ടി പി ശ്രീനിവാസന്റെ കരണത്തടിച്ചത് മഹാ അപരാധമായി തോന്നുന്നില്ലെന്ന് പി എം ആര്‍ഷോ

യുഡിഎഫ് ഭരണകാലത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്കെതിരായ സമരത്തിനിടെ ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം ന്യായീകരിച്ച് പി എം ആര്‍ഷോ. ടി പി ശ്രീനിവാസനെ അടിച്ചത് മഹാ അപരാധമായി തോന്നുന്നില്ലെന്നും അതുകൊണ്ട് മാപ്പ് പറയേണ്ടതില്ലെന്നും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. 'അദ്ദേഹത്തെ അടിക്കണം എന്നുവിചാരിച്ച് അല്ല എസ്എഫ്ഐ അവിടേക്ക് പോയത്. സമാധാനപരമായി സമരം നടത്താനാണ് പോയത്. ചില വിദ്യാര്‍ത്ഥികള്‍ അയാളെ അവിടെനിന്നും നീക്കാന്‍ ശ്രമിക്കുകയായിരുന്നു അതിനിടെ കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളാണ് അയാളുടെ നാവില്‍ നിന്ന് വന്നത്. അതുകൊണ്ടാണ് എസ്എഫ്ഐ നേതാവ് തല്ലിയത്.' ആര്‍ഷോ പറഞ്ഞു.
മുന്നില്‍ നിന്ന് തന്തയ്ക്ക് വിളിച്ചപ്പോള്‍ പ്രതികരിച്ചെന്നും അല്ലാതെ ടി പി ശ്രീനിവാസന്റെ നിലപാടിന് എതിരായ പ്രതികരണമല്ല ആ മര്‍ദ്ദനമെന്ന് ആര്‍ഷോ വ്യക്തമാക്കി. 2016ല്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു ടി പി ശ്രീനിവാസന്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കോവളത്തെ യോഗത്തിലേക്ക് വരുമ്പോഴായിരുന്നു അദ്ദേഹത്തിന് നേരെ പ്രതിഷേധവും മര്‍ദ്ദനവും ഉണ്ടായത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു മര്‍ദ്ദനം. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അംഗീകാരം നല്കുന്ന ബില്‍ നിലവില്‍ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്നതോടെയാണ് ഒന്‍പത് വര്‍ഷം മുന്‍പത്തെ സംഭവം വീണ്ടും ചര്‍ച്ചയായത്.
അതേസമയം വിദേശ സര്‍വകലാശാലകള്‍ വരുന്നതിനെ സംശയത്തോടെ കാണുന്നതായും വിദേശത്ത് അംഗീകാരമുള്ള വലിയ സര്‍വകലാശാലകള്‍ ഇന്ത്യപോലെ മൂന്നാംലോക രാജ്യത്ത് വരില്ലെന്നും അംഗീകാരമില്ലാത്ത പെട്ടിക്കട സര്‍വകലാശാലകള്‍ വരുന്നത് ആശങ്കയുണ്ടെന്നുമാണ് ആര്‍ഷോയുടെ പ്രതികരണം. എന്നാല്‍ കോട്ടയം ഗവ.നഴ്സിംഗ് കോളേജിലെ റാഗിംഗിന് നേതൃത്വം നല്‍കിയവര്‍ക്ക് എസ്എഫ്ഐയുമായി ബന്ധമുണ്ടെന്നത് അദ്ദേഹം നിഷേധിച്ചു. ജനാധിപത്യപരമായ ഒന്നും നടക്കാത്ത ഈ കാമ്പസില്‍ നടന്ന ക്രൂരകൃത്യത്തില്‍ ഉള്‍പ്പെട്ടവരെ എസ്എഫ്ഐയാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























