അച്ഛനമ്മമാര്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ചു പോയ 23 ദിവസം പ്രായമായ കുഞ്ഞിനു വനിത ശിശു വികസന വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി

അച്ഛനമ്മമാര്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ചു പോയ 23 ദിവസം പ്രായമായ കുഞ്ഞിനു വനിത ശിശു വികസന വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. ജില്ലാ ഓഫീസര്‍ ആശുപത്രി സന്ദര്‍ശിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കും. മാതാപിതാക്കള്‍ തിരിച്ചുവരുന്നെങ്കില്‍ കുഞ്ഞിനെ അവര്‍ക്കു കൈമാറും. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഇനി വേണ്ട എന്നാണെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിന് ഇനിയുള്ള ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിനു നിര്‍ദേശം നല്കി.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വറിന്റെയും രഞ്ജിതയുടെയും കുട്ടിയാണ് ഐസിയുവില്‍ ഉള്ളത്. പ്രസവത്തിനായി ഇവര്‍ നാട്ടില്‍ പോകുന്ന സമയത്തു ട്രെയിനില്‍ വച്ചു രഞ്ജിതയ്ക്ക് അസ്വസ്ഥതകളുണ്ടാകുകയും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ജനുവരി 29ന് ആശുപത്രിയില്‍ രഞ്ജിത പെണ്‍കുഞ്ഞിനു ജന്മം നല്കി. 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച. തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലെ എന്‍ഐസിയുവിലേക്കു മാറ്റി.
അമ്മ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നു. അച്ഛന് രണ്ടിടത്തും മാറി മാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അമ്മയെ 31ന് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. അന്നുവരെ മകളെ കാണാന്‍ ആശുപത്രിയിലെത്തുമായിരുന്ന അച്ഛന് പിന്നീടു വന്നില്ല. ആരോടും പറയാതെ മംഗളേശ്വറും രഞ്ജിതയും നാട്ടിലേക്കു മടങ്ങി. ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും ജാര്‍ഖണ്ഡില്‍ എത്തിയെന്ന എസ്എംഎസ് സന്ദേശം മാത്രമായിരുന്നു മറുപടി. പിന്നീട് ഫോണില്‍ കിട്ടാതെയുമായി. ഇതേത്തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പൊലീസിനെയും തുടര്‍ന്നു ശിശുക്ഷേമ സമിതിയെയും വിവരമറിയിച്ചത്.
https://www.facebook.com/Malayalivartha

























