നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാനക്കാരെ 2 മണിക്കൂറില്‍ പിടികൂടി പൊലീസ്

നവജാത ശിശുവിനെ ആലുവയില്‍നിന്നു തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാനക്കാരെ 2 മണിക്കൂറില്‍ പിടികൂടി പൊലീസ്. അസം സ്വദേശിയും ട്രാന്‍സ്ജെന്‍ഡറുമായ റിങ്കി (20), സുഹൃത്ത് നാഗോണ്‍ സ്വദേശി റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് സാഹസികമായി പിടികൂടിയത്. ബിഹാര്‍ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആണ്‍കുട്ടിയെയാണ് ഇവര്‍ തട്ടിയെടുത്തത്.
പെരുമ്പാവൂര്‍ നെടുംതോടാണു കുട്ടിയുടെ മാതാവ് താമസിക്കുന്നത്. പ്രസവാനന്തര സഹായിയായി വീട്ടില്‍ നിന്നിരുന്നതു റിങ്കിയാണ്. പ്രതിഫലമായി 70,000 രൂപ റിങ്കി ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ കുട്ടിയെ തരണമെന്നും പറഞ്ഞു. ഇതിനിടയിലാണു 14ന് കുട്ടിയുമായി മാതാവും റിങ്കിയും ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നു ട്രെയിനില്‍ ബിഹാറിലേക്കു തിരിച്ചത്. ആലുവയില്‍നിന്നു ട്രെയിന്‍ വിട്ടതിനു പിന്നാലെ റിങ്കി കുട്ടിയുമായി പ്ലാറ്റ്ഫോമിലേക്കു ചാടുകയായിരുന്നു.
മാതാവ് അങ്കമാലിയില്‍ ഇറങ്ങിയ ശേഷം ആലുവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70,000 രൂപ ആവശ്യപ്പെട്ടതായി 14ന് രാത്രി 8 മണിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിച്ചത്. തുടര്‍ന്നു പൊലീസ് ആലുവ ഈസ്റ്റ് സ്റ്റേഷനിലെ ക്രൈം ഗാലറിയിലെ ട്രാന്‍സ്ജെന്‍ഡര്‍മാരുടെ ചിത്രം കുഞ്ഞിന്റെ അമ്മയെ കാണിച്ചു. ഇവര്‍ ആളെ തിരിച്ചറിഞ്ഞതോടെ റിങ്കി താമസിച്ചിരുന്ന വാടകവീട്ടില്‍ എത്തി. അപ്പോഴേക്കും അവര്‍ കുട്ടിയുമായി കടന്നിരുന്നു.
സിസിടിവി ക്യാമറകള്‍ പരിശോധിച്ച പൊലീസ്, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, വിമാനത്താവള പരിസരം, ജില്ലാ അതിര്‍ത്തികള്‍, മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ അരിച്ചുപെറുക്കി. രാത്രി 10ന് കൊരട്ടി ഭാഗത്തു പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി രണ്ടുപേരെയും പിടികൂടുകയായിരുന്നു. കുട്ടിയെ തൃശൂരില്‍നിന്ന് അസമിലേക്ക് കൊണ്ടുപോകാനാണു പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണത്തിനു നേതൃത്വം നല്കിയ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.
ഡിവൈഎസ്പി ടി.ആര്.രാജേഷ്, ഇന്‍സ്പെക്ടര്‍ എം.എം.മഞ്ജു ദാസ്, എസ്ഐമാരായ കെ.നന്ദകുമാര്‍, എസ്.എസ്.ശ്രീലാല്‍, സെയ്തുമുഹമ്മദ്, ബി.എം.ചിത്തുജീ, സുജോ ജോര്‍ജ് ആന്റണി, സിപിഒമാരായ ഷിബിന്‍ കെ.തോമസ്, രാജേഷ്, കെ.ഐ.ഷിഹാബ്, മുഹമ്മദ് ഷഹീന്, അരവിന്ദ് വിജയന്, പി.എ.നൗഫല്‍, എന്‍.എ.മുഹമ്മദ് അമീര്‍, മാഹിന്‍ ഷാ അബൂബക്കര്‍, കെ.എം.നോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























