കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആര്‍എസ് ഉദ്യോഗസ്ഥന്റെയും മറ്റ് കുടുംബാംഗങ്ങളുടേയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആര്‍എസ് ഉദ്യോഗസ്ഥന്റെയും മറ്റ് കുടുംബാംഗങ്ങളുടേയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെ പത്തിനാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചത്.
മക്കള്‍ ആത്മഹത്യ ചെയ്തത് അമ്മയുടെ മൃതദേഹത്തില്‍ അന്തിമ കര്‍മ്മം ചെയ്ത ശേഷമാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. കര്‍മ്മത്തിനായി പൂക്കള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ പോലീസ് കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് വൈകിട്ട് 4 മണിക്ക് കാക്കനാട് അത്താണി പൊതുശ്മശാനത്തിലാണ് മൂവരുടെയും സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. മനീഷിന്റെ സഹോദരി ശാലിനി വിജയ്ക്കെതിരായ സിബിഐ കേസ് കുടുംബത്തെ മനോവിഷമത്തിലാക്കിയിരുന്നുവെന്നാണ് നിഗമനം. ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥയായിരുന്ന മനീഷിന്റെ സഹോദരി ശാലിനി വിജയ് ജാര്‍ഖണ്ഡില്‍ സിബിഐ അന്വേഷണം നേരിട്ടിരുന്നു.
മനീഷ് രണ്ടാഴ്ചയിലേറെയായി അവധിയിലായിരുന്നു. അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടത്. സഹോദരിയുടെ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്കു പോകണം എന്നായിരുന്നു അവധിക്ക് കാരണമായി പറഞ്ഞിരുന്നത്. അവധി കഴിഞ്ഞിട്ടും മനീഷ് ഓഫിസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശേധിക്കുകയായിരുന്നു. വൈകിട്ടോടെ ക്വാര്‍ട്ടേഴ്സിലെത്തിയ സഹപ്രവര്‍ത്തകര്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ വീടിനു ചുറ്റും നടന്നു പരിശോധിച്ചപ്പോഴാണ് പിന്‍വശത്തെ മുറിയുടെ ജനല്‍ തുറന്ന് മൃതദേഹങ്ങള്‍ കണ്ടത്.
https://www.facebook.com/Malayalivartha

























