കട്ടിപ്പാറയില്‍ ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍

കട്ടിപ്പാറയില്‍ ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിയുടെ മൃതദേഹത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍. കട്ടിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയിലായിരുന്നു അലീന ബെന്നിയുടെ സംസ്കാരം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ അംഗമായ അലീന, സഹ അധ്യാപകരുടെ സഹായം കൊണ്ടാണ് ജീവിച്ചിരുന്നതെന്നും സ്കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിച്ചിരുന്നില്ലെന്നും കുടുംബം ആരോപിച്ചു.
അതേസമയം, അലീനയുടെ ജോലി സ്ഥിരപ്പെടാതിരുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ച മൂലമാണെന്ന് താമരശേരി രൂപത കോര്‍പറേറ്റ് മാനേജ്മെന്റും വീഴ്ചയുണ്ടായത് മാനേജ്മെന്റിന്റെ ഭാഗത്താണെന്ന് വിദ്യാഭ്യാസ വകുപ്പും ആരോപിക്കുന്നു. നസ്രത്ത് എല്‍പി മുത്തോറ്റിക്കല്‍ സ്കൂളില്‍ സര്‍വീസില്‍നിന്ന് നീക്കം ചെയ്ത അധ്യാപികയ്ക്ക് പകരമാണ് 2021ല്‍ അലീനയെ നിയമിച്ചത്. തുടര്‍ന്ന് നിയമന അംഗീകാരത്തിനായി മാനേജര്‍ വിദ്യാഭ്യാസ വകുപ്പില്‍ അപേക്ഷ നല്കി. മുന്‍ അധ്യാപികയെ പുറത്താക്കിയത് നടപടിക്രമം പാലിച്ചില്ലെന്ന് അറിയിച്ച് അലീനയുടെ നിയമനത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കിയില്ല.
2024ല്‍ നസ്രത്ത് സ്കൂളിലെ നിയമന അംഗീകാരത്തിനുള്ള അപേക്ഷ പിന്‍വലിക്കുന്നതിന് സമ്മതമാണെന്ന് മാനേജരുടെ കത്ത് സഹിതം അലീന വിദ്യാഭ്യാസ വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്കൂളില്‍ ഒരു അധ്യാപകന് സ്ഥലം മാറിപ്പോയ ഒഴിവിലേക്ക് 2024 ജൂണില്‍ അലീനയെ നിയമിച്ചു. ഈ നിയമനം അംഗീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും ആവശ്യമായ രേഖകള്‍ കൂടി നല്‍കണമെന്ന് സ്കൂള്‍ മാനേജര്‍ക്കു നിര്‍ദേശം നല്കി.
രേഖകള്‍ നല്കാന് മാനേജര്‍ തയാറാകാതെ വന്നതോടെ അപേക്ഷ തിരിച്ചു നല്‍കിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനിടെ, ഭിന്നശേഷി സംവരണം സംബന്ധിച്ച ഉത്തരവുകളുടെ വ്യക്തതക്കുറവും പ്രശ്നമായി. വിദ്യാഭ്യാസ വകുപ്പാണ് വീഴ്ച വരുത്തിയതെന്നാണ് കോര്‍പറേറ്റ് മാനേജര്‍ അറിയിച്ചത്. അലീന ബെന്നിക്ക് 2021ല്‍ സ്ഥിര നിയമന അംഗീകാരത്തിനുള്ള അപേക്ഷ താമരശ്ശേരി എഇഒയില്‍ നല്കി.
എന്നാല്‍ ഭിന്നശേഷി സംവരണം അടക്കമുള്ള സാങ്കേതിക തടസ്സങ്ങള്‍ മൂലം അംഗീകാരം ലഭിച്ചില്ല. അലീനയെപ്പോലെ, സ്ഥിര നിയമനം ലഭിച്ചിട്ടും നിയമന അംഗീകാരം ലഭിക്കാതെ വര്‍ഷങ്ങളായി കഷ്ടപ്പെടുന്ന ഒട്ടേറെ അധ്യാപകര്‍ കോര്‍പറേറ്റ് മാനേജ്മെന്റിനു കീഴില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം നിയമന അംഗീകാര ഫയലുകള്‍ വിവിധ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ പരിഗണനയിലാണുള്ളതെന്നും മാനേജര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























