പിറന്നാള്‍ ആഘോഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

പിറന്നാള്‍ ആഘോഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. പട്ടണക്കാട് അടു വീട്ടിത്തറ വീട്ടില്‍ വിശ്വാസ് (25 )ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നിനാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടണക്കാട് സ്വദേശി കൂരാപള്ളിവീട്ടില് വിഷ്ണു(26)വിനെ പോലീസ് പിടികൂടി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, പട്ടണക്കാട് സ്വദേശിയായ സതീശന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ വിശ്വാസും വിഷ്ണുവും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. ഇതിനിടെ വിഷ്ണു കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് വിശ്വാസിനെ വയറ്റില്‍ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിശ്വാസിനെ തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പട്ടണക്കാട് പോലീസിന് കൈമാറി. നാട്ടുകാരുടെ ആക്രമണത്തില്‍ വിഷ്ണുവിനും പരിക്കുണ്ട്. ഇയാളെ കൈയേറ്റം ചെയ്ത നാട്ടുകാര്‍ക്കെതിരേയും പോലീസ് കേസെടുത്തു.
അതേസമയം, മഹാരാഷ്ട്രയിലെ പൂനെയില്‍ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. 37കാരനായ വിക്രം ഗുരുസ്വാമി റെഡ്ഡി എന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വിക്രമും സുഹൃത്തും സഹോദരി പുത്രിയുടെ പിറന്നാളിന് റോഡിന് അരികില്‍ വച്ച് കേക്ക് മുറിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് വെടിവയ്പുണ്ടായത്.
വിക്രമും സുഹൃത്ത് നന്ദകിഷോറും കേക്ക് മുറിക്കാന്‍ തുടങ്ങുന്നതിനിടെ കുറച്ച് പേര് ഇവിടേക്ക് എത്തി റോഡരികില്‍ വച്ചുള്ള ആഘോഷം പറ്റില്ലെന്ന് വിലക്കുകയായിരുന്നു. ഇരുചക്രവാഹനത്തിന് മുകളില്‍ വച്ച് കേക്ക് മുറിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അക്രമി സംഘം ഇവിടേക്ക് എത്തിയത്. ഇതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ സംഘത്തിലൊരാള്‍ വിക്രമിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നന്ദകിഷോറിനെ സംഘം ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുമ്പോഴാണ് വിക്രമിന് വെടിയേറ്റത്.പരിക്കേറ്റ ഇരുവരേയും ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിക്രമിന്റെ ജീവന് രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























