മൂന്ന് മാസങ്ങള്‍ക്കു മുമ്പ് ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു....

മൂന്ന് മാസങ്ങള്‍ക്കു മുമ്പ് ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
കൊല്ലം ചിതറ ഭജനമഠം പത്മ വിലാസത്തില്‍ മണിയനാചാരിയുടെ മകന് ശരത് (40), ഭാര്യ കൊല്ലം മാന്തോപ്പില്‍ പുരയിടം അക്ഷരനഗര്‍ പ്രവീണ്‍ നിവാസില്‍ പരേതനായ വിശ്വനാഥെന്റ മകള്‍ പ്രീതി (32) എന്നിവരുടെ മൃതദേഹങ്ങളാണ് അവരവരുടെ വീട്ടുവളപ്പില്‍ സംസ്കരിച്ചത്.
കഴിഞ്ഞവര്‍ഷം നവംബര്‍ 14നാണ് ഉനൈസയിലെ ഫ്ലാറ്റിനുള്ളില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. കഴുത്തില്‍ തുണിമുറുകിയ നിലയില്‍ പ്രീതിയെ നിലത്തും ശരത്തിനെ ജനലഴിയില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടത്.
സുഹൃത്തുക്കളോടൊത്ത് തലേന്ന് രാത്രി സമയംചെലവിട്ട ഇരുവരും ഫ്ലാറ്റിലെത്തിയ ശേഷമായിരുന്നു സംഭവം. വാക്കുതര്‍ക്കത്തിനിടെ പ്രിയയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരത് ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് സൂചനകളുള്ളത്.
റിയാദില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈ വഴി വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ കനിവ് ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നൈസാം തൂലികയും ഇരുവരുടെയും ബന്ധുക്കളും എത്തിയിരുന്നു.
കനിവിന്റെ ശ്രമഫലമായി റിയാദ് ഇന്ത്യന്‍ എംബസി വിമാനയാത്ര ചെലവ് വഹിക്കുകയും നോര്‍ക്ക നാട്ടില്‍ ആംബുലന്‍സ് വീട്ടുനല്‍കുകയും ചെയ്തു. ദീര്‍ഘകാലമായി ഉനൈസയില്‍ ജോലി ചെയ്യുന്ന ശരത് സംഭവത്തിന് രണ്ട് മാസം മുമ്പാണ് ഭാര്യയെ സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നത്.നാല് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികളില്ല.
"
https://www.facebook.com/Malayalivartha

























