ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം: പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് ഹര്‍ജി തള്ളിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ, പി.സി.ജോര്‍ജ് കോടതി ഏര്‍പ്പെടുത്തിയ ജാമ്യവ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പുറപ്പെടുവിക്കരുത് എന്നതടക്കം മുന്‍പ് ജാമ്യം നല്കിയപ്പോള് ചുമത്തിയ വ്യവസ്ഥകളുടെ ലംഘനമാണ് പി.സി.ജോര്‍ജ് നടത്തിയിരിക്കുന്നത് എന്നു കേസിന്റെ വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പി.സി.ജോര്‍ജിനെപ്പോലെ ദശകങ്ങളായി പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ തങ്ങള്‍ക്കും ഇത്തരത്തില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കാമെന്നു മറ്റുള്ളവരും ധരിക്കില്ലേ എന്നും കോടതി ആരാഞ്ഞിരുന്നു.
ടെലിവിഷന്‍ ചര്‍ച്ചക്കിടെ മതവിദ്വേഷ പരാമര്‍ശം അബദ്ധത്തില്‍ പറഞ്ഞു പോയതാണ് എന്നായിരുന്നു പി.സി.ജോര്‍ജിന്റെ അഭിഭാഷകന്റെ വാദം. അപ്പോള്‍ തന്നെ മാപ്പു പറഞ്ഞെന്നും അഭിഭാഷകന് വ്യക്തമാക്കി. മുന്‍ ജാമ്യ ഉത്തരവ് ലംഘിച്ചിട്ടില്ലെന്നും പ്രസ്താവനയോ പ്രസംഗമോ നടത്തരുത് എന്നായിരുന്നു മുന്‍ ഉത്തരവില്‍ ഉണ്ടായിരുന്നത് എന്നും അഭിഭാഷകന് പറഞ്ഞു. ഇവിടെ സംഭവിച്ചത് ടെലിവിഷന്‍ ചര്‍ച്ചക്കിടെ പ്രകോപിതനായപ്പോള്‍ അബദ്ധത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞു പോയതാണ്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നായിരുന്നു വാദം.
എന്നാല്‍ പി.സി.ജോര്‍ജ് തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂഷന് വാദം. മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2022ല്‍ ഹൈക്കോടതി മറ്റൊരു വിവാദമായ കേസില്‍ ജാമ്യം നല്കിയപ്പോള് ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നു നിര്‍ദേശിച്ചിരുന്നു. അതിന്റെ നഗ്നമായ ലംഘനമാണു നടന്നിരിക്കുന്നത്. കോടതി ഉത്തരവുകള്‍ ലംഘിച്ചാലും പ്രശ്നമില്ല എന്ന തരത്തിലാണ് പി.സി.ജോര്‍ജ് പെരുമാറുന്നത് എന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. പി.സി.ജോര്‍ജ് നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവന മുഴുവനായി കോടതി കേള്‍ക്കുകയും ചെയ്തിരുന്നു.
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ഗൗരവപ്പെട്ട കാര്യം തന്നെയാണെന്നു കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ജാമ്യ വ്യവസ്ഥ ഒക്കെ ലംഘിക്കാം, കോടതി ഒന്നും ചെയ്യില്ല എന്നല്ലേ പി.സി.ജോര്‍ജിനെ കാണുന്ന ജനങ്ങള്‍ക്ക് തോന്നൂ. അവരും നാളെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയാല്‍ എന്താകും സ്ഥിതി എന്ന് കോടതി ചോദിച്ചിരുന്നു. മതവിദ്വേഷമുണ്ടാക്കുന്ന കേസുകളില്‍ പിഴകൊണ്ടു മാത്രം പ്രതികള്‍ രക്ഷപ്പെടാതെ ജയില്‍ ശിക്ഷ ഉറപ്പാക്കണമെന്നും കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിധി പറയാന്‍ മാറ്റിവച്ച കേസില്‍ കോടതി ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha

























