ഒന്ന് ഒച്ച വച്ചിരുന്നെങ്കില്‍ പിന്മാറിയേനെയെന്ന് റിജോ: പോട്ട ഫെഡറല്‍ ബാങ്ക് മാനേജര്‍ മരമണ്ടനെന്നു പിടിയിലായ പ്രതി റിജോ ആന്റണി

പോട്ട ഫെഡറല്‍ ബാങ്ക് മാനേജര്‍ മരമണ്ടനെന്നു പിടിയിലായ പ്രതി റിജോ ആന്റണി. ''കത്തി കാണിച്ച ഉടനെ ബാങ്ക് മാനേജര്‍ മാറിത്തന്നു. മാനേജര്‍ ഉള്‍പ്പെടെയുള്ള 2 ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍നിന്നു പിന്മാറിയേനെ'' - പ്രതി പൊലീസിനോട് പറഞ്ഞു. ബാങ്കില്‍നിന്നു മോഷ്ടിച്ച പണം പ്രതിയുടെ വീട്ടില്‍നിന്നു കണ്ടെടുത്തു. 15 ലക്ഷത്തിലെ 12 ലക്ഷം രൂപയാണു കിടപ്പുമുറിയിലെ ഷെല്ഫില്നിന്നു പൊലീസ് കണ്ടെത്തിയത്.
പ്രതി റിജോ കടം വീട്ടിയ അന്നനാട് സ്വദേശി, 2.9 ലക്ഷം രൂപ ഇന്നലെ തന്നെ തിരികെ ഏല്‍പ്പിച്ചെങ്കിലും ഇതു പൊലീസ് സ്വീകരിച്ചിരുന്നില്ല. റിജോ അറസ്റ്റിലായത് അറിഞ്ഞാണു സുഹൃത്ത് പണം തിരികെ നല്‍കിയത്. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി രാവിലെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പൊലീസ് പണം ഇവിടെനിന്നു കണ്ടെടുത്തു.
അതേസമയം, കവര്‍ച്ച നേരത്തേ ആസൂത്രണം ചെയ്തിരുന്ന പ്രതി അനുകൂലമായ അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നിരീക്ഷണത്തിന് 4 ദിവസം മുന്‍പു പ്രതി ബാങ്കിലെത്തിയിരുന്നു. കാലാവധി കഴിഞ്ഞ എടിഎം കാര്‍ഡുമായെത്തി ഇതു ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നു ജീവനക്കാരോടു പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു. ഈ വരവിലാണു ബാങ്കില്‍ ഉച്ചസമയത്തു ജീവനക്കാര്‍ കുറവാണെന്നതു പ്രതി ഉറപ്പിച്ചത്. തുടര്‍ന്ന് സമയം അനുകൂലമാണെന്നു കണ്ടു ഈ സമയം തന്നെ മോഷണത്തിന് പ്രതി തിരഞ്ഞെടുത്തു.
ചാലക്കുടി മെയിന്‍ ശാഖയിലാണ് അക്കൗണ്ടെങ്കിലും പല കാര്യത്തിനുമായി പോട്ട ശാഖയില്‍ പലപ്പോഴും റിജോ വന്നു പോയി. ചാലക്കുടിയിലെ ആള്‍ത്തിരക്കും ഉച്ചഭക്ഷണ സമയത്തു പോലും ഇടപാടുകാര്‍ കാത്തു നില്ക്കുന്നതും കവര്‍ച്ചയ്ക്ക് അനുകൂലമല്ലാത്തതിനാല്‍ ചെറിയ ബ്രാഞ്ചുകളില്‍ കവര്‍ച്ച നടത്താനുള്ള സാധ്യതയെ കുറിച്ചു പ്രതി ചിന്തിച്ചു. കവര്‍ച്ച നടത്തിയ ശേഷം മടങ്ങിയ വഴികളിലൂടെയെല്ലാം പലവട്ടം സഞ്ചരിച്ചു തിരിച്ചു പോകാനുള്ള 'റൂട്ട് മാപ്പ്' തയാറാക്കിയായിരുന്നുവെന്നും പ്രതി കവര്‍ച്ചയ്ക്കായി മുന്നൊരുക്കം നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























