കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്നു വേട്ട; 750 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട് നഗരത്തില്‍ 750 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചാലിയം സ്വദേശി സിറാജിനെ ഡാന്‍സാഫും ടൌണ്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. ഒന്നരക്കിലോയോളം എംഡിഎംഎയാണ് 50 ദിവസത്തിനിടെ ഡാന്‍സാഫ് നഗരപരിധിയില്‍ പിടിച്ചെടുത്തത്. ഇന്ന് ഉച്ചയോടടുത്താണ് സംഭവം. നിസാമൂദ്ദീന്‍ - തിരുവനന്തപരും സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ കോഴിക്കോട് വന്നിറങ്ങിയതാണ് സിറാജ്. ഡാന്‍സാഫിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
റെയില്‍വേ സ്റ്റേഷന് സമീപത്തെ ആനിഹള്‍ റോഡില്‍ കെണിയൊരുക്കി കാത്തിരുന്നു. സിറാജ് വന്നു കുടുങ്ങി. ബാഗ് പരിശോധിച്ചു. കണ്ടെത്തിയത് 750 ല്‍ അധികം ഗ്രാം എംഡിഎംഎയായിരുന്നു. ദില്ലിയില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത്. ഗോവ വരെ വിമാനത്തില്‍ വന്നു. അവിടുന്ന ട്രെയിന്‍ മാര്‍ഗമായിരുന്നു കോഴിക്കോട്ടേക്ക് എത്തിയത്. എംഡിഎംഎ വില്‍പ്പനയിലെ കണ്ണികളില്‍ പ്രധാനിയാണ് സിറാജ്. എന്നാല്‍, എംഡിഎംഎ പതിവായി ഉപയോഗിക്കുന്ന ശീലമില്ല. മുമ്പും ലഹരിക്കടത്തില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ജയിലില്‍ പത്തുമാസം ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. പുറത്തിറങ്ങിയിട്ടും പക്ഷേ, ഫീല്‍ഡ് വിട്ടില്ല. ലഹരിക്കടത്തിന്റെ ഇടനാഴിയില്‍ സിറാജ് തുടരുകയായിരുന്നു.
ഡാന്‍സാഫും നഗരം പൊലീസുംചേര്‍ന്നാണ് സിറാജിനെ പിടികൂടിയത്. 50 ദിവസത്തിനിടെ ഒന്നരക്കിലോയോളം എംഡിഎംഎയാണ് കോഴിക്കോട് സിറ്റി പൊലീസ് പിടികൂടിയത്. ഫെബ്രുവരി ആറിന് 254 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂര്‍ സ്വദേശി ഷഫീഖാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ ടാക്സി ഡ്രൈവറായിരുന്നു. ഫെബ്രുവരി 5ന് കുന്നമംഗലത്ത് ലോഡ്ജില്‍ വച്ച് 28 ഗ്രാം എംഡിഎംയുമായി രണ്ടുപേര്‍ പിടിയിലായിരുന്നു. കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് എത്തിച്ചതായിരുന്നു മയക്കുമരുന്ന്. ജനുവരി 22നും കാക്കിലോയോളം എംഡിഎംയുമായി രണ്ടുപേരെ ഡാന്‍സാഫും കുന്ദമംഗംല പൊലീസും പിടിച്ചിരുന്നു. മാളുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് തുടങ്ങി, മയക്കുമരുന്ന് കടത്തു സംഘങ്ങളെത്തുന്നിടങ്ങളിലെല്ലാം വ്യാപക പരിശോധനയാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha

























