ശബരിമല സന്നിധാനത്ത് പതിനെട്ടാംപടി കയറിയെത്തുന്ന തീര്‍ഥാടകര്‍ക്ക് ഫ്‌ലൈഓവര്‍ ഒഴിവാക്കി നേരിട്ട് അയ്യപ്പദര്‍ശനം സാധ്യമാക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്

ശബരിമല സന്നിധാനത്ത് പതിനെട്ടാംപടി കയറിയെത്തുന്ന തീര്‍ഥാടകര്‍ക്ക് ഫ്‌ലൈഓവര്‍ ഒഴിവാക്കി നേരിട്ട് അയ്യപ്പദര്‍ശനം സാധ്യമാക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. മീനമാസ പൂജക്ക് നട തുറക്കുന്ന മാര്‍ച്ച് 14 മുതലുള്ള അഞ്ച് ദിവസങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുന്നതാണ്.
പതിനെട്ടാംപടി കയറിയെത്തുന്ന തീര്‍ഥാടകരെ കൊടിമരത്തിന്റെ ഇരുവശങ്ങളിലൂടെ ബലിക്കല്‍പുര വഴി നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യും. ഫ്‌ലൈഓവര്‍ വഴി കടത്തിവിടുമ്പോള്‍ നടക്കുമുന്നില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് കേവലം നാലോ അഞ്ചോ സെക്കന്‍ഡുകള്‍ മാത്രമാണ് ദര്‍ശനസൗകര്യം ലഭിച്ചിരുന്നത്. പുതിയ രീതി നടപ്പാക്കുന്നതോടെ കുറഞ്ഞത് 20 സെക്കന്‍ഡ് നേരമെങ്കിലും ദര്‍ശനം ലഭിക്കും. ഇത് 30 സെക്കന്‍ഡ് വരെ നീളാനും സാധ്യതയുണ്ട്.
തീര്‍ഥാടകരെ രണ്ടുവരിയായി കടത്തിവിടുന്നതിനായി നീളത്തില്‍ കാണിക്കവഞ്ചി സ്ഥാപിക്കും. ഇരുമുടിക്കെട്ട് ഇല്ലാതെ എത്തുന്നവരെ വടക്കേ നടവഴിയിലൂടെ ശ്രീകോവിലിന് മുന്നിലെ വരിയിലേക്ക് കടത്തിവിടും. പുതിയ സംവിധാനം നടപ്പാക്കാന്‍ തന്ത്രിയുടെയും ഹൈക്കോടതിയുടെയും അനുമതി ലഭ്യമായിട്ടുണ്ട്. മരക്കൂട്ടം വരെ വരിനീളുന്ന സാഹചര്യമോ, മറ്റ് അടിയന്തര ഘട്ടങ്ങളോ വന്നാല്‍ തിരക്ക് നിയന്ത്രിക്കാനായി ഫ്‌ലൈഓവര്‍ നിലനിര്‍ത്തുന്നതാണ്..
"
https://www.facebook.com/Malayalivartha

























