കൈക്കൂലി കേസില്‍ അറസ്റ്റിലായ ആര് ടി ഒ ജേഴ്സണെ സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്

കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത എറണാകുളം ആര്.ടി.ഒ ടി.എം. ജേഴ്സണെ മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി
ബസ് പെര്‍മിറ്റിനായി പണവും മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ ബുധനാഴ്ചയാണ് ജേഴ്സനെ വിജിലന്‍സ് പിടികൂടിയത്. ജേഴ്സന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും വിജിലന്‍സ് കഴിഞ്ഞ ദിവസം തന്നെ പരിശോധിച്ചിരുന്നു. ഇയാള്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നലെ തന്നെ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി. കൈക്കൂലി കേസില്‍ ജേഴ്സനെ കൂടാതെ ഏജന്റുമാരായ സജി, രാമപടിയാര്‍ എന്നിവരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.ചെല്ലാനം സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലന്‍സിന്റെ നടപടി.
ചെല്ലാനം - ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുഹൃത്തിന്റെ പേരിലുളള പ്രൈവറ്റ് ബസിന്റെ റൂട്ട് പെര്‍മിറ്റ് ഈ മാസം മൂന്നാം തീയതി അവസാനിച്ചിരുന്നു. പെര്‍മിറ്റ് പരാതിക്കാരന്റെ സുഹൃത്തിന്റെ തന്നെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചു നല്‍കുന്നതിന് എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ജേഴ്സണ് ഈ മാസം ആറാം തീയതി വരെ ബസിന് താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കുകയും അതിനുശേഷം പലകാരണങ്ങള്‍ പറഞ്ഞ് മനഃപൂര്‍വം പെര്‍മിറ്റ് അനുവദിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.രാമപടിയാര്‍ പരാതിക്കാരനെ നേരില്‍ കണ്ട് പെര്‍മിറ്റ് അനുവദിക്കുന്നതിന് സജിയുടെ കൈയില്‍ കൈക്കൂലി നല്‍കണമെന്ന് ജേഴ്സണ് പറഞ്ഞതായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് പരാതിക്കാരന് വിവരം എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചത്.
https://www.facebook.com/Malayalivartha

























