ബാങ്ക് കൊള്ളയില്‍ ട്വിസ്റ്റ്... അവന്‍ ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിപ്പുണ്ടാകും; ആത്മവിശ്വാസത്തോടെ കഴിഞ്ഞ പ്രതിക്ക് തിരിച്ചടിയായത് മാറ്റാതിരുന്ന ഷൂ; നാട്ടുകാരുമായി

തൃശൂരിലെ ബാങ്ക് കൊള്ള നടത്തിയത് അന്യസംസ്ഥാനക്കാരനെത്ത് കരുതിയവര്‍ക്ക് തെറ്റി. നാട്ടില്‍ ആഡംബര ജീവിതം നയിച്ചുവന്ന റിജോയിലേക്ക് ഒരിക്കലും ആരുടെയും സംശയം നീണ്ടിരുന്നില്ല. തമാശകള്‍ പറഞ്ഞും അയല്‍ക്കാരുമായി കൂട്ടുകൂടിയും സമയം ചെലവഴിച്ചിരുന്നു. കവര്‍ച്ചയെക്കുറിച്ച് അയല്‍ക്കാര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതിലും റിജോ സജീവമായി പങ്കെടുത്തു.
കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടില്‍ നടത്തിയ കുടുംബയോഗത്തിലും പ്രതി ഇതേ കുറിച്ചു ചര്‍ച്ച നടത്തി. 'അവന്‍ ഏതെങ്കിലും കാട്ടില്‍ ഒളിച്ചിരിപ്പുണ്ടാകും' എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള പ്രതികരണം. പ്രതിക്കു വേണ്ടി പൊലീസ് നാടാകെ പരക്കം പായുമ്പോള്‍ അതിന്റെ വാര്‍ത്തകള്‍ വീട്ടിലിരുന്നു മൊബൈല്‍ ഫോണില്‍ കാണുകയായിരുന്നു റിജോ ആന്റണി.
ചെറിയ തെളിവുകള്‍ പോലും ശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചയില്‍ താന്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് അത്രയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. മങ്കിക്യാപ്പും അതിനു മുകളില്‍ വച്ച ഹെല്‍മറ്റും തന്റെ മുഖം കൃത്യമായി മറയ്ക്കും എന്ന് കരുതി. ഇടയ്ക്ക് വഴിയില്‍ വസ്ത്രങ്ങള്‍ മാറുമ്പോള്‍ പോലും ഹെല്‍മറ്റ് മാറ്റിയില്ല. ബാങ്കില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലേക്ക് ഉള്‍ റോഡുകളിലൂടെ മാറി മാറിയാണ് സഞ്ചരിച്ചത്. ഗ്ലൗസ് ധരിച്ചിരുന്നതിനാല്‍ വിരലടയാളം ലഭിക്കില്ലെന്നും വിശ്വസിച്ചു.
യാത്രയ്ക്കു മുന്‍പ് നീക്കം ചെയ്ത സ്‌കൂട്ടറിന്റെ കണ്ണാടി ഇടയ്ക്ക് തിരികെ പിടിപ്പിച്ചും ആശയകുഴപ്പമുണ്ടാക്കാന്‍ നോക്കി. ഡിവൈഎസ്പിമാരായ കെ.സുമേഷ്, വി.കെ.രാജു, ചാലക്കുടി ഇന്‍സ്‌പെക്ടര്‍ എം.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇന്നലെ ആശാരിപ്പാറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും.
തുമ്പുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ച എന്ന ആത്മവിശ്വാസത്തോടെ കഴിഞ്ഞ പ്രതിക്ക് തിരിച്ചടിയായത് മാറ്റാതിരുന്ന ഷൂ. ഷൂവിന്റെ അടിയിലെ നിറമാണ് ആളെ തിരിച്ചറിയുന്നതില്‍ പ്രധാന വഴിത്തിരിവായത്. അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.
കൃത്യംനടത്തിയ ശേഷം മടക്കയാത്രയ്ക്കിടെ വസ്ത്രങ്ങള്‍ മാറിയും സ്‌കൂട്ടറിന്റെ കണ്ണാടി മാറ്റിയും ആശയക്കുഴപ്പമുണ്ടാക്കുന്നതില്‍ പ്രതി വിജയിച്ചെങ്കിലും മാറ്റമില്ലാതെ തുടര്‍ന്ന ഷൂ പൊലീസിന്റെ കണ്ണില്‍ പതിഞ്ഞു.
വീടു നിര്‍മിച്ചതിന്റെ ബാധ്യത തീര്‍ക്കാനായിരുന്നു മോഷണമെന്നു പറഞ്ഞ പ്രതി പിന്നീടിതു മാറ്റിപ്പറഞ്ഞു. നന്നായി മദ്യപിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു. മോഷണം നടത്തി മടങ്ങുന്നതിനിടെ മോഷ്ടിച്ച പണത്തില്‍ നിന്ന് കുറച്ചെടുത്ത് ഒരു ലീറ്റര്‍ മദ്യം വാങ്ങിയാണ് വീട്ടിലെത്തിയത്.
മോഷ്ടിച്ച പണത്തില്‍ നിന്ന് 2.9 ലക്ഷം രൂപയുടെ കടം വീട്ടിയതായി പ്രതി പൊലീസിനോടു പറഞ്ഞു. പണം കിട്ടിയയാള്‍, അറസ്റ്റ് വാര്‍ത്തയറിഞ്ഞ് പണം ഡിവൈഎസ്പി ഓഫിസിലെത്തി കൈമാറി.
10 ലക്ഷം രൂപ ബണ്ടില്‍ പൊട്ടിക്കാതെ സൂക്ഷിച്ചിരുന്നതു പൊലീസ് കണ്ടെടുത്തതായാണു സൂചന. ബാങ്ക് ജീവനക്കാരെ വിരട്ടാന്‍ ഉപയോഗിച്ച കറിക്കത്തി വിദേശത്തു നിന്ന് കൊണ്ടു വന്നതാണെന്നു പ്രതി പറഞ്ഞു.
മോഷണ മുതലില്‍നിന്ന് 2.94 ലക്ഷം രൂപ റിജോ ആന്റണി നല്‍കിയത് സഹപാഠിക്ക്. അന്നനാട് സ്വദേശിയായ ഇയാളില്‍നിന്നു കടം വാങ്ങിയ പണമാണ് റിജോ തിരികെ നല്‍കിയതെന്നാണ് വിവരം. റിജോയെ പൊലീസ് പിടിച്ചതു കണ്ട് ഞെട്ടിയ സഹപാഠി പണവുമായി പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു. ഇയാള്‍ സ്റ്റേഷനിലെത്തി പൊലീസിനു പണം തിരികെ നല്‍കി. മോഷണ മുതലാണ് റിജോ തനിക്ക് തന്നതെന്ന് സഹപാഠിക്ക് അറിയില്ലായിരുന്നു.
റിജോ പറയുന്ന പല കാര്യങ്ങളിലും വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണം ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും വ്യാപിപ്പിക്കുമെന്ന് പ്രതി കരുതിയിരുന്നില്ല. ആ ധൈര്യത്തിലാണ് ഇയാള്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയത്. പ്രതിയുടെ ചിന്ത ഈ വഴിക്കായിക്കുമെന്ന് കരുതിത്തന്നെയാണ് പൊലീസ് സംഘം അന്വേഷണം മുന്നോട്ട് നയിച്ചത്. ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലുമുള്ള മിക്ക ഊടുവഴികളിലും ഉള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. മാത്രമല്ല, മോഷണത്തിനായി ഇയാള്‍ ബാങ്കിലേക്ക് എത്തിയ വഴികളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
പ്രധാനവഴികളിലെ സിസിടിവികളില്‍ നിന്ന് ഒഴിഞ്ഞ് പ്രതി സഞ്ചരിച്ച ഊടുവഴികളിലൂടെയായി പിന്നീട് പൊലീസിന്റെ അന്വേഷണം. ഈ ഊടുവഴികളില്‍ ഉണ്ടായിരുന്ന ചില സിസിടിവികളില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതോടെ പൊലീസ് ഊടുവഴികള്‍ ചുറ്റിപ്പറ്റിയുള്ള അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. അതോടെ പിടി വീണു.
"
https://www.facebook.com/Malayalivartha

























