ഇത് രണ്ടാം അങ്കം... മുഖ്യമന്ത്രിയാകാനായി ഇറങ്ങിത്തിരിച്ച ശശി തരൂര്‍ വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തലവേദനയാകുന്നു; ഭരണപക്ഷത്തിന് പിടിവള്ളി, കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാക്കി തരൂരിന്റെ പ്രശംസ

മുഖ്യമന്ത്രിയാകാനായി ഇറങ്ങിത്തിരിച്ച ശശി തരൂര്‍ ഇടയ്ക്ക് അത് ഉപേക്ഷിച്ച് ഡല്‍ഹിയില്‍ കഴിഞ്ഞു കൂടുകയായിരുന്നു. എന്നാല്‍ ഒരു ലേഖനത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാക്കിയ വിവാദത്തില്‍ തരൂര്‍ വീണ്ടും നിലപാട് കടുപ്പിച്ചു.
കേരളത്തിലെ വ്യവസായ മേഖലയിലുണ്ടായ മുന്നേറ്റം എണ്ണിപ്പറയുകയും നിക്ഷേപം ആകര്‍ഷിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിക്ക് പിന്തുണ നല്‍കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ എംപിക്കെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പ്രവര്‍ത്തക സമിതി അംഗത്വം രാജിവയ്ക്കണമെന്നതടക്കമുള്ള സമ്മര്‍ദം ശക്തമാകുമ്പോഴും വികസനാനകൂല നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തരൂര്‍.
കേരളത്തില്‍ എല്‍ഡിഎഫ് ഭരണമായതിനാല്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുകയെന്ന നയമാണ് കോണ്‍ഗ്രസിന്. ഇതില്‍നിന്ന് വ്യത്യസ്തമാണ് ശശി തരൂരിന്റെ നിലപാട്. കെ റെയിലിനെ അനുകൂലിച്ചതിന് തരൂരിനെതിരെ കെ സുധാകരനും വി ഡി സതീശനും രംഗത്തുവന്നിരുന്നു. ഏതു വിശ്വപൗരന്‍ ആണെങ്കിലും ഇരിക്കുന്നിടം കുഴിക്കരുതെന്നായിരുന്നു സുധാകരന്റെ പരിഹാസം. തരൂര്‍ അപ്പോഴും പിന്നോട്ടുപോയില്ല. ഇപ്പോള്‍, കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ആക്രമിക്കുമ്പോഴും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം.
അതേസമയം പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിന്റെ നിലപാടില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. തരൂരിനെ ഒട്ടും വിമര്‍ശിക്കാതെ വ്യവസായമന്ത്രിയുടെ അവകാശവാദങ്ങളെ മാത്രം തള്ളിപ്പറഞ്ഞുള്ള കെ പി സി സി അധ്യക്ഷന്റെ പ്രതികരണത്തോടെയാണ് ഭിന്നത രൂക്ഷമായത്. ശക്തമായ ഭാഷയില്‍ തരൂരിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനുമടക്കം രംഗത്തെത്തിയപ്പോള്‍ ചില നേതാക്കള്‍ മൗനത്തിലുമാണ്.
വ്യക്തിപരമായി അഭിപ്രായം പറയണമെങ്കില്‍ തരൂര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം രാജിവെക്കണമെന്നായിരുന്നു ഹസനടക്കമുള്ളവര്‍ പറഞ്ഞത്. മറുവശത്ത് തരൂരിന്റെ പ്രശംസ പിടിവള്ളിയാക്കി മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കള്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതും യു ഡി എഫിലെ തലവേദനയുടെ ആക്കം കൂട്ടുകയാണ്.
എ ഐ സി സി നിലപാട് തള്ളി മോദി - ട്രംപ് കൂടിക്കാഴ്ചക്ക് പ്രശംസ, പ്രതിപക്ഷ പ്രചാരണം തള്ളി കേരളത്തില്‍ വ്യവസായ നയത്തിനും പ്രശംസ. ഹൈക്കമാന്‍ഡിനെയും കെ പി സി സിയെയും ഒരുപോലെ വെട്ടിലാക്കിയിട്ടും ശശി തരൂരിനെതിരായ തുടര്‍നടപടിയില്‍ നേതൃത്വത്തിന് അവ്യക്തതയാണ്. പാര്‍ട്ടിയെ പരുങ്ങലിലാക്കിയത് പ്രവര്‍ത്തക സമിതി അംഗമായതിനാല്‍ പന്ത് ദില്ലി കോര്‍ട്ടിലെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ വാദം. അച്ചടക്കലംഘനത്തിന് വിട്ടുവീഴ്ചയില്ലാതെ സെമികേഡര്‍ പറഞ്ഞ് വാളോങ്ങുന്ന കെ പി സി സി അധ്യക്ഷന്‍ തരൂരിനോടുള്ള മൃദുസമീപനമാണ് സ്വീകരിച്ചത്.
തരൂരിനെ ഒരു വരി കുറ്റപ്പെടുത്താതെയാണ് കെ സുധാകരന്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഇന്നലെ വാര്‍ത്താകുറിപ്പ് ഇറക്കിയത്. വിമര്‍ശനം മുഴുവന്‍ തരൂര്‍ പുകഴ്ത്തിയ ഇടത് സര്‍ക്കാരിന്റെ വ്യവസായിക മേഖലയിലെ അവകാശവാദങ്ങള്‍ക്കെതിരെ മാത്രമായിരുന്നു സുധാകരന്‍ ഉന്നയിച്ചത്. കോഴിക്കടകളും പൂട്ടിപ്പോയ കടകളും ചേര്‍ത്താണ് വ്യവസായമന്ത്രിയുടെ കണക്കെന്നും പരിഹസിച്ചു. സുധാകരനെ മാറ്റണമെന്ന ആവശ്യത്തെ ശക്തമായി പ്രതിരോധിച്ചതിനുള്ള തരുരിനോടുള്ള കടപ്പാടാണോ ഇതെന്നാണ് പാര്‍ട്ടിയിലെ എതിര്‍ചേരിയുടെ ചോദ്യം.
സുധാകരന്‍ അയഞ്ഞെങ്കിലും പ്രതിപക്ഷനേതാവ് അടക്കമുള്ള ബഹൂഭൂരിപക്ഷവും തരൂര്‍ പരിധിവിട്ടെന്ന അഭിപ്രായക്കാരാണ്. പാര്‍ട്ടിയില്‍ പുതു ചേരിക്ക് ശ്രമിച്ചപ്പോള്‍ തരൂരിനെ പിന്തുണച്ച എം കെ രാഘവന്‍ അടക്കമുള്ള നേതാക്കളും പുതിയ വിവാദത്തില്‍ തരൂരിനൊപ്പമില്ലെന്നതും ശ്രദ്ധേയമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാറിന് കിട്ടിയ നമ്പര്‍ വണ്‍ വികസന പ്രചാരണായുധമായി തരൂര്‍ പ്രശംസയെന്നതാണ് ഇതിന്റെ മറുവസം. തരൂരിനെ പുകഴ്ത്താനും പ്രതിപക്ഷത്തെ കുത്താനും മത്സരിക്കുകയാണ് ഇടത് നേതാക്കള്‍. അതേസമയം മോദി - ട്രംപ് കൂടിക്കാഴ്ചയെ കുറിച്ചുള്ള തരൂര്‍ പ്രശംസയില്‍ സി പി എം ഇതുവരെയും മിണ്ടിയിട്ടുമില്ല.
https://www.facebook.com/Malayalivartha

























