റിജോയെ പൊലീസ് പിടിച്ചതു കണ്ട് ഞെട്ടിയ സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍; മോഷണ മുതലില്‍നിന്ന് 2.94 ലക്ഷം രൂപ റിജോ നല്‍കിയത് സുഹൃത്തിന്

പോട്ടാ ഫെഡറല്‍ ബാങ്ക് ശാഖയിലെ മോഷണ മുതലില്‍നിന്ന് 2.94 ലക്ഷം രൂപ റിജോ ആന്റണി നല്‍കിയത് സുഹൃത്തിന്്. അന്നനാട് സ്വദേശിയായ ഇയാളില്‍നിന്നു കടം വാങ്ങിയ പണമാണ് റിജോ തിരികെ നല്‍കിയതെന്നാണ് വിവരം. റിജോയെ പൊലീസ് പിടിച്ചതു കണ്ട് ഞെട്ടിയ സഹപാഠി പണവുമായി പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു. ഇയാള്‍ സ്റ്റേഷനിലെത്തി പൊലീസിനു പണം തിരികെ നല്കി. മോഷണ മുതലാണ് റിജോ തനിക്ക് തന്നതെന്ന് സഹപാഠിക്ക് അറിയില്ലായിരുന്നു.
റിജോ പറയുന്ന പല കാര്യങ്ങളിലും വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാത്രി മുഴുവന്‍ വിശദമായ ചോദ്യം ചെയ്യലുണ്ടാകും. പണം മോഷ്ടിച്ച ശേഷം ഇയാള്‍ എന്തു ചെയ്യുകയായിരുന്നു, സഹായത്തിന് ആരെങ്കിലും ഉണ്ടോ തുടങ്ങി കാര്യങ്ങളെല്ലാം ചോദിച്ചറിയേണ്ടതുണ്ട്. നേരം പുലരുമ്പോഴേക്കും കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കണക്കുക്കൂട്ടല്‍.
പൊലീസ് അന്വേഷണം ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും വ്യാപിപ്പിക്കുമെന്ന് പ്രതി കരുതിയിരുന്നില്ല. ആ ധൈര്യത്തിലാണ് ഇയാള്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയത്. പ്രതിയുടെ ചിന്ത ഈ വഴിക്കായിക്കുമെന്ന് കരുതിത്തന്നെയാണ് പൊലീസ് സംഘം അന്വേഷണം മുന്നോട്ട് നയിച്ചത്. ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലുമുള്ള മിക്ക ഊടുവഴികളിലും ഉള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. മാത്രമല്ല, മോഷണത്തിനായി ഇയാള്‍ ബാങ്കിലേക്ക് എത്തിയ വഴികളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
ഇയാള്‍ സഞ്ചരിച്ച വഴികളിലുള്ള സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിനു ചിലയിടങ്ങളില്‍ ഇയാളെ കാണാതാകുന്നതായി മനസിലായി. ഇയാള്‍ സഞ്ചരിച്ചിരുന്ന റൂട്ടില്‍ ചില സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ ഉണ്ടാകും, എന്നാല്‍ ചിലയിടങ്ങളില്‍ ഉണ്ടാകില്ല. സ്വാഭാവികമായും എവിടെയൊക്കെ വച്ചാണ് ഇയാള്‍ സിസിടിവികളില്‍ നിന്ന് മറഞ്ഞ് സഞ്ചരിച്ചത് എന്നത് സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷിച്ചു.
പ്രധാനവഴികളിലെ സിസിടിവികളില്‍ നിന്ന് ഒഴിഞ്ഞ് പ്രതി സഞ്ചരിച്ച ഊടുവഴികളിലൂടെയായി പിന്നീട് പൊലീസിന്റെ അന്വേഷണം. ഈ ഊടുവഴികളില്‍ ഉണ്ടായിരുന്ന ചില സിസിടിവികളില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതോടെ പൊലീസ് ഊടുവഴികള്‍ ചുറ്റിപ്പറ്റിയുള്ള അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























