കോടഞ്ചേരി സ്കൂളിലെ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്; അലീന ബെന്നിയുടെ നിയമനം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട് കോടഞ്ചേരി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ആണ് അന്വേഷണ ചുമതല .റിപ്പോര്‍ട്ട് വന്നതിന് ശേഷം സംഭവത്തില്‍ പ്രതികരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി. അലീന ബെന്നിയുടെ നിയമനം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. താമരശ്ശേരി രൂപതയുടെ കോര്‍പറേറ്റ് മാനേജ്മെന്റിന് വീഴ്ച പറ്റിയെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറി.
കട്ടിപ്പാറ നസ്രത്ത് എല്‍പി സ്കൂളിലായിരുന്നു അലീനയ്ക്ക് ആദ്യം നിയമനം നല്‍കിയത്. എന്നാല്‍ ഈ തസ്തികയിലേക്ക് ആശ്രിത നിയമനത്തിന് അവകാശപ്പെട്ട മറ്റൊരാള്‍ വന്നതോടെ നിയമനം സ്ഥിരപ്പെടുത്താന്‍ സാധിക്കാതെ വന്നു. തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ കോടഞ്ചേരിയിലേക്ക് മാറ്റിയത്. കോടഞ്ചേരി സെന്റ്. ജോസഫ് എല്‍പി സ്കൂളിലെ നിയമനവും വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല. ഭിന്നശേഷി സംവരണമാണ് ഇവിടെ നിയമനത്തിന് പ്രശ്നമായതെന്നാണ് വിവരം.
വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റി എന്നായിരുന്നു മാനേജ്മെന്റ് ആരോപിച്ചിരുന്നത്. സ്ഥിരനിയമനത്തിനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ല എന്നുമായിരുന്നു മാനേജ്മെന്റിന്റെ വാദം. എന്നാല്‍ മാനേജ്മെന്റിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം സ്കൂള്‍ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച അലീനയുടെ കുടുംബം. 5 വര്‍ഷമായി ശമ്പളം ലഭിച്ചില്ലെന്ന് പിതാവ് ബെന്നി പറഞ്ഞു. അലീനയുടെ സംസ്കാരം ഇന്ന് നടക്കും.
മരണത്തില്‍ ഗുരുതര ആരോപണമാണ് മരിച്ച അലീനയുടെ കുടുംബം ഉന്നയിക്കുന്നത്. നാലു വര്‍ഷം കട്ടിപ്പാറ ഹോളി ഫാമിലി എല്‍ പി സ്കൂളിലും ഒരു വര്‍ഷം സെന്റ് ജോസഫ് സ്കൂളിലും ജോലി ചെയ്തു. ഒരു രൂപ പോലും ശമ്പളം ലഭിച്ചില്ല.ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്ന പിതാവിന്റെ ആരോപണം പൂര്‍ണ്ണമായും തള്ളികളയുന്ന പത്രക്കുറിപ്പാണ് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് മലബാര്‍ മേഖല കമ്മറ്റിയുടേത്.
അലീനയ്ക്ക് നല്‍കിയത് സ്ഥിരം നിയമനം ആണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിശദീകരണം തള്ളിയ ബെന്നി, മാനേജ്മെന്റിന്റെ വീഴ്ചയ്ക്ക് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും പുറത്തുവിടുമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ അലീനയെ കണ്ടെത്തിയത്. അലീന സ്കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ താമരശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























