പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ച: ചാലക്കുടിയിലെ മോഷ്ടാവ് അങ്കമാലിയിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു

പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചയ്ക്കു പിന്നില്‍ പരിചിതനായ മോഷ്ടാവ് ആയിരിക്കില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിചിതനായ മോഷ്ടാവ് തിരക്കുള്ള ഉച്ചസമയത്ത് ഇത്തരമൊരു മോഷണം നടത്തില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാഷ് കൗണ്ടറിലിരുന്ന വനിതാ ജീവനക്കാരിയോടു താക്കോല്‍ എവിടെയെന്ന് മോഷ്ടാവ് ചോദിച്ചതു ഹിന്ദിയിലാണ്. ഇതര സംസ്ഥാനത്തു നിന്നുള്ള മോഷ്ടാവ് ആണോ അതോ ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഇയാള്‍ ഹിന്ദിയില്‍ സംസാരിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നു.
ചാലക്കുടിയിലെ മോഷ്ടാവ് അങ്കമാലിയിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. ഇയാളുടെ യാത്ര കൊച്ചിയിലേക്കെന്നാണ് സൂചന. അങ്കമാലി, ആലുവ, എറണാകുളം നഗരപരിധിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരെ ബന്ദിയാക്കിയാണ് കവര്‍ച്ച നടന്നത്. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറില്‍നിന്നു കവര്‍ന്നത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു മനസ്സിലാവുന്നത്. ഉച്ചയോടെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു കവര്‍ച്ച. ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നു എസ്പി ബി. കൃഷ്ണകുമാര്‍ പറഞ്ഞു.
തുടര്‍ന്നു കയ്യില്‍ കിട്ടിയ കറന്‍സികള്‍ എടുത്ത ശേഷം രക്ഷപെടുകയായിരുന്നു. തിരക്കേറിയ ജംക്ഷനില്‍ പട്ടാപ്പകലായിരുന്നു കവര്‍ച്ച. പണം അപഹരിച്ച ശേഷം ഇയാള്‍ സ്കൂട്ടറില്‍ കയറി സ്ഥലം വിടുകയായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബാങ്കില്‍ ആ സമയം എട്ടു ജീവനക്കാരാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























