നേതാക്കള്‍ ശശിയായി... ശശി തരൂരിനെ വിമര്‍ശിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തിരിച്ചടി; സംഭവം അനുകൂലമാക്കി സിപിഎമ്മും സര്‍ക്കാരും

ആരാരും ശ്രദ്ധിക്കാതെ പോകുമായിരുന്ന ഒരു ഇംഗ്ലീഷ് ലേഖനം തപ്പിയെടുത്ത് മലയാളികളെ മൊത്തം അറിയിച്ച് വിവാദമാക്കിയത് കോണ്‍ഗ്രസ് നേതാക്കളാണ്. തിരിച്ച് ശശീ തരൂരും രംഗത്തെത്തിയതോടെ നേതാക്കള്‍ വെട്ടിലായി. സംഭവം അനുകൂലമാക്കി സിപിഎമ്മും സര്‍ക്കാരും.
നിലപാടില്‍ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പിന്തുണയ്ക്കുമെന്നും ശശി തരൂര്‍ എംപി ആവര്‍ത്തിച്ചു. തന്റെ ലേഖനം വായിക്കുന്നതില്‍ സന്തോഷമുണ്ട്. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണമെന്നാണ് ലേഖനത്തില്‍ പറയുന്നത്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകരിക്കണം. തന്റെ നിലപാടില്‍ മാറ്റമില്ല. വര്‍ഷങ്ങളായി താന്‍ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താന്‍ ലേഖനമെഴുതിയതെന്നും ശശി തരൂര്‍ പറഞ്ഞു.
സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ അത്യാവശ്യമാണ്. മുഴുവന്‍ പാര്‍ട്ടികളും ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കണം. കേരളത്തില്‍ ഒരു സ്ഥാപനം തുടങ്ങാന്‍ രണ്ടുമിനിറ്റ് മതിയെന്നാണ് രാജീവ് പറഞ്ഞത്. താനത് അന്വേഷിച്ച ശേഷമാണ് പറഞ്ഞതെന്നും തരൂര്‍ വ്യക്തമാക്കി.
ജനം രാഷ്ട്രീയം കാണുന്നു, പക്ഷേ വികസനം കാണുന്നില്ല. സര്‍ക്കാര്‍ നല്ലതും തെറ്റും ചെയ്യുന്നു. ചില വിഷയങ്ങള്‍ ജനതാല്‍പര്യങ്ങള്‍ കണക്കിലെടുത്ത് രാഷ്ട്രീയത്തിന് അതീതമായി കാണണം. എന്തുചെയ്താലും തെറ്റാണെന്ന് പറയുന്നതല്ല പ്രതിപക്ഷം. തനിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. താന്‍ പാര്‍ട്ടിയുടെ വക്താവല്ല, മറിച്ച് വ്യക്തി എന്ന നിലയിലാണ് അഭിപ്രായങ്ങള്‍ പറയുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
കണക്ക് ഏതെന്ന് അറിയാന്‍ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം. വിദേശകാര്യങ്ങളില്‍ രാജ്യതാല്‍പര്യം നോക്കണം. അതില്‍ രാഷ്ട്രീയ താല്‍പര്യം നോക്കരുത്. ഇതാണ് തന്റെ നിലപാട്. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ്. വ്യവസായ സൗഹൃദത്തില്‍ കേരളം ഒന്നാമതായെങ്കില്‍ കാരണം സിപിഎം നല്‍കിയ റാങ്കിങ് അല്ല, ദേശീയ റാങ്കിങ്ങാണ്. ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസില്‍ നിന്ന് ചിലര്‍ വിളിച്ചിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അടിമുടി വിമര്‍ശിക്കുമ്പോഴായിരുന്നു തരൂരിന്റെ പുകഴ്ത്തല്‍. നിക്ഷേപം ആകര്‍ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികളെയും ശശി തരൂര്‍ അഭിനന്ദിച്ചിരുന്നു. സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടിയാണ് തരൂര്‍ ലേഖനമെഴുതിയത്.
അതേസമയം കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂര്‍ പറയുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെഎസ് ശബരീനാഥന്‍. എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട മാനദണ്ഡത്തിന് അപ്പുറമുള്ള കണക്കുകള്‍ കൂടി ശശി തരൂരിന് പരാമര്‍ശിക്കാമായിരുന്നുവെന്നും ശബരീനാഥന്‍ പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ വളര്‍ച്ചക്കായി ഒരുമിച്ചു നില്‍ക്കാം,പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളര്‍ന്നതല്ല എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും ശബരീനാഥന്‍ കുറിച്ചു. കെസി വേണുഗോപാല്‍ മുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വരെ തരൂരിനെ തള്ളിപ്പറയുമ്പോഴാണ് ശബരീനാഥന്റെ പോസ്റ്റ്.
കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം വളരുകയാണ് എന്ന് ഡോ:തരൂര്‍ പറയുന്നതില്‍ തെറ്റില്ല. ഇതിന്റെ ഭാഗമായി നില്‍ക്കുന്നവരില്‍ പലരും സുഹൃത്തുക്കളാണ്, അവര്‍ക്ക് നല്ല കഴിവുണ്ട്, നല്ല പ്രതീക്ഷയുണ്ട്. സര്‍ക്കാരിന്റെ സഹായത്തോടെയും ഇല്ലാതെയും അവര്‍ കുറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കേരളത്തിന്റെ വളര്‍ച്ചക്കായി ഒരുമിച്ചു നില്‍ക്കാം,പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളര്‍ന്നതല്ല എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha

























