങ്ങനെ ഒരു വിഷയം ഇന്നലെ ഓഫീസിൽ നടന്നിരുന്നു. എന്നാൽ കുട്ടിയുടെ പേരോ ക്ലാസ്സ് തനിക്കറിയില്ലെന്നും പ്രിൻസിപ്പലിനോട് ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിരുന്നില്ലെന്നും ക്ലർക്ക് അറിയിച്ചു. ഇന്ന് രാവിലെയാണ് പ്രിൻസിപ്പൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായോ എന്ന് തന്നോട് ചോദിച്ചത്. വിദ്യാർത്ഥി മരിച്ചു എന്ന് താൻ അറിയുന്നത് 11 മണിയോടെ ഒരു പോലീസുകാരൻ വിളിച്ചപ്പോൾ മാത്രമാണെന്നും ക്ലർക്ക് പ്രതികരിച്ചു.
കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് ഇന്ന് രാവിലെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രൊജക്ട് സീൽ ചെയ്യാൻ ചെന്നപ്പോൾ ക്ലർക്ക് പരിഹസിച്ചുവെന്ന് വിദ്യാർത്ഥിയുടെ അമ്മാവൻ പറഞ്ഞു. 'മരണപ്പെട്ട എന്ന് പറഞ്ഞാൽ നീതിയാകില്ല. കൊല്ലപ്പെട്ട എന്ന് പറയണം. ഇന്നലെ ഈ സ്‌കൂളിലെ ഒരു ക്ലർക്കിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദിത്തപരമായ പെരുമാറ്റമുണ്ടായി. അങ്ങനെയാണ് എന്റെ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടത്. ഇവർക്ക് റെക്കാർഡ് വയ്‌ക്കേണ്ട ദിവസമായിരുന്നു ഇന്നലെ. ആ റെക്കാർഡ് വയ്ക്കണമെങ്കിൽ സ്‌കൂളിന്റെ സീൽ വേണമത്രേ. നമ്മളൊക്കെ പഠിക്കുമ്പോൾ അതൊന്നുമില്ലല്ലോ. അദ്ധ്യാപകൻ സീൽ ചെയ്തുവരാൻ കുട്ടികളെ ഓഫീസിലേക്ക് അയച്ചു.
ആ ക്ലർക്കിനോട് സീൽ ചെയ്ത് തരാൻ പറഞ്ഞപ്പോൾ പിള്ളേരെ കളിയാക്കുന്ന, അവഗണിക്കുന്ന രീതിയിൽ പെരുമാറി. സീൽ എടുത്തോട്ടെ സാർ എന്ന് ചോദിച്ചപ്പോൾ നിന്റെ അപ്പന്റെ വകയാണോടാ സീൽ എന്ന് ചോദിച്ചു. ഇത് പബ്ലിക്കായി പറയുമ്പോൾ ബുദ്ധിമുട്ടുണ്ട്. ഞങ്ങളുടെ ഉള്ളിൽ ഒരു തീ കത്തുന്നുണ്ട് അതുകൊണ്ട് പറയുകയാണ്. ഇത് മോൻ അവന്റെ അമ്മയായ എന്റെ സഹോദരിയോട് പറഞ്ഞതാണ്. ക്ലർക്ക് മാത്രമല്ല ഈ സ്‌കൂളിലെ പല അദ്ധ്യാപകരും ഇവനെ ഹരാസ് ചെയ്തിട്ടുണ്ട്. അവനെ സമാധാനിപ്പിക്കുന്ന രക്ഷിതാക്കളാണ് ഞങ്ങൾ. അതിനുകിട്ടിയ ട്രോഫിയാണിത്.'- വിദ്യാർത്ഥിയുടെ അമ്മാവൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























