കണ്ണൂര്‍ വിമാനത്താവള റണ്‍വെ വികസനത്തിന് ഭൂമി വിട്ടുനല്‍കിയവരുടെ പരാതികളില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍

കണ്ണൂര്‍ വിമാനത്താവള റണ്‍വെ വികസനത്തിന് ഭൂമി വിട്ടുനല്‍കിയവരുടെ പരാതികളില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഈ മാസം ഇരുപതിന് മുഖ്യമന്ത്രി ഉദ്യോഗസ്ഥതല യോഗം വിളിച്ചു. എട്ട് വര്‍ഷമായിട്ടും നഷ്ടപരിഹാരം കിട്ടാതായതോടെ ദുരിതത്തിലായവരെക്കുറിച്ചുളള സ്വകാര്യ ചാനലിന്റെ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇടപെടല്‍. റണ്‍വെ നാലായിരം മീറ്ററാക്കാന്‍ സര്‍ക്കാരിന് ഭൂമി വിട്ടുനല്‍കിയവരാണ് പ്രതിസന്ധിയിലായത്. മട്ടന്നൂര്‍ കീഴല്ലൂരിലെ ഇരുനൂറിലധികം കുടുംബങ്ങള്‍ക്കാണ് വിജ്ഞാപനമിറങ്ങി എട്ട് വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കിട്ടാത്തത്.
ഭൂമി ഒന്നും ചെയ്യാനാകാതെ കഷ്ടത്തിലാണ് ഇവര്‍. ചികിത്സാ ചെലവിന് പോലും വഴിയില്ലെന്ന് മാത്രമല്ല, ജപ്തി ഭീഷണിയും നേരിടുകയാണ് ഈ കുടുംബങ്ങള്‍. സര്‍ക്കാര്‍ വാക്ക് വിശ്വസിച്ചൊടുവില്‍ ദുരിത റണ്‍വെയിലായവരുടെ ജീവിതം ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വരുന്നത്. നഷ്ടപരിഹാരം വൈകുന്നതിന്റെ പ്രതിസന്ധിയും പുനരധിവാസവും ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഈ മാസം ഇരുപതിന് ഓണ്‍ലൈനായി യോഗം ചേരും. വകുപ്പ് സെക്രട്ടറിമാരും ജില്ലാ കളക്ടറും പങ്കെടുക്കും. ഭൂമി ഏറ്റെടുക്കാന്‍ വേണ്ടത് ആയിരത്തിലധികം കോടി രൂപയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത് കണ്ടെത്തുകയെന്നാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. അതിലെന്തെങ്കിലും തീരുമാനമുണ്ടാകുമോ എന്നറിയണം.
റണ്‍വെ വികസനവുമായി മുന്നോട്ടുപോകുമെന്നും പണം കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും, സി പി എം ജില്ലാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയായപ്പോള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. റണ്‍വേ നാലായിരം മീറ്ററാക്കാന്‍ സമരം ചെയ്ത സി പി എമ്മിന്റെ സര്‍ക്കാര്‍ തന്നെ ഭൂമി വിട്ടുനില്‍കിയവരെ പ്രതിസന്ധിയിലാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനവുമുണ്ട്. തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പരിഹാരം കാണാന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദമുണ്ടെന്നും വിവരമുണ്ട്. സ്ഥലം വിട്ടുനല്‍കിയവര്‍ക്കെതിരെ കേരള ബാങ്ക് കഴിഞ്ഞ ദിവസം ജപ്തി നടപടി തുടങ്ങിയിരുന്നു. ഭൂമി വിറ്റ് കടം വീട്ടാന്‍ കഴിയാതെ കുരുക്കിലാവരാണ് ജപ്തി ഭീഷണിയിലായത്. തത്കാലം ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ബാങ്കിന് നിര്‍ദേശം നല്‍കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























