ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്ന ആനകള്‍ തമ്മിലും ആനയും ജനങ്ങളും തമ്മിലും നിശ്ചിത അകലം പാലിക്കണമെന്ന നാട്ടാന പരിപാലന ചട്ടം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി വനംവകുപ്പ്

ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്ന ആനകള്‍ തമ്മിലും ആനയും ജനങ്ങളും തമ്മിലും നിശ്ചിത അകലം പാലിക്കണമെന്ന നാട്ടാന പരിപാലന ചട്ടം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി വനംവകുപ്പ്.
കൊയിലാണ്ടിയിലെ ക്ഷേത്രത്തില്‍ മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്. 2012ലെ ചട്ടവ്യവസ്ഥകള്‍ പരിഷ്‌കരിക്കാനും നടപടി തുടങ്ങി. ചില ക്ഷേത്രങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ആനകള്‍ തമ്മിലുള്ള അകലം ഡി.എഫ്.ഒയും ജില്ലാ പൊലീസ് മേധാവിയും ഉള്‍പ്പെടുന്ന മോണിറ്ററിംഗ് കമ്മിറ്റിക്ക് നിശ്ചയിക്കാം.
ഇവിടെയും അകലം കൃത്യമായി ഉറപ്പാക്കണമെന്നാണ് വനംവകുപ്പിന്റെ നിലപാട്.ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ പുതുക്കുന്ന നാട്ടാന പരിപാലന ചട്ടത്തില്‍ ഉള്‍പ്പെടുത്തും. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതിക്ക് വിധേയമായി മാത്രമേ ആന എഴുന്നള്ളിക്കാവൂ. കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങള്‍ക്ക് ആനയെഴുന്നള്ളിപ്പിന് അനുമതി കിട്ടില്ല.
ഉത്സവ തീയതിക്ക് ഒരു മാസം മുമ്പ് അപേക്ഷ നല്‍കണം. ആനകള്‍ തമ്മിലുള്ള അകലം ഉറപ്പാക്കുന്നതിന് ബാരിക്കേഡ്, വടം തുടങ്ങിയ നിര്‍ദ്ദേശങ്ങളും വനംവകുപ്പ് പരിഗണിക്കുന്നുണ്ട്.
മദപ്പാട്, രോഗം, പരിക്ക്, ക്ഷീണം എന്നിവയുള്ള ആനകളെ എഴുന്നള്ളിക്കരുതെന്ന് നിലവിലെ ചട്ടത്തില്‍ പറയുന്നുണ്ട്. ഇടവേളയില്ലാതെ എഴുന്നള്ളിപ്പിന് ആനയെ ഉപയോഗിക്കരുത്. മതിയായ വിശ്രമം നല്‍കുന്നുണ്ടെന്ന് ഫിറ്റ്‌നെസ് നല്‍കുന്ന വെറ്ററിനറി ഡോക്ടര്‍ ഉറപ്പാക്കണം. കടുത്ത സൂര്യപ്രകാശത്തിലും പടക്കം പൊട്ടിക്കുന്നിടത്തും ആനകളെ നിറുത്തരുത്. കാലുകളോട് ചേര്‍ത്തുകെട്ടിയ ഇടച്ചങ്ങലയും മാലച്ചങ്ങലയുമുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
അഞ്ചോ അതിലധികമോ ആനകളെ പങ്കെടുപ്പിക്കുന്നുണ്ടെങ്കില്‍ എലിഫന്റ് സ്‌ക്വാഡിലെ വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പാക്കുകയും വേണം.
" f
https://www.facebook.com/Malayalivartha

























